താല്‍ക്കാലിക കെട്ടിടത്തില്‍ പരിമിതികളേറെ
കോഴിക്കോട്: അടച്ചുപൂട്ടിയ മലാപ്പറമ്പ് സ്‌കൂള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ സ്റ്റേഷനിലെ എന്‍ജിനീയേഴ്‌സ് ഹാളിലെ താല്‍ക്കാലിക സ്‌കൂള്‍ കെട്ടിടത്തില്‍ അസൗകര്യങ്ങളേറെ. ബെഞ്ചോ മേശയോ ഇല്ലാതെയാണു കുട്ടികള്‍ പഠിക്കുന്നത്. മടിയില്‍ വച്ചാണു കുട്ടികള്‍ വായിക്കുന്നതും എഴുതുന്നതുമെല്ലാം. കുനിഞ്ഞിരുന്ന് എഴുതേണ്ടി വരുന്നതു കുട്ടികള്‍ക്കു ശാരീരിക അസ്വസ്ഥതകളുമുണ്ടാക്കുന്നുണ്ട്.
എന്‍ജിനീയേഴ്‌സ് ഹാളിന്റെ പൊതു ടോയ്‌ലെറ്റാണു വിദ്യാര്‍ഥികളും ഉപയോഗിക്കുന്നത്. ഇവിടെ എപ്പോഴും അപരിചിതരുണ്ടാകുന്നതിനാല്‍ കുട്ടികള്‍ക്കൊപ്പം അധ്യാപകരും കൂടെ പോകേണ്ട അവസ്ഥയാണ്. സിവില്‍ സ്റ്റേഷനടുത്തുള്ള 'സ്‌മൈല്‍' എന്ന സ്ഥാപനത്തിന്റെ കെട്ടിടത്തില്‍ നിന്നാണു കുട്ടികള്‍ക്കുള്ള ഭക്ഷണം തയാറാക്കുന്നത്. ഇവിടെ നിന്നു ഭക്ഷണം തയാറാക്കി വാഹനത്തില്‍ സ്‌കൂളിലെത്തിക്കുന്നതും വലിയ പ്രയാസവും അധികച്ചെലവും സൃഷ്ടിക്കുന്നുണ്ട്.
പഴയ സ്‌കൂളിലുണ്ടായിരുന്ന വസ്തുക്കളെല്ലാം അധ്യാപകര്‍ സ്വന്തം കൈയില്‍ നിന്നു പണമെടുത്തു വാങ്ങിയതാണ്. എന്നാല്‍ സ്‌കൂള്‍ അടച്ചുപൂട്ടിയതിനാല്‍ ഇവയൊന്നും എടുക്കാന്‍ കഴിഞ്ഞില്ല. അത്യാവശ്യം വേണ്ട പുസ്തകങ്ങള്‍ മാത്രമാണ് അധ്യാപകരുടെ കൈയിലുള്ളത്.
അവയെടുക്കാന്‍ തിരിച്ച് സ്‌കൂളില്‍ പോകണമെങ്കില്‍ ചേവായൂര്‍ എസ്.ഐയുടെ പെര്‍മിഷനും മറ്റും വേണമെന്നും അത്തരം പൊല്ലാപ്പുകള്‍ക്കു നില്‍ക്കാനാകാത്തതിനാല്‍ അവശ്യസാധനങ്ങളെല്ലാം പഴയ സ്‌കൂളില്‍ തന്നെ കിടന്നു പൊടിപിടിക്കുകയാണെന്നും അധ്യാപകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."