ഹാജിമാരെ സ്വീകരിക്കാനും സേവിക്കാനും ഒരുങ്ങി മലയാളി സന്നദ്ധ സേവക സംഘങ്ങള്‍
മക്ക മദീന: ഹജ്ജിനെത്തുന്ന മലയാളികളടക്കമുള്ള ഇന്ത്യക്കാരെ സ്വീകരിക്കാനും സേവിക്കാനുമായി മക്കയിലും പ്രവാചക നഗരിയിലും മലയാളി ഹജ്ജ് സേവക സംഘങ്ങള്‍ സജീവമാകുന്നു.
ഈ മാസം നാല് മുതല്‍ ഇവിടെയെത്തുന്ന ഇന്ത്യക്കാര്‍ക്ക് മുഴുസമയ സേവന നിരതരാകാന്‍ കര്‍മപദ്ധതികളുമായി മക്കയിലെയും മദീനയിലെയും വിവിധ മലയാളി സംഘടനകള്‍ ബൃഹത്തായ പദ്ധതികളാണ് ഒരുക്കിയിരിക്കുന്നത്.
മക്കയില്‍ സമസ്ത ഇസ്‌ലാമിക് സെന്ററിന് കീഴില്‍ വിഖായക്കു പുറമെ കെ. എം.സി.സി ഹജ്ജ് സേവക സംഘങ്ങളടക്കം വിവിധ സംഘടനകള്‍ സജീവമായി രംഗത്തുണ്ടാകും. ഇന്ത്യന്‍ ഹാജിമാര്‍ ഇറങ്ങുന്ന ജൂലൈ നാല് മുതല്‍ വിഖായ വളണ്ടിയര്‍ സേവനം വിവിധ മേഖലകളില്‍ ലഭ്യമാകും.
ഹാജിമാര്‍ക്കുള്ള സേവനങ്ങള്‍ നല്‍കുന്നതിന് വേണ്ട വിഖായ കര്‍മ പദ്ധതികള്‍ അവസാന ഘട്ടത്തിലാണ്. ജിദ്ദയിലും മദീനയിലും ഇന്ത്യന്‍ ഹാജിമാര്‍ വന്നിറങ്ങുന്ന ജൂലൈ നാല് മുതല്‍ ജിദ്ദ, മക്ക, മദീന എന്നിവിടങ്ങളില്‍ വളണ്ടിയര്‍മാരുടെ സേവനങ്ങള്‍ ലഭ്യമാകുമെന്നും കെ.എം.സി.സി ഹജ്ജ് വളണ്ടിയര്‍ ജനറല്‍ കണ്‍വീനര്‍ മുജീബ് പൂക്കോട്ടൂര്‍ പറഞ്ഞു.
ഇന്ത്യന്‍ ഹാജിമാര്‍ക്കും പ്രത്യേകിച്ച് മലയാളി ഹാജിമാര്‍ക്കും പ്രഥമ പരിഗണന നല്‍കിയാണ് ഈ വര്‍ഷവും പ്രവാചക പള്ളിയും പരിസരവും കേന്ദ്രീകരിച്ചും മക്ക കേന്ദ്രീകരിച്ചും വളണ്ടിയര്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുക.
വഴി തെറ്റിയ ഹാജിമാരെ കൃത്യ കേന്ദ്രങ്ങളില്‍ എത്തിക്കുക. മെഡിക്കല്‍ ആവശ്യമുള്ളവര്‍ക്ക് യഥാസമയം സഹായം നല്‍കുക തുടങ്ങിയവയാണ് സംഘം ചെയ്യുക.
ജോലികള്‍ക്കിടയിലും മറ്റും ലഭിക്കുന്ന ഒഴിവു സമയങ്ങള്‍ ഉപയോഗപ്പെടുത്തി മലയാളി യുവാക്കള്‍ ചെയ്യുന്ന സേവനം ഏവര്‍ക്കും മാതൃകാപരമാണ്. ഇത്തവണ മക്കയില്‍ സംഘടിപ്പിച്ച കെ.എം.സി.സി വളണ്ടിയര്‍ സംഗമം യൂത്ത് ലീഗ് നാഷനല്‍ കമ്മിറ്റി ഉപാധ്യക്ഷന്‍ അഡ്വ. ഫൈസല്‍ ബാബു ഉദ്ഘാടനം ചെയ്തു. ഡോ. സുലൈമാന്‍ മേല്‍പത്തൂര്‍ മുഖ്യ പ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."