കാന്‍സര്‍; പ്രതിരോധവും ഭക്ഷണവും
സ്തനാര്‍ബുദ രോഗത്തെക്കുറിച്ചുള്ള അവബോധം ജനങ്ങള്‍ക്ക് നല്‍കാനും പ്രാരംഭ ഘട്ടത്തില്‍തന്നെ രോഗം കണ്ടെത്തുന്നതിനും രോഗികള്‍ക്ക് ശരിയായ ചികിത്സയും പരിചരണവും വഴി പിന്തുണ നല്‍കുന്നതിനും വേണ്ടിയുള്ള ബോധവല്‍ക്കരണം അത്യന്താപേക്ഷിതമാണ്. 'പിങ്ക് റിബണ്‍' സ്തനാര്‍ബുദ രോഗ ചിഹ്നമായി കണക്കാക്കുന്നു.
സ്തനാര്‍ബുദ രോഗത്തിന്റെ കാരണങ്ങള്‍ എന്തെല്ലാമാണെന്നത് ഇപ്പോഴും ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ ആരംഭത്തിലേയുള്ള രോഗ നിര്‍ണയം കാന്‍സര്‍ ചികിത്സയിലെ നാഴികക്കല്ലാണ്. ഇങ്ങനെ നേരത്തെ കണ്ടുപിടിക്കുന്ന കാന്‍സറുകള്‍ വേഗത്തില്‍ ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുന്നു. സ്തനാര്‍ബുദ രോഗ നിര്‍ണയം പല രീതിയില്‍ സാധ്യമാണ്. സ്വയം പരിശോധന വഴിയും, മാമ്മോഗ്രാം, ബയോപ്‌സി എന്നിവ വഴിയെല്ലാം ഇത് സാധ്യമാകുന്നു. 40 വയസ് കഴിഞ്ഞ എല്ലാ സ്ത്രീകളും വര്‍ഷത്തില്‍ ഒരിക്കലെങ്കിലും മാമ്മോഗ്രാം ടെസ്റ്റ് ചെയ്യണം.
സ്തനാര്‍ബുദം മാത്രമല്ല, ഏതുതരം കാന്‍സര്‍ രോഗത്തിനും ആരോഗ്യകരമായ ഭക്ഷണശീലം സ്വീകരിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഘടകങ്ങളില്‍ ഒന്നാണ്. ഇതിനൊപ്പം തന്നെ ചിട്ടയായ വ്യായാമവും മാനസികാരോഗ്യവും എല്ലാ കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കും ഏറെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന കാന്‍സര്‍ കേസുകളില്‍ 30-35 ശതമാനത്തിനും കാരണം ശരിയായ ഭക്ഷണ രീതി സ്വീകരിക്കാത്തതാണ് എന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. എന്നാല്‍ ഒരു പ്രത്യേക ഭക്ഷണം കാന്‍സറിന് കാരണമാകുന്നില്ല. മറിച്ച്, ജീവിത രീതികളും സാഹചര്യങ്ങളും കാന്‍സര്‍ ബാധയെ സ്വാധീനിക്കുന്നു.
ഉദാ: പുകവലി, മദ്യപാനം, അമിതവണ്ണം, വ്യായാമക്കുറവ്, മാനസികാരോഗ്യം, പാരമ്പര്യം എന്നിവ.
എന്തുകൊണ്ട് പച്ചക്കറി, പഴങ്ങള്‍?
പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ കാന്‍സറിനെതിരേ പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവയാണ്. കാബേജ്, കോളിഫ്‌ളവര്‍, ബ്രോക്കോളി എന്നിവയിലെ ആന്റീ ഓക്‌സിഡന്റുകളുടെ കാന്‍സര്‍ പ്രതിരോധ ശേഷി പഠനങ്ങളില്‍ തെളിയിക്കപ്പെട്ടതാണ്. ഓറഞ്ച്, മുസമ്പി, നാരങ്ങ, തക്കാളി, പേരയ്ക്ക എന്നീ വൈറ്റമിന്‍ സി യാല്‍ സമ്പുഷ്ടമായ പഴങ്ങള്‍ക്ക് കാന്‍സര്‍ പ്രതിരോധത്തിന് കഴിവുണ്ട്. ചുരുക്കത്തില്‍ എല്ലാ നിറങ്ങളിലുമുള്ള പച്ചക്കറികളും പഴങ്ങളും ധാന്യങ്ങളും അടങ്ങിയ 'റെയിന്‍ബോ ഡയറ്റ്' ആണ് കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സാ വേളയിലും ഉത്തമം.
വേണം ശ്രദ്ധയോടെയുള്ള പാചകരീതി
കൊഴുപ്പിന്റെയും പ്രിസര്‍വേറ്റുകളുടെയും അജിനോമോട്ടോയുടെയും അമിത ഉപയോഗം ശരീരത്തിലെ ഹോര്‍മോണിന്റെ അമിത ഉല്‍പാദനത്തിന് കാരണമാകുന്നു.
കൂടാതെ വറുത്തതും പൊരിച്ചതുമായ നോണ്‍ വെജ് ഭക്ഷണവും മൃഗക്കൊഴുപ്പും രാസവസ്തുക്കളും അടങ്ങിയ ബേക്കറി പലഹാരങ്ങളും പലതരം കളറുകളും അഡിറ്റീവുകളും ചേര്‍ന്ന പായ്ക്കറ്റ് ഫുഡുകള്‍ എന്നിവയൊക്കെ ഉപയോഗിക്കുന്നത് കാന്‍സറിനെ ക്ഷണിച്ച് വരുത്തുന്നതിന് തുല്യമാണ്. മാംസാഹാരം, റെഡ് മീറ്റ് എറ്റിവയുടെ അമിതോപയോഗം കുടല്‍ കാന്‍സറിന് കാരണമായേക്കാം.
സസ്യാഹാരം കാന്‍സര്‍ പ്രതിരോധത്തിന്
കാന്‍സര്‍ പ്രതിരോധത്തിന് എപ്പോഴും മുന്‍തൂക്കം നല്‍കുന്ന ഭക്ഷണം സസ്യാഹാരം തന്നെയാണ്. കാരണം സസ്യാഹാരത്തില്‍ മാത്രം കാണപ്പെടുന്ന നാരുകള്‍, കുടലില്‍ നിന്ന് ആഹാരമാലിന്യങ്ങളെ വേഗത്തില്‍ ശരീരത്തില്‍ നിന്ന് പുറത്ത് തള്ളാന്‍ സഹായിക്കുന്നു. പച്ചക്കറികളിലും പഴങ്ങളിലും അടങ്ങിയിരിക്കുന്ന വൈറ്റമിനുകള്‍ രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഉപകരിക്കുന്നു. അതുകൊണ്ടുതന്നെ സസ്യാഹാരം കാന്‍സറിനെ പ്രതിരോധിക്കാന്‍ ഏറെ സഹായിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."