സഖ്യരൂപീകരണം: ഡല്‍ഹിയില്‍ കോണ്‍ഗ്രസ്സിന്റെ നിര്‍ണായക യോഗങ്ങള്‍
ന്യൂഡല്‍ഹി: പൊതുതെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സഖ്യരൂപീകരണം സംബന്ധിച്ച് അന്തിമരൂപം നല്‍കാന്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ്സിന്റെ നിര്‍ണായക യോഗങ്ങള്‍. തിങ്കളാഴ്ച ചേര്‍ന്ന മുഴുദിവസ യോഗത്തിനു പിന്നാലെ ചൊവ്വാഴ്ച പി.സി.സി അധ്യക്ഷന്‍മാരുടെയും സംസ്ഥാന നിയമസഭാകക്ഷി നേതാക്കളുടെയും യോഗം നടക്കുന്നുണ്ട്. നേരത്തെ രൂപീകരിച്ചിരുന്നതു പോലെ ദേശീയതലത്തില്‍ ഒരൊറ്റ സഖ്യം എന്നതിനു പകരം ദേശീയസഖ്യത്തിനൊപ്പം തന്നെ സംസ്ഥാനതലത്തില്‍ പ്രാദേശികകക്ഷികളുമായി ചേര്‍ന്നുനിന്നു പൊതുതെരഞ്ഞെടുപ്പിനെ നേരിടാനാണ് കോണ്‍ഗ്രസ് പദ്ധതി. സഖ്യം സാധ്യമാവാന്‍ വിട്ടുവീഴ്ചചെയ്യാനും കോണ്‍ഗ്രസ് തയ്യാറാവും.
അടുത്തിടെ നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തിലെ തീരുമാനപ്രകാരമാണ് തിങ്കളാഴ്ച ഡല്‍ഹി അക്ബര്‍ റോഡിലെ എ.ഐ.സി.സി ആസ്ഥാനത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ അസാന്നിധ്യത്തില്‍ യോഗം നടന്നത്. മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേല്‍, അശോക് ഗെഹ്്‌ലോട്ട് എന്നിവര്‍ക്കു പുറമെ പി.സി ചാക്കോ, കെ.സി വേണുഗോപാല്‍ തുടങ്ങിയവരും യോഗത്തില്‍ സംബന്ധിച്ചു.
പ്രാദേശികകക്ഷികള്‍ക്കു വന്‍സ്വാധീനമുള്ള ബിഹാര്‍, ഉത്തര്‍പ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര, അസാം, പശ്ചിമബംഗാള്‍, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, ജാര്‍ഖണ്ഡ് എന്നീ 10 സംസ്ഥാനങ്ങളില്‍ പ്രാദേശിക കക്ഷികളുമായി എങ്ങിനെ സഖ്യം രൂപീകരിക്കാമെന്നതായിരുന്നു പ്രധാന അജണ്ട. ഇതുതന്നെ ഓരോ സംസ്ഥാനങ്ങളും വേര്‍തിരിച്ചു അവിടത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിശദമായി പരിശോധിച്ചാണ് ചര്‍ച്ചനടന്നത്.
പത്തു സംസ്ഥാനങ്ങളെ രണ്ടായി തിരിച്ച് രാവിലെ ഒരുഘട്ടവും ഉച്ചയ്ക്കു ശേഷം രണ്ടാംഘട്ടവുമായിട്ടായിരുന്നു ചര്‍ച്ച. ഈ പത്തുസംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും യോഗത്തിനെത്തിയിരുന്നു. ഇവര്‍ അതതു സംസ്ഥാനങ്ങളിലെ ചിത്രങ്ങളും കണക്കുകളും സാധ്യതകളും രാഷ്ട്രീയ സാഹചര്യങ്ങളും അവതരിപ്പിച്ചു. തുടര്‍ന്ന് അതിന്‍മേല്‍ വിശദമായചര്‍ച്ചകളും നടന്നു. ഈ സംസ്ഥാനങ്ങളിലെ ബി.ജെ.പിവിരുദ്ധ പ്രാദേശികകക്ഷി നേതാക്കളെയും യോഗത്തിലേക്കു ക്ഷണിച്ചിരുന്നു. ഇവരുടെകൂടി സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച.
ദേശീയതലത്തില്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ രൂപപ്പെട്ടുവരുമെന്നു കരുതുന്ന ബി.ജെ.പി വിരുദ്ധ സഖ്യത്തിലെ പ്രബലകക്ഷിയായ ബി.എസ്.പി പ്രാദേശികതലത്തില്‍ മറ്റുകക്ഷികളുമായി ചര്‍ച്ചതുടങ്ങിയ സാഹചര്യം യോഗത്തില്‍ പ്രതിഫലിച്ചു. അജിത് ജോഗിയുടെ ജനതാ കോണ്‍ഗ്രസുമായുള്ള ബി.എസ്.പിയുടെ സഖ്യരൂപീകരണം കോണ്‍ഗ്രസ്സിനെ ഞെട്ടിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്സിന് ഏറെ പ്രതീക്ഷയുള്ള മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ 22 സീറ്റുകളുമായി ബി.എസ്.പി മല്‍സരിക്കാനിരിക്കുകയാണ്. ഇതിനു പുറമെ സംസ്ഥാനത്തെ സഖ്യസാധ്യത ചര്‍ച്ചചെയ്യാന്‍ ഈ മാസം 28ന് ബി.ജെ.പി വിരുദ്ധ കക്ഷികള്‍ യോഗംചേരാനിരിക്കുകയുമാണ്. നിയമസഭാ തെരഞ്ഞെടുപ്പിലെ സഖ്യപരീക്ഷണം പൊതുതെരഞ്ഞെടുപ്പിലും തുടരാമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ് യോഗം വിളിച്ചത്.
ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ നേതാക്കള്‍ രാഹുലിനെ ധരിപ്പിക്കും. തിങ്കളാഴ്ചത്തെ ചര്‍ച്ചയുടെ അവലോകനവും ചൊവ്വാഴ്ച നടക്കുന്ന കോണ്‍ഗ്രസ്സിന്റെ മുഴുവന്‍ സംസ്ഥാന അധ്യക്ഷരും പങ്കെടുക്കുന്ന യോഗത്തില്‍ ഉണ്ടാവും. യോഗത്തില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ കേരളത്തില്‍ നിന്നു പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."