ആറ്റുമീനുകള്‍ക്ക് അഴുകല്‍ രോഗം; ആശങ്കയിലായി തൊഴിലാളികള്‍
ഹരിപ്പാട്: ആറ്റു മീനുകള്‍ക്ക് അഴുകല്‍ രോഗം. കുട്ടനാടന്‍ മേഖലയിലെ ആറ്റുമീനുകള്‍ക്കാണ് അഴുകല്‍ രോഗം വ്യാപകമായിട്ടുള്ളത്. പമ്പ, അച്ചന്‍കോവില്‍, മണിമല എന്നീആറുകളാണ് ഈ മേഖലയിലൂടെ ഒഴുകുന്നത്.
മൂന്ന് പതിറ്റാണ്ട് മുമ്പ് ആറ്റുമീനുകള്‍ക്ക് ഇതേരീതിയിലുള്ള രോഗങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും വട്ടാന്‍, കരട്ടി, എന്നീമീനുകള്‍ക്ക് വംശനാശംസംഭവിച്ചെന്നും ഈ മേഖലയില്‍ ഉപജീവനമാര്‍ഗം കണ്ടെത്തുന്നവര്‍പറയുന്നു. ആറുകളിലുംതോടുകളിലുമുള്ള പരമ്പരാഗത മീനുകളിലാണ് അഴുകല്‍ രോഗം വ്യാപകമായി കണ്ടുവരുന്നത്. മീനുകളുടെവാലിന്റെയും തലയുടേയും മുകള്‍ ഭാഗത്തെ മാംസ ഭാഗങ്ങള്‍ അഴുകി വൃണമാകുന്ന അവസ്ഥയാണ്. ഇവമയങ്ങിയ അവസ്ഥയില്‍ കാണപ്പെടുകയും ദിവസങ്ങള്‍ക്കകം ചത്ത് പൊന്തുകയുമാണ് ചെയ്യുന്നത്.
ജലാശയങ്ങളില്‍ സാധാരണ കാണപ്പെടുന്ന വരാല്‍ , മുഷി ,വാഹ, പരല്‍, കാരി ഉള്‍പ്പടെയുള്ള മീനുകളെ രോഗാവസ്ഥയില്‍ കാണുമ്പോള്‍ വളര്‍ത്തു മീനുകളായ കട്‌ല, രോഹു, മൃഗാല്‍, ഗ്രാസ് കാര്‍പ്പ്, റെഡ് ബല്ലി തുടങ്ങിയ മീനുകളിലൊന്നുംരോഗാവസ്ഥ അനുഭവപ്പെടുന്നില്ല. എപ്പിസോറ്റിക് അള്‍സറേറ്റീവ് സിന്‍ഡ്രോം എന്ന രോഗമാണെന്നാണ് ഫിഷറീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ജലാശയങ്ങളില്‍ ജലത്തിന്റെ അളവ് ക്രമാതീതമായി കുറയുന്ന വേളകളിലാണ് രോഗാവസ്ഥ കൂടുതലായി കണ്ടുവരുന്നത്. പാടശേഖരങ്ങളില്‍നിന്നും പുറം തള്ളുന്ന വിഷാംശം നിറഞ്ഞ വെള്ളവും, ഹൗസ് ബോട്ടുകളില്‍ നിന്നുള്ള മലിനജലവും രോഗത്തിന്റെ ആക്കം കൂട്ടുന്നഘടകങ്ങളാണ്. വളര്‍ത്തു മീനുകളില്‍ ആവശ്യമായ തീറ്റ നല്‍കുകയും മലിനജലം നീക്കം ചെയ്ത് ശുദ്ധജലം എത്തിക്കുകയും ചെയ്യുന്നത് സാധാരണമാണ്.
അതിനാലാണോ വളര്‍ത്തു മീനുകളില്‍ രോഗാവസ്ഥ അനുഭവപ്പെടാത്തത് എന്ന സംശയം ഉള്‍നാടന്‍ മത്സ്യതൊഴിലാളികള്‍ക്കിടയിലുണ്ട്. പാടശേഖരങ്ങളിലെ വിഷലിപ്തമായ ജലം ആറുകളിലേക്കെത്തുന്നതാകാം നദികളിലെ മത്സ്യസമ്പത്തിന് നാശം സംഭവിക്കുന്ന തരത്തിലുള്ള രോഗാസ്ഥയ്ക്ക് കാരണമെന്നും തൊഴിലാളികള്‍ പറയുന്നു.
കാവാലം, നെടുമുടി, തലവടി, കണ്ണാടി, പുളിങ്കുന്ന്, മിത്രക്കേരി, ചങ്ങംകരി, വീയപുരം, ചെറുതന, പള്ളിപ്പാട് എന്നിവിടങ്ങളില്‍ വ്യാപകമായി മീനുകളില്‍ രോഗം പടരുന്നുണ്ട്. ബന്ധപ്പെട്ടവര്‍ വേണ്ടനടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ മിക്ക മീനുകള്‍ക്കും വംശനാശം സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."