ദുരിതാശ്വാസ ക്യാംപിലെ ഭക്ഷ്യസാധനങ്ങള്‍ കടത്തിയ സംഭവം: ഭക്ഷ്യ കിറ്റുകളുടെ വിതരണം നടന്നില്ല
നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തിലെ എരഞ്ഞിമങ്ങാട് പ്രവര്‍ത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാംപിലെ ഭക്ഷ്യവസ്തുക്കള്‍ കടത്തിയ സംഭവത്തില്‍ വിവാദം കത്തുന്നു. റവന്യു വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥനും പഞ്ചായത്ത് അധികൃതരും തമ്മില്‍ നടന്ന ഒത്തുകളിയാണ് സംഭവത്തിനു പിന്നിലെന്നാണ് ആക്ഷേപം. വിവാദത്തെ തുടര്‍ന്ന് ഇന്നലെ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യാന്‍ പി.കെ ബഷീര്‍ എം.എല്‍.എ വിസമ്മതിച്ചതോടെയാണ് പരിപാടി മാറ്റിവച്ചത്. അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. അതേസമയം സംഭവം പുറത്തുവിട്ട ഹോട്ടലുടമയെ സ്വാധീനിക്കാന്‍ പഞ്ചായത്തംഗം ശ്രമിച്ചതായും സൂചനയുണ്ട്. ഒന്നും എഴുതാതെ വാങ്ങിയ മൂന്ന് ബില്ലുകളെ കുറിച്ച് പറയരുതെന്നായിരുന്നു പഞ്ചായത്തംഗം ആവശ്യപ്പെട്ടത്.
കടകള്‍ക്ക് പണം കൊടുക്കാനുണ്ടെന്ന് കാണിച്ച് സണ്‍ഫ്‌ളവര്‍ ഓയില്‍, അരി, ബിസ്‌കറ്റുകള്‍ എന്നിവയുടെ പെട്ടി കണക്കിന് സാധനങ്ങളാണ് മറിച്ചു വില്‍പന നടത്തിയത്. അകമ്പാടത്തെ ഹോട്ടലിനാണ് 11 പെട്ടി സണ്‍ഫ്‌ളവര്‍ ഓയില്‍ നല്‍കിയിരിക്കുന്നത്. ക്യാംപില്‍ ഭക്ഷണം കൊടുത്ത വകയില്‍ അകമ്പാടത്തെ ഹോട്ടലുടമക്ക് നല്‍കാനുള്ള ബില്‍ തുകക്ക് പകരമാണ് ഭക്ഷ്യസാധനങ്ങള്‍ നല്‍കിയത്.
ട്യൂബ് ലൈറ്റുകളും ജനറേറ്ററും കസേരകളും വാടകക്ക് നല്‍കിയ സ്ഥാപനത്തിനും ചാക്ക് കണക്കിന് അരിയും പഞ്ചസാര, എണ്ണകള്‍ തുടങ്ങിയവയും നല്‍കി. അതേസമയം തുക എഴുതാത്ത ബില്ലുകളാണ് കടകളില്‍ നിന്നും റവന്യു അധികൃതര്‍ വാങ്ങിയിരിക്കുന്നത്. ക്യാംപിലെ ഏതെല്ലാം വസ്തുക്കള്‍ ഇത്തരത്തില്‍ കടത്തിയതെന്നറിവായിട്ടില്ല. ഇന്നലെ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യുമെന്ന് കണ്ട് പട്ടിക വര്‍ഗ കുടുംബങ്ങള്‍ ഉള്‍പ്പെടെ ഇവിടെ എത്തിയിരുന്നു. ഉരുള്‍പൊട്ടലുണ്ടായ ചാലിയാര്‍ പഞ്ചായത്തിലെ ചെട്ടിയംപാറ കോളനി, മലവെള്ള പാച്ചിലില്‍ വീടും പുരയിടവും നഷ്ടപ്പെട്ട മതില്‍മൂല കോളനി എന്നിവിടങ്ങളിലെ പട്ടികവര്‍ഗ കുടുംബങ്ങളാണ് ഭക്ഷ്യസാധനങ്ങള്‍ ഏറ്റുവാങ്ങാന്‍ കഴിയാതെ നിരാശരായി മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."