ആധാര്‍ തടസമാവില്ല
ന്യൂഡല്‍ഹി: സവിശേഷ തിരിച്ചറിയല്‍ രേഖയായ ആധാര്‍കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കില്ലെന്നു കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
ആധാര്‍ നിര്‍ബന്ധമാക്കിയതിനെതിരേ പാര്‍ലമെന്റില്‍ പ്രതിപക്ഷകക്ഷികളുടെ ശക്തമായ പ്രതിഷേധത്തിനിടെ കേന്ദ്ര നഗരവികസനമന്ത്രി വെങ്കയ്യ നായിഡുവാണ് രാജ്യസഭയില്‍ ഇക്കാര്യം അറിയിച്ചത്.
ആധാര്‍കാര്‍ഡ് ഇല്ലാത്തതിന്റെ പേരില്‍ സര്‍ക്കാരില്‍ നിന്നു പാവപ്പെട്ടവര്‍ക്ക് ലഭിക്കേണ്ട സേവനങ്ങളോ ആനുകൂല്യങ്ങളോ നിഷേധിക്കപ്പെടില്ലെന്നു വെങ്കയ്യനായിഡു പറഞ്ഞു. എന്നാല്‍, സുരക്ഷാ കാരണങ്ങള്‍ പരിഗണിക്കുമ്പോള്‍ ആധാര്‍കാര്‍ഡ് ആവശ്യമാണ്. ഇതു സംബന്ധിച്ച് ഉടന്‍ വ്യക്തത വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
പാചകവാതക സബ്‌സിഡി ലഭിക്കാന്‍ ആധാര്‍ ആവശ്യമാണെങ്കിലും അതിന്റെ വിതരണം പൂര്‍ത്തിയാക്കാത്ത സംസ്ഥാനങ്ങള്‍ക്ക് ഇതില്‍ ഇളവുനല്‍കുമെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനും പറഞ്ഞു.
അതേസമയം, സര്‍ക്കാരിന്റെ മറുപടിയില്‍ തൃപ്തരാകാതിരുന്ന പ്രതിപക്ഷകക്ഷികള്‍ ഒറ്റക്കെട്ടായാണ് ഇന്നലെ രാജ്യസഭയില്‍ പ്രതിഷേധിച്ചത്. പാചകവാതകം, പൊതുവിതരണം, പെന്‍ഷന്‍ എന്നിവയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതിനെതിരേ പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയാണ് ബഹളംവച്ചത്.
ഇതേതുടര്‍ന്ന് രാജ്യസഭ പലവട്ടം പിരിഞ്ഞു. ചോദ്യോത്തരവേള പൂര്‍ണമായും തടസപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസ്, ബി.ജെ.ഡി, സമാജ്‌വാദി പാര്‍ട്ടി തുടങ്ങിയ കക്ഷികള്‍ രാജ്യസഭാ നടപടികള്‍ നിര്‍ത്തിവച്ചു വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടു നോട്ടിസ് നല്‍കിയിരുന്നു. കോണ്‍ഗ്രസും ഇടതുകക്ഷികളും ഈ ആവശ്യത്തെ പിന്തുണച്ചു. എന്നാല്‍, നോട്ടിസിന് രാജ്യസഭാധ്യക്ഷന്‍ ഹാമിദ് അന്‍സാരി അനുമതി നല്‍കിയില്ല.
സഭ ചേര്‍ന്നയുടന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയന്‍, എസ്.പി നേതാവ് നരേഷ് അഗര്‍വാള്‍, ബി.ജെ.ഡിയുടെ ദിലീപ് ടിര്‍ക്കി തുടങ്ങിയവര്‍ തങ്ങള്‍ നോട്ടിസ് നല്‍കിയ കാര്യം ഉന്നയിച്ചു. എന്നാല്‍, നോട്ടിസ് അനുവദിക്കാനാകില്ലെന്നു സഭാധ്യക്ഷന്‍ വ്യക്തമാക്കി.
ആധാര്‍കാര്‍ഡില്ലാത്തവര്‍ക്ക് റേഷന്‍, പെന്‍ഷന്‍, പാചകവാതക സബ്‌സിഡി തുടങ്ങിയ വ നിഷേധിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കു കേന്ദ്രം നിര്‍ദേശം നല്‍കിയിരിക്കുകയാണെന്നു എസ്.പി നേതാവ് രാം ഗോപാല്‍ യാദവ് ആരോപിച്ചു.
രാജ്യത്തു നാല്‍പതു ശതമാനത്തോളം ആളുകള്‍ക്ക് ആധാര്‍ കാര്‍ഡില്ലെന്നിരിക്കേ ഈ നിര്‍ദേശം പാവപ്പെട്ടവരെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനങ്ങളുമായുള്ള സഹകരണത്തെപ്പറ്റി വാചാലരാകുന്ന ബി.ജെ.പി സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആലോചിക്കാതെയാണ് ഇത്തരം തീരുമാനങ്ങളെടുക്കുന്നതെന്ന് ഡെറിക് ഒബ്രിയന്‍ ചൂണ്ടിക്കാട്ടി.
ലോക്‌സഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസാണ് വിഷയം ഉന്നയിച്ചത്. ആധാര്‍ നിര്‍ബന്ധമാക്കിയതു കൊണ്ട് ഒരു പാര്‍ലമെന്റ് അംഗത്തിന്റെ അമ്മയ്ക്കു പെന്‍ഷന്‍ പോലും കിട്ടുന്നില്ലെന്നു ലോക്‌സഭയില്‍ തൃണമൂലിന്റെ കല്യാണ്‍ ബാനര്‍ജി ചൂണ്ടിക്കാട്ടി.
ആധാര്‍ നിര്‍ബന്ധമാക്കരുതെന്നു സുപ്രിംകോടതി നിര്‍ദേശിച്ചിട്ടും സര്‍ക്കാര്‍ അതു നിര്‍ബന്ധമാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."