കൊണ്ടോട്ടി നഗരസഭയെ ഇനി വനിതകള്‍ നയിക്കും
കൊണ്ടോട്ടി: നഗരസഭയുടെ പുതിയ ചെയര്‍പേഴ്സണായി മുസ്ലിം ലീഗിലെ കെ.സി ഷീബയേയും വൈസ് ചെയര്‍പേഴ്സണായി കോണ്‍ഗ്രസിലെ കെ.ആയിഷാബിയേയും തെരഞ്ഞെടുത്തു. സി.പി.എമ്മിലെ കെ.മനോജ് ആയിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. മനോജിന് 10 വോട്ടും ഷീബക്ക് 29 വോട്ടും ലഭിച്ചു.
കോണ്‍ഗ്രസില്‍ നേരത്തെ മതേതര വികസന മുന്നണിയായിരുന്നപ്പോള് ദിവസങ്ങള്‍ മാത്രം ചെയര്‍പേഴ്സണായിരുന്ന കെ.ആയിഷാബിയാണ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. നഗരസഭയിലെ 18-ാം വാര്‍ഡ് വാക്കത്തെടിയില് നിന്നുള്ള കൗണ്‍സിലറായ ആയിഷാബിക്ക് 29 ഉം എല്‍.ഡി.എഫിന്റെ വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ഥിയായിരുന്ന സൗബിയക്ക് പത്ത് വോട്ടുംലഭിച്ചു.
യു.ഡി.എഫ് ഭരണ സമിതി നിലവിലുള്ള കൊണ്ടോട്ടിയില്‍ നഗരസഭാ ചെയര്മാന് കോണ്‍ഗ്രസിലെ സി.കെ നാടിക്കുട്ടി, വൈസ് ചെയര്‍പേഴ്സണ്‍ മുസ്ലിം ലീഗിലെ പാലക്കല്‍ ഷറീന എന്നിവര്‍ യു.ഡി.എഫ് ധാരണ പ്രകാരം കഴിഞ്ഞ 30ന് രാജി നല്‍കിയതോടെയാണ് പുതിയ സാരഥികളെ തെരഞ്ഞെടുത്തത്. നഗരസഭയിലെ 40 അംഗ വാര്‍ഡില്‍ മുസ്ലിം ലീഗിന് 18ഉം കോണ്‍ഗ്രസിന് ഒരു സ്വതന്ത്രന് ഉള്‍പ്പടെ 11 കൗണ്‍സിലര്‍മാരുമുണ്ട്. ഇടതുമുന്നണിക്ക് 10, എസ്.ഡി.പി.ഐക്ക് ഒരു കൗണ്സിലറുമാണുളളത്.
ചെയര്മാന് സ്ഥാനം എസ്.സി സംവരണവും വൈസ് ചെയര്‍പേഴ്സണ്‍ വനിതാ സംവരണവുമായിരുന്നു. മുസ്ലിം ലീഗില്‍ ചെയര്മാന് സ്ഥാനത്തേക്ക് എസ്.സി സംവരണത്തില്‍ പുരുഷന്മാരില്ലാത്തതിനാലാണ് നഗരസഭയിലെ 30ാം ഡിവിഷന് പാലക്കാപ്പറമ്പില്‍ നിന്നുള്ള കൗണ്‍സിലര്‍ കെ.സി ഷീബയെ തെരഞ്ഞെടുത്തത്. മുന്‍ നെടിയിരുപ്പ് പഞ്ചായത്ത് പ്രസിഡന്റാണ് കെ.സി ഷീബ. ഏക എസ്.ഡി.പി ഐ അംഗം വി.അബ്ദുല്‍ ഹക്കീം തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു. മലപ്പുറം രജിസ്ട്രര്‍ കെ.ശ്രീനിവാസന് വരണാധികാരിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."