2,278 കോടി പ്രളയ ദുരിതാശ്വാസ നിധി ഇപ്പോഴും ഖജനാവില്‍
തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തെ പുനര്‍നിര്‍മിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒഴുകിയെത്തിയത് 4,196.38 കോടി.
എന്നാല്‍ ഒരു വര്‍ഷം ആയിട്ടും ചെലവഴിച്ചത് 1,917.97 കോടി മാത്രം. വീടു നഷ്ടപ്പെട്ടവരും അടിയന്തര സഹായത്തിന് അപേക്ഷിച്ചവരും സഹായം കിട്ടാതെ അലയുമ്പോഴാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ പണം കെട്ടിക്കിടക്കുന്നത്. മാത്രമല്ല, സഹകരണ വകുപ്പിന്റെ പ്രളയ പുനരധിവാസ പദ്ധതിക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിയില്‍ നിന്ന് പണം നല്‍കി. 44.98 കോടി രൂപയാണ് കെയര്‍ ഹോം പദ്ധതി നടപ്പാക്കാന്‍ കോഓപറേറ്റിവ് രജിസ്ട്രാര്‍ക്ക് നല്‍കിയത്.
സഹകരണ സംഘങ്ങളിലെ ലാഭവിഹിതത്തില്‍ നിന്ന് സമാഹരിച്ച തുക സംസ്ഥാന സഹകരണ ബാങ്കില്‍ സഹകരണ സംഘം രജിസ്ട്രാറുടെ പേരില്‍ ആരംഭിച്ച അക്കൗണ്ടില്‍ നിക്ഷേപിച്ച് അതില്‍ നിന്ന് കെയര്‍ ഹോം പദ്ധതിയ്ക്കായി പണം ചെലവാക്കുന്നു എന്നായിരുന്നു സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇതുവരെ അറിയിച്ചിരുന്നത്. സ്വന്തമായി ഭൂമി ഇല്ലാത്തവര്‍ക്ക് ഫഌറ്റ് സമുച്ചയങ്ങള്‍ നിര്‍മിച്ചു നല്‍കുന്നതിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയായെന്നും രണ്ടാംഘട്ടമെന്ന നിലയില്‍ സര്‍ക്കാര്‍ 14 ജില്ലകളിലുമായി അനുവദിച്ച സ്ഥല പരിശോധന നടന്നു വരികയാണെന്നും അറിയിച്ചിരുന്നു. ഇതോടെ സര്‍ക്കാരിന്റെ കള്ളക്കളി പുറത്തുവരികയാണ്.
സഹകരണ വകുപ്പിന്റെ പേരില്‍ കെയര്‍ഹോം പദ്ധതി പ്രഖ്യാപിക്കുകയും പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും വക മാറ്റുകയും ചെയ്തുവെന്നാണ് വ്യക്തമാകുന്നത്.
ലഭിച്ച സഹായം ഇങ്ങനെ
കഴിഞ്ഞ ജൂണ്‍ പത്തുവരെ പൊതുജനങ്ങളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമായി 2,672.79 കോടിയും, സാലറി ചലഞ്ച് വഴി 1,097.22 കോടിയും, സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും ഉല്‍സവ ബത്ത ഇനത്തില്‍ കിട്ടിയ തുകയായ 117.69 കോടിയും, ബിവറേജ് കോര്‍പറേഷനില്‍ നിന്നും അധിക ടാക്‌സ് ഇനത്തില്‍ ലഭ്യമായ തുകയായ 308.68 കോടിയും ഉള്‍പ്പെടെ 4,196.38 കോടിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പണമായി എത്തിയത്. ഇത് കൂടാതെ 511.3 ഗ്രാം സ്വര്‍ണവും സംഭാവനയായി എത്തി. ബെഫിയുടെ പേരില്‍ 381 ഗ്രാം സ്വര്‍ണ ഉരുപ്പടികള്‍ ലഭിച്ചു.
ഏറ്റവും കൂടുതല്‍ സ്വര്‍ണം സംഭാവന നല്‍കിയ വ്യക്തി എറണാകുളം സ്വദേശിനി ജൂബിലിയാണ്. 6.63 പവനാണ് ഇവര്‍ നല്‍കിയത്. ഈ സ്വര്‍ണ ഉരുപ്പടിയുടെ വില്‍പ്പനയിലൂടെ 14.89 ലക്ഷവും ലഭിച്ചു.
ചെലവാക്കിയത് ഇങ്ങനെ
വീടും സ്ഥലവും നാശനഷ്ടം സംഭവിച്ചവര്‍ക്കായി 1,317,96,96,700 രൂപയും, ചികിത്സ ധനസഹായമായി 12,29,910 രൂപയും, കെയര്‍ ഹോം പദ്ധതിയ്ക്കായി കോഓപറേറ്റീവ് രജിസ്ട്രാര്‍ക്ക് കൈമറിയത് 44,98, 12,052 രൂപയും, ഉപജീവന കിറ്റ് വിതരണം ചെയ്ത ഇനത്തില്‍ സിവില്‍ സപ്ലൈസ് മാനേജിങ് ഡയറക്ടര്‍ക്ക് കൈമാറിയത് 42,73,00,000 രൂപയും, കര്‍ഷക ആനുകൂല്യം നല്‍കുന്നതിനായി കടാശ്വാസ കാര്‍ഷിക വികസന ക്ഷേമ ഡയറക്ടര്‍ക്ക് അനുവദിച്ചത് 54,00,00,000 രൂപയും, പ്രളയത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് നല്‍കിയത് 29,00,000 രൂപയും, പട്ടികജാതി വകുപ്പ് ഡയറക്ടര്‍ക്ക് അനുവദിച്ചത് 1,91,000 രൂപയും, ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് നല്‍കിയത് 62,34,500 രൂപയും ഉള്‍പ്പെടെ 1917.97 കോടിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഇതുവരെ ചെലവാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."