മള്‍ട്ടി കാംപസ് സമ്പ്രദായം നിര്‍ത്തലാക്കും: മന്ത്രി ജലീല്‍
തിരൂര്‍: സംസ്ഥാന സര്‍ക്കാരിന് അധിക ബാധ്യതയാകുന്ന മള്‍ട്ടി കാംപസ് സമ്പ്രദായം നിര്‍ത്തലാക്കുമെന്ന് മന്ത്രി ഡോ. കെ.ടി ജലീല്‍. പ്രളയാനന്തര കേരളത്തില്‍ കൂടുതല്‍ സാമ്പത്തിക ചെലവുണ്ടാക്കുന്ന സംവിധാനങ്ങളെല്ലാം അവസാനിപ്പിക്കാനാണ് തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി.
മലയാള സര്‍വകലാശാലയുടെ നാലാമത് ബിരുദദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മള്‍ട്ടി കാംപസ് സംവിധാനം നിലനിര്‍ത്തുന്നതിന് പിന്നില്‍ ഏതാനും അധ്യാപകരുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു. നൂതന കോഴ്‌സുകള്‍ക്കായി മലയാളി വിദ്യാര്‍ഥികള്‍ അന്യസംസ്ഥാനങ്ങളിലേക്ക് പോകുന്നത് ഇല്ലാതാക്കാന്‍ കേരളത്തില്‍ സ്വാശ്രയ രീതിയില്‍ നൂതന കോഴ്‌സുകള്‍ തുടങ്ങും. ഇക്കാര്യം സര്‍ക്കാറിന്റെ സജീവ പരിഗണനയിലുണ്ട്. സംസ്ഥാനത്തെ സര്‍വകലാശാലകളില്‍നിന്ന് തുല്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സാങ്കേതിക തടസങ്ങളില്ലാതെ അനുവദിക്കുന്നതിന് മാനദണ്ഡം ഏകീകരിക്കണം. ഒരൊറ്റ ചാന്‍സലര്‍ക്ക് കീഴിലുള്ള കേരളത്തിലെ സര്‍വകലാശാലകളിലെ കോഴ്‌സുകള്‍ തുല്യമാണെന്ന് തീരുമാനിക്കപ്പെടേണ്ട സാഹചര്യമുണ്ടായാല്‍ വിദ്യാര്‍ഥികളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കപ്പെടും. സര്‍വകലാശാലകളില്‍ ഓരോ കോഴ്‌സിനും പ്രത്യേകം തുല്യതാ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെടുന്നത് വിദ്യാര്‍ഥികള്‍ക്ക് വളരെയേറെ പ്രയാസങ്ങളുണ്ടാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര സര്‍വകലാശാലകളില്‍നിന്നും അംഗീകൃത സര്‍വകലാശാലകളില്‍നിന്നും കോഴ്‌സ് കഴിഞ്ഞവര്‍ക്കും കേരളത്തില്‍ തുടര്‍ പഠനത്തിനോ ജോലിക്കോ തുല്യതാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത് ഗുണകരമല്ല. മലയാള സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് പുനഃസംഘടിപ്പിക്കുന്നത് വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."