സെമി ഉറപ്പിക്കാന്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരേ
ലണ്ടന്‍: സെമി ഉറപ്പിക്കാനായി ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. വൈകീട്ട് മൂന്നിന് എഡ്ജിബാസ്റ്റണിലാണ് മത്സരം. ഇംഗ്ലണ്ടിനോടേറ്റ തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടാണ് ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടുന്നത്. ജയിച്ചാല്‍ ഇന്ത്യയ്ക്ക് സെമി ഉറപ്പിക്കാം. ഏഴ് മത്സരങ്ങളില്‍ അഞ്ച് ജയത്തോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. എന്നാല്‍ ബംഗ്ലാദേശിന് ഈ മത്സരം നിര്‍ണായകമാണ്. ഇന്ന് തോല്‍വി ഏറ്റു വാങ്ങേണ്ടി വന്നാല്‍ അത് സെമിസാധ്യതയെ പ്രതികൂലമായി ബാധിക്കും. ഏഴ് മത്സരങ്ങളിന്‍ നിന്ന് ഏഴ് പോയിന്റുമായി ഏഴാം സ്ഥാനത്തുള്ള ബംഗ്ലാ കടുവകള്‍ക്ക് ശേഷിക്കുന്ന മത്സരങ്ങള്‍ വന്‍ മാര്‍ജിനോടെ ജയിച്ചാല്‍ മാത്രമേ സെമി സാധ്യത നിലനിര്‍ത്താനാവൂ. ലോകകപ്പില്‍ ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങുന്ന ഷാകിബ് അല്‍ ഹസന്‍ ടൂര്‍ണമെന്റില്‍ റണ്‍വേട്ടക്കാരില്‍ മൂന്നാമതാണ്.
ആറ് മത്സരങ്ങളില്‍ നിന്ന് മൂന്ന് സെഞ്ചുറിയും ഒരു അര്‍ദ്ധസെഞ്ചുറിയമടക്കം മികച്ച ഫോമിലാണ് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ. തുടര്‍ച്ചയായ അഞ്ച് മത്സരങ്ങളില്‍ നിന്ന് അഞ്ച് അര്‍ദ്ധസെഞ്ചുറികളുമായി ഇന്ത്യന്‍ നായകനും നല്ല ഫോമിലാണ്. എന്നാല്‍ ലോകകപ്പിലെ ഇതുവരെയുള്ള മത്സരങ്ങളില്‍ കോഹ്‌ലിക്ക് സെഞ്ചുറി നേടാനായിട്ടില്ലെന്നത് ആരാധകരെ നിരാശരാക്കുന്നുണ്ട്. കാല്‍വിരലിനേറ്റ പരുക്കിനെ തുടര്‍ന്ന് ഇന്ത്യയുടെ ഓള്‍ റൗണ്ടര്‍ വിജയ് ശങ്കറിന് ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും. പകരം മയാങ്ക് അഗര്‍വാളിനാണ് അവസരം ലഭിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിനോടുള്ള മത്സരത്തില്‍ ഓപ്പണിങ് പാടെ പരാജയപ്പെട്ടതും ധോണിയും ജാദവും അവസരത്തിനൊത്ത് ബാറ്റു വീശാതിരുന്നതും ആരാധകരെ നിരാശയിലാഴ്ത്തിയിരുന്നു.
ബംഗ്ലദേശിനെ തോല്‍പ്പിച്ച് വീണ്ടും വിജയവഴിയില്‍ തിരിച്ചെത്താനാകും ഇന്ത്യയുടെ ശ്രമം. ഇന്ത്യയെ പരാജയപ്പെടുത്തി സെമി സാധ്യതകള്‍ സജീവമാക്കുക എന്നതാണ് ബംഗ്ലാ കടുവകളുടെ ലക്ഷ്യം. വാശിയേറിയ പോരാട്ടമാകും ഇന്ന് എഡ്ജ്ബാസ്റ്റണില്‍ നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."