പള്ളിതര്‍ക്കം: കോടതി ഉത്തരവ് നടപ്പാക്കാത്ത സംസ്ഥാന സര്‍ക്കാരിനു സുപ്രിം കോടതിയുടെ രൂക്ഷവിമര്‍ശനം
ന്യൂഡല്‍ഹി: ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളി തര്‍ക്ക കേസില്‍ കോടതി ഉത്തരവ് നടപ്പിലാക്കുന്നതില്‍ വീഴ്ചവരുത്തിയ സംസ്ഥാന സര്‍ക്കാരിനു സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം. കോടിവിധി നടപ്പാക്കുന്നത് വൈകിക്കുകയോ വിധിയെ മറികടക്കാന്‍ ശ്രമിക്കുകയോ ചെയ്താല്‍ ചീഫ് സെക്രട്ടറിയെ പിടിച്ച് ജയിലിലടക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. കേരളാ സര്‍ക്കാര്‍ നിയമത്തിന് മുകളിലാണോയെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. കാര്യത്തിന്റെ ഗൗരവം ചീഫ് സെക്രട്ടറിയെ അറിയിക്കാന്‍ നിര്‍ദേശിച്ച കോടതി, ഉത്തരവ് അടിയന്തരമായി നടപ്പാക്കാനും നിര്‍ദേശിച്ചു.
മലങ്കര സഭയിലെ പള്ളികളുടെ ഭരണം1934ലെ ഭരണഘടന പ്രകാരം നടത്തണമെന്നു ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായി 2017 ജൂലൈയില്‍ സുപ്രിം കോടതി വിധിച്ചിരുന്നു. 1995ലെ ഉത്തരവ് അടിസ്ഥാനമാക്കിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കട്ടച്ചിറ, വാരിക്കോലി പള്ളികളില്‍ ആരാധന നടത്തുന്നതിനു സംരക്ഷണം ആവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് വിഭാഗം നല്‍കിയ ഹരജിയാണ് ഇന്നലെ കോടതി പരിഗണിച്ചത്. വിഷയത്തില്‍ സുപ്രിം കോടതി വിധി പ്രസ്താവിച്ചതാണെന്നും തുടര്‍ച്ചയായി ഹരജികള്‍ വരുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.
ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയലക്ഷ്യം നടത്തി എന്നതുവ്യക്തമാണ്. സുപ്രിം കോടതി വിധി നടപ്പാക്കുന്നത് വൈകിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അത് അംഗീകരിക്കാനാവില്ല. ഇനിയും ക്ഷമിക്കാനുമാവില്ല. ചീഫ് സെക്രട്ടറിയെ കോടതിയില്‍ വിളിച്ചുവരുത്താന്‍ പോകുകയാണെന്നും അവിടെ നിന്നു ജയിലിലേക്ക് അയയ്ക്കുമെന്നും ജസ്റ്റിസ് മിശ്ര വ്യക്തമാക്കി.
കോടതിയെ കളിയാക്കുന്നതിനും ഒരു അതിരുണ്ട്. ആരെങ്കിലും അദ്ദേഹത്തിനു ബിഹാര്‍ ചീഫ് സെക്രട്ടറിക്ക് സംഭവിച്ചത് മനസിലാക്കി കൊടുക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
പിന്നീട് ഉത്തരവ് പുറപ്പെടുവിച്ചപ്പോള്‍ ചീഫ് സെക്രട്ടറിക്ക് എതിരേ കോടതിയലക്ഷ്യ നോട്ടിസ് അയയ്ക്കാനും അടുത്ത തവണ കോടതിയില്‍ നേരിട്ടു ഹാജരാകണമെന്നു നിര്‍ദേശിക്കാനും ആദ്യം പറഞ്ഞ കോടതി സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയുടെ അപേക്ഷയെത്തുടര്‍ന്ന് ആ നിര്‍ദേശം ഒഴിവാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."