ഇന്ത്യ സെമിയില്‍; ബംഗ്ലാദേശ് പുറത്ത്
ബെര്‍മിങ്ഹാം: ബംഗ്ലാദേശിനെ കീഴടക്കി ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിന്റെ സെമിഫൈനലില്‍. ബെര്‍മിങ്ഹാമില്‍ നടന്ന മല്‍സരത്തില്‍ 28 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ്‌ചെയ്ത ഇന്ത്യ ഒന്‍പത് വിക്കറ്റിന് 314 റണ്‍സെടുത്തപ്പോള്‍ ബംഗ്ലാദേശിന്റെ പോരാട്ടം 286ന് അവസാനിച്ചു. നാലുവിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ഇന്ത്യയുടെ വിജയം എളുപ്പമാക്കിയത്. പരാജയത്തോടെ ബംഗ്ലാദേശ് ലോകകപ്പിന്റെ സെമി കാണാതെ പുറത്തായി.
ഇന്ത്യയെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയതിന് ശേഷമാണ് ബംഗ്ലാദേശ് കീഴടങ്ങിയത്. ബംഗ്ലദേശിന് വേണ്ടി ഷാക്കിബ് അല്‍ ഹസന്‍ (66), മൊഹമ്മദ് സൈഫുദ്ദീന്‍ (51*), സാബിര്‍ റഹ്മാന്‍ (36) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യ അനായാസം ജയിക്കുമെന്ന് തോന്നിപ്പിച്ച മത്സരത്തില്‍ അവസാന ഓവറുകളില്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത മൊഹമ്മദ് സൈഫുദ്ദീന്‍ ഇന്ത്യക്ക് വിജയം നിഷേധിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും മറു ഭാഗത്ത് വിക്കറ്റ് നഷ്ടപ്പെട്ടത് ഇന്ത്യക്ക് തുണയായി. 48ാം ഓവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയ ബുംറയാണ് കളിയുടെ ഗതി മാറ്റിയത്. ഇന്ത്യക്ക്‌വേണ്ടി നാല് വിക്കറ്റും ഹര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റും നേടി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഒരു ഘട്ടത്തില്‍ 400ന് മുകളില്‍ സ്‌കോര്‍ ചെയ്യുമെന്ന് കരുതിയെങ്കിലും മധ്യനിര ഒരിക്കല്‍ കൂടി തകര്‍ന്നത് ഇന്ത്യക്ക് വിനയായി. ഹിറ്റ്മാന്‍ രോഹിത് ശര്‍മ ഒരിക്കല്‍ കൂടി സെഞ്ചുറിയുമായി ടീമിനെ മുന്നില്‍നിന്ന് നയിച്ചതാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ തന്നെ സമ്മാനിച്ചത്. കളിയില്‍ രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത് കുല്‍ദീപ് യാദവിനും കേദാര്‍ ജാദവിനും പകരം ഭുവനേശ്വര്‍ കുമാറും ദിനേഷ് കാര്‍ത്തിക്കും ടീമില്‍ ഇടംപിടിച്ചു. ടൂര്‍ണമെന്റിലെ തന്നെ മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. 29.2 ഓവറില്‍ ഓപ്പണിങ് സഖ്യം അടിച്ചത് 180 റണ്‍സാണ്.
സ്‌കോര്‍ ഒന്‍പതില്‍ നില്‍ക്കെ രോഹിത് ശര്‍മയെ തമീം ഇഖ്ബാല്‍ വിട്ടുകളഞ്ഞത് ഇന്ത്യക്ക് തുണയായി. തുടര്‍ന്ന് മികച്ച രീതിയില്‍ കളിച്ച ലോകേഷ് രാഹുലും രോഹിത്തും ചേര്‍ന്ന് ബംഗ്ലാദേശ് ബൗളര്‍മാരെ അടിച്ചൊതുക്കി. രോഹിത് 92 പന്തില്‍ 104 റണ്‍സെടുത്താണ് പുറത്തായത്. ഈ ലോകകപ്പില്‍ തന്റെ നാലാമത്തെ സെഞ്ചുറിയാണ് രോഹിത് ഇന്നലെ നേടിയത്. ഏഴ് ഫോറും അഞ്ച് സിക്‌സറും ഇന്നിങ്‌സിലുണ്ടായിരുന്നു. സെഞ്ചുറിക്ക് ശേഷം വമ്പനടിക്ക് ശ്രമിച്ച രോഹിതിനെ സൗമ്യ സര്‍ക്കാറിന്റെ പന്തില്‍ ലിറ്റണ്‍ ദാസ് പിടികൂടുകയായിരുന്നു.
ലോകേഷ് രാഹുല്‍ 92 പന്തില്‍ 77 റണ്‍സുമായി മികച്ച പ്രകടനം നടത്തി. വിരാട് കോഹ്‌ലി 26 റണ്‍സുമായും ഋഷഭ് പന്ത് 41 പന്തില്‍ 48 റണ്‍സെടുത്തും പുറത്തായതോടെയാണ് കളി മാറിയത്. തന്റെ രണ്ടാം മത്സരത്തിനിറങ്ങിയ ഋഷഭ് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
ഋഷഭ് പുറത്തായതിന് ശേഷം പിന്നീട് തുടര്‍ച്ചയായി ഇന്ത്യക്ക് വിക്കറ്റുകള്‍ നഷ്ടമായി. ധോണി 35, ഹര്‍ദിക് പാണ്ഡ്യ 0, ദിനേഷ് കാര്‍ത്തിക് 8, ഭുവനേശ്വര്‍ കുമാര്‍ 2, മുഹമ്മദ് ഷമി 1 എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. അഞ്ച് വിക്കറ്റ് വീഴത്തിയ മുസ്തഫിസുറുല്‍ റഹ്മാനാണ് ഇന്ത്യങ്ങ് വിലങ്ങിട്ടത്.
India won by 28 runs
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."