ഗവ. വനിതാ കോളജ് സ്‌പെഷല്‍ ഓഫിസര്‍ക്ക് എതിരേ എം.എല്‍.എയുടെ പരാതി
മലപ്പുറം: ഗവ. വനിതാ കോളജ് സ്‌പെഷല്‍ ഓഫിസറായ ഡോ. ഗീതാ നമ്പ്യാര്‍ക്കെതിരെ പി. ഉബൈദുല്ല എം.എല്‍.എ വിദ്യാഭ്യാസ മന്ത്രി കെ. രവീന്ദ്രനാഥിന് പരാതി നല്‍കി. കോളജുമായി ബന്ധപ്പെട്ട ഫയലുകള്‍ക്ക് തീര്‍പ്പുണ്ടാക്കാനോ സര്‍ക്കാറില്‍ നിന്നും വരുന്ന കത്തുകള്‍ക്ക് മറുപടി നല്‍കാനോ താല്‍പര്യം കാണിക്കാത്ത സ്‌പെഷല്‍ ഓഫിസറെ മാറ്റി കോളജിന്റെ പുരോഗതിക്കും സുഗമമായ നടത്തിപ്പിന്നും വഴിയൊരുക്കണമെന്നാവശ്യപ്പെട്ടാണ് എം.എല്‍.എ മന്ത്രിക്ക് കത്തുനല്‍കിയത്.
എം.എല്‍.എയുടെ 2015-16 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്നും മലപ്പുറം വനിതാ ഗവ. കോളജ് കെട്ടിട നിര്‍മ്മാണത്തിനായി മൂന്ന് കോടി അനുവദിച്ചിരുന്നു. ഇതിന്റെ വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ പലതവണ ആവശ്യപ്പെട്ടിട്ടും കൃത്യമായി നല്‍കാതിരിക്കുകയും ഫണ്ട് മലപ്പുറം മുണ്ടുപറമ്പിലുള്ള ഗവ. കോളജിനാണെന്ന് തെറ്റായ റിപ്പോര്‍ട്ട് നല്‍കുകയുമാണ് സ്‌പെഷല്‍ ഓഫിസര്‍ ചെയ്‌തെതന്നാണ് പരാതി.
കോളജിന് സര്‍ക്കാര്‍ അനുവദിച്ച അഞ്ചേക്കര്‍ ഭൂമി ഇതുവരെ നേരിട്ട് കാണുകപോലും ചെയ്യാത്ത സ്‌പെഷല്‍ ഓഫിസര്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കെട്ടിട നിര്‍മാണത്തിനായി അനുവദിച്ച പത്ത് കോടി രൂപയുടെ തുടര്‍ നടപടികള്‍ എന്ന നിലക്ക് സ്ഥല പരിശോധനക്കും റിപ്പോര്‍ട്ട് തയാറാക്കാനുമായി വന്ന സംഘത്തോട് സ്വീകരിച്ച നിഷേധാത്മക സമീപനവും പരാതിക്കിടയാക്കിയിരുന്നു.
കോളജ് വിദ്യാര്‍ഥികള്‍, അധ്യാപകര്‍, പി.ടി.എ പ്രതിനിധികള്‍, മലപ്പുറം ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍ പ്രതിനിധികള്‍, സ്ഥല പരിശോധനയും മറ്റും നടത്തിയ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവരില്‍ നിന്നും പലപ്പോഴായി നേരിട്ടും രേഖാമൂലവും സ്‌പെഷല്‍ ഓഫിസറുടെ കര്‍ത്തവ്യ നിര്‍വഹണത്തിലെ അപാകതകള്‍ സംബന്ധിച്ച പരാതി ലഭിച്ചിരുന്നുവെന്നും എം.എല്‍.എ വിദ്യാഭ്യാസ മന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
കഴിഞ്ഞ രണ്ടുവര്‍ഷക്കാലം കോളജ് യൂനിയന്‍ അംഗങ്ങളേയും മറ്റു വിദ്യാര്‍ഥിനികളെയും മനസികമായി പീഡിപ്പിക്കുന്നതായും കോളജില്‍ തുടര്‍ന്ന് പഠിക്കുന്നതിനുള്ള പഠനാന്തരീക്ഷം നഷ്ടപ്പെട്ടുവെന്നും ചൂണ്ടിക്കാണിച്ച് വിദ്യാര്‍ഥിനികള്‍ നല്‍കിയ പരാതിയുടെ പകര്‍പ്പും എം.എല്‍.എ മന്ത്രിക്ക് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."