കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍ ഉരസി
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ വിമാനത്തിന്റെ പിന്‍ഭാഗം റണ്‍വേയില്‍ ഉരസി. ദമാമില്‍ നിന്നും കരിപ്പൂരിലെത്തിയ എയര്‍ഇന്ത്യ എക്സ്പ്രസ് 382 വിമാനത്തിന്റെ പിന് ചിറകിനടിയിലെ ഭാഗമാണ് നിലത്തുരഞ്ഞത്. ഇന്നലെ രാവിലെ 9.15 നാണ് 180 യാത്രക്കാരുമായി വിമാനം കരിപ്പൂരിലെത്തിയത്.
പൈലറ്റ് വിമാനം സുരക്ഷിതമായി റണ്‍വേ ഏപ്രണില്‍ എത്തിച്ച് യാത്രക്കാരെ പുറത്തിറക്കി. തുടര്‍ന്ന് എന്‍ജിനീയറിങ് വിഭാഗം നടത്തിയ പരിശോധനയിലാണ് പിന് ചിറകിനടിയിലെ ടൈല്‍ ടിപ് പാര്‍ഡ് റണ്‍വേയില്‍ ഉരസിയതായി കണ്ടെത്തിയത്. സംഭവം കരിപ്പൂരില്‍ വെച്ചാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ലാന്ഡിങ്ങിനിടയിലും ടേക്ക് ഓഫിനിടയിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാമെന്നാണ് എയര്‍ ട്രാഫിക് കണ്ട്രോള് വിഭാഗം പറയുന്നത്. റണ്‍വേയില്‍ വിമാനം ഉരസി ഇറങ്ങിയാല്‍ തീയും പുകയും ഉണ്ടാകും. എന്നാല്‍ കരിപ്പൂരില്‍ ഇത്തരത്തിലൊന്നും ഉണ്ടായിട്ടില്ല. വിമാനത്തിന്റെ പവര്‍ യൂനിറ്റുകള്‍ പിറകിലാണ് ഉള്ളത്. ഉരസലിന്റ ആഘാതം ഇവക്കേറ്റിരുന്നെങ്കില് വലിയ അപകടമാണുണ്ടാവുക.
വിദഗ്ധ പരിശോധനയില്‍ വിമാനത്തിന്റെ തകരാര്‍ സാരമുള്ളതല്ലെന്ന് കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."