മാക്രോണ്‍ നാസികളെ പോലെയെന്ന് പാക് മന്ത്രി; പ്രതിഷേധത്തെ തുടര്‍ന്ന് ട്വീറ്റ് പിന്‍വലിച്ചു
ഇസ്‌ലാമാബാദ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ നാസികളോടുപമിച്ച പരാമര്‍ശം പിന്‍വലിച്ച് പാക് വനിതാ മന്ത്രി. ഫ്രാന്‍സിലെ മുസ്‌ലിംകളോട് മാക്രോണ്‍ നാസികളെ പോലെ പെരുമാറുന്നുവെന്ന് ട്വീറ്റിട്ട പാക് മനുഷ്യാവകാശ വകുപ്പ് മന്ത്രി ഷിറീന്‍ മസാരിയാണ് ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് തന്റെ ട്വീറ്റ് പിന്‍വലിച്ചത്. നേരത്തെ രാജ്യത്തെ മുസ്‌ലിം കുട്ടികളെ പ്രത്യേകം തിരിച്ചറിയുന്നതിനു വേണ്ടി ഐ.ഡി നമ്പറുകള്‍ നല്‍കാന്‍ ഫ്രാന്‍സ് ഒരുങ്ങുന്നുവെന്ന വാര്‍ത്ത പങ്കുവെച്ചാണ് മസാരി പ്രസിഡന്റ് മാക്രോണിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് നാസികള്‍ ജൂതന്‍മാരോട് പെരുമാറിയതു പോലെ മാക്രോണ്‍ ഫ്രാന്‍സിലെ മുസ്‌ലിംകളോട് പെരുമാറുന്നുവെന്നാണ് മസാരി ട്വീറ്റ് ചെയ്തത്. ഇത് വ്യാപക പ്രതിഷേധങ്ങള്‍ക്ക് വഴിവെക്കുകയായിരുന്നു. ഫ്രഞ്ച് വിദേശകാര്യമന്ത്രിയടക്കമുള്ളവര്‍ മസാരിയുടെ പ്രസ്താവനയ്‌ക്കെതിരേ രംഗത്തുവന്നു. തീര്‍ത്തും നിരുത്തരവാദപരമായ പോസ്റ്റ് തിരുത്തണമെന്ന് ഫ്രാന്‍സ് പാകിസ്ഥാനോട് ആവശ്യപ്പെടുകയായിരുന്നു.ഇതിനിടെ മസാരി തന്റെ ട്വീറ്റിന് അവലംബമായി പങ്കുവെച്ച വാര്‍ത്ത ബന്ധപ്പെട്ട ഓണ്‍ലൈന്‍ മാധ്യമം തിരുത്തിയതോടെ, വനിതാ മന്ത്രി അസത്യം പ്രചരിപ്പിക്കുന്നുവെന്ന് ആക്ഷേപമുയര്‍ന്നു. നേരത്തെ മുസ്‌ലിം കുട്ടികള്‍ക്ക് മാത്രമായി ഫ്രാന്‍സില്‍ ഐ.ഡി നമ്പരുകള്‍ നല്‍കുന്നുവെന്നാണ് ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ ഇത് രാജ്യത്തെ എല്ലാ കുട്ടികള്‍ക്കും നല്‍കുന്നുണ്ടെന്നാണ് ഔദ്യോഗിക സര്‍ക്കാര്‍ വാദം.വ്യാപക പ്രതിഷേധങ്ങള്‍ക്കു പിന്നാലെ തന്റെ ട്വീറ്റില്‍ തെറ്റു പറ്റിയെന്ന് കൂടി തിരിച്ചറിഞ്ഞ വനിതാ മന്ത്രി തുടര്‍ന്ന് ട്വീറ്റ് പിന്‍വലിക്കുകയായിരുന്നു. ലേഖനത്തിലെ പറഞ്ഞ കാര്യങ്ങള്‍ ബന്ധപ്പെട്ടവര്‍ തിരുത്തിയതു കൊണ്ട് താനും ട്വീറ്റ് പിന്‍വലിക്കുന്നുവെന്നാണ് മന്ത്രിയുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."