മുപ്പതിനായിരം പോട്ടെ വോട്ടേഴ്‌സ് ലിസ്റ്റില്‍ ഒരു ആയിരം റോഹിങ്ക്യകളുടെ പേരെങ്കിലും കാണിക്കാമോ; ബി.ജെ.പിയെ വെല്ലുവിളിച്ച് ഉവൈസി
ഹൈദരാബാദ്: റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തെന്ന ബി.ജെ.പി ആരോപണത്തിനെതിരെ ശക്തമായ വെല്ലുവിളിയുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. വോട്ടേഴ്‌സ് ലിസ്റ്റില്‍ 1000 റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ പേരെങ്കിലും എടുത്ത് കാണിക്കാമോ എന്നാണ് ഉവൈസി ബി.ജെ.പിയോട് ചോദിച്ചിരിക്കുന്നത്.
വോട്ടര്‍ പട്ടികയില്‍ 30,000 ത്തോളം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ പേരുകള്‍ ചേര്‍ക്കപ്പെട്ടുവെന്ന ബി.ജെ.പി നേതാവിന്റെ വാദത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
വോട്ടര്‍ പട്ടികയില്‍ 30,000 റോഹിങ്ക്യകളുടെ പേരുണ്ട് എന്ന് പറഞ്ഞിട്ട് ആഭ്യന്തര മന്ത്രി അമിത് ഷാ എന്താണ് ചെയ്യുന്നത്? അദ്ദേഹം ഉറങ്ങുകയാണോ? ഈ പറയുന്ന രീതിയില്‍ നാല്‍പതിനായിരം പേരുടെ പേരുകള്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അത് എങ്ങനെ ലിസ്റ്റ് ചെയ്യപ്പെട്ടുവെന്ന് നോക്കേണ്ടത് അദ്ദേഹത്തിന്റെ ജോലിയല്ലേ? ഇനി ബി.ജെ.പി സത്യസന്ധരാണെങ്കില്‍ അത്തരത്തിലുള്ള 1000 പേരുടെ പേരെങ്കിലും ചൊവ്വാഴ്ച വൈകുന്നേരത്തിനുള്ളില്‍ കാണിച്ച് തരണം,' ഉവൈസി പറഞ്ഞു.
ബി.ജെ.പിയുടെ ഉദ്ദേശം വിദ്വേഷം പ്രചരിപ്പിക്കാലാണെന്നും ഈ യുദ്ധം ഹൈദരാബാദും ഭാഗ്യനഗറും തമ്മിലാണെന്നും ഉവൈസി പറഞ്ഞു. ആര് വിജയിക്കുമെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
देश में अगर 30 हजार रोहिंग्या मुसलमान बसे हैं तो क्या गृह मंत्री अमित शाह सो रहे थे -@asadowaisi @aimim_national #Rohingya pic.twitter.com/Ib8EgdJ76m
— News24 (@news24tvchannel) November 24, 2020
ബി.ജെ.പിയുടെ തേജസ്വി സൂര്യയാണ് ഉവൈസിക്കെതിരെ ആരോപണമുന്നയിച്ചത്.
അസസുദ്ദീന്‍ ഉവൈസിയ്ക്ക് ചെയ്യുന്ന ഓരേ വോട്ടും ഇന്ത്യക്കെതിരാണെന്നു വരെ ആരോപിച്ചു തേജസ്വി.
'ഉവൈസിയും അദ്ദേഹത്തിന്റെ സഹോദരന്‍ അക്ബറുദ്ദിനും സാമുദായിക രാഷ്ട്രീയം കളിക്കുകയാണ്. റോഹിങ്ക്യന്‍ മുസ്‌ലിങ്ങളെ മാത്രമേ അവര്‍ അനുവദിക്കുന്നുള്ളു. മറ്റ് വികസനങ്ങള്‍ക്കൊന്നും അവര്‍ അനുവദിക്കുന്നില്ല. നിങ്ങള്‍ ഉവൈസിക്ക് വോട്ട് ചെയ്താല്‍ അദ്ദേഹം ഉത്തര്‍പ്രദേശ്, ബീഹാര്‍, മഹാരാഷ്ട്ര, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളിലെ മുസ് ലിം പ്രദേശങ്ങളില്‍ ശക്തി കാണിക്കും', തേജസ്വി പറഞ്ഞു.
ഉവൈസി ജിന്നയുടെ പുതിയ അവതാരമാണെന്നും പരാജയപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിക്ക് നല്‍കുന്ന ഓരോ വോട്ടും ഭാരതത്തിന് വേണ്ടിയുള്ളതാണ്. ഹിന്ദുത്വ രാജ്യം ശക്തമാക്കുന്നതിന് ആ വോട്ടുകള്‍ സഹായിക്കും. ഉവൈസിക്ക് നല്‍കുന്ന ഓരോ വോട്ടും ഇന്ത്യക്ക് എതിരായ വോട്ടാണെന്ന് ഓര്‍ക്കണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."