ആട് ആന്റണിയുടെ ശിക്ഷാ വിധി ജില്ലാ പൊലിസിന് അഭിമാനത്തിന്റെ നിമിഷങ്ങള്‍
ഒലവക്കോട്: ആട് ആന്റണിക്ക് കൊല്ലം കോടതി ജിവപര്യന്തം വരെ തടവു ശിക്ഷ വിധിച്ചപ്പോള്‍ അതു പോരെന്ന അഭിപ്രായമായിരുന്നു പാലക്കാട്ടെ പൊലിസ് ജീവനക്കാര്‍ക്ക്. തന്ത്രപരമായ നീക്കങ്ങളിലൂടെ രാപകലില്ലാതെ അധ്വാനിച്ച് പ്രതിയെ പിടികൂടിയ പാലക്കാട് ജില്ലാ പൊലിസിന് അഭിമാനം നല്‍കിയ ദിവസമായിരുന്നു ബുധനാഴ്ച.
ശിക്ഷ കുറഞ്ഞുവെങ്കിലും കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ഒരു ലക്ഷം നല്‍കാന്‍ വിധിച്ചതില്‍ പാലക്കാട് ജില്ല സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. എം.എന്‍. സുനില്‍കുമാറും സംഘവും ഏറെ സന്തോഷത്തിലാണ്. സംസ്ഥാന പൊലിസിന്റെ അന്വേഷണ മികവു ചോദ്യം ചെയ്യപ്പെട്ട ആട് ആന്റണി സംഭവത്തില്‍ അതു വീണ്ടെടുക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദവും ഇവര്‍ മറച്ചുവെച്ചില്ല.
കോടതി നല്‍കിയ ശിക്ഷയില്‍ അവര്‍ തൃപ്തരാണ്. മൂന്നു വര്‍ഷത്തോളം രാജ്യത്തിനകത്തും പുറത്തും സംസ്ഥാന പൊലിസ് അരിച്ചുപെറുക്കിയ കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണിയെ പിടികൂടിയത് ജില്ലാ പൊലിസിന്റെ അന്വേഷണ മികവു കൊണ്ടാണ്. പൊലിസ് സേനയിലെ സഹപ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പിടികൂടാന്‍ സാധിച്ചില്ലെന്ന വിഷമവുമായാണ് അന്നത്തെ ഡി.ജി.പി ജേക്കബ് പുന്നൂസ് വിരമിച്ചത്. അത് തുറന്നു പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പടിയിറക്കം.
പൊലിസ് സേനയ്ക്ക് മൊത്തത്തില്‍ നാണക്കേടുണ്ടാക്കിയ പ്രതിയെയാണ് പാലക്കാട് പൊലിസ് പിടികൂടിയത്. കൊല്ലം കുണ്ടറ കുമ്പളം നെടിയവിള വീട്ടില്‍ ആന്റണി വര്‍ഗീസ് എന്ന ആട് ആന്റണിയെ 2015 ഒക്ടോബര്‍ 13ന് പാലക്കാട് തമിഴ്‌നാട് അതിര്‍ത്തിയിലെ ഗോപാലപുരത്തിന് സമീപം കരുമാണ്ടക്കൗണ്ടനൂരിലെ ഭാര്യവീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ ആന്റണിയുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയ പൊലിസ് സംഘം ഒരു മാസത്തെ നിരീക്ഷണത്തിനൊടുവിലാണ് മിന്നല്‍ നീക്കം വഴി ആടിനെ നിയമത്തിന്റെ കൂട്ടിലാക്കിയത്.
ഭാര്യ പൊലിസ് നിരീക്ഷണത്തിലാണെന്നും മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്നും അറിയാതെ ആട് ആന്റണി ഗോപാലപുരം കരുമാണ്ടക്കൗണ്ടനൂരിലെ വീട്ടിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്. സിവില്‍ പൊലിസ് ഓഫീസറുടെ തന്ത്രപരമായ നീക്കമാണ് പ്രതിയെ വീട്ടിലെത്തിച്ചത്. ആന്റണി സംസ്ഥാനം മുഴുവന്‍ കാത്തിരിക്കുന്ന കുറ്റവാളിയാണെന്ന് ഭാര്യ വീട്ടുകാര്‍ അറിഞ്ഞതും അയാളെ അറസ്റ്റ് ചെയ്തപ്പോഴാണ്.
ജില്ലയില്‍ ആട് ആന്റണിക്കെതിരെ ഷൊര്‍ണൂരില്‍ ഒരു മോഷണക്കേസും ഉണ്ടെന്ന് ഡി.വൈ.എസ്.പി സുനില്‍ നേരത്തെ പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം ബോര്‍ഡോ തീവ്രവാദിയെന്നു സംശയിക്കുന്ന വ്യക്തിയെ പിടികൂടിയതും പാലക്കാട്ടെ പൊലിസ് സേനയിലെ സുനിലും സംഘവുമായിരുന്നു എന്നത് പൊലിസ് സേനക്ക് അഭിമാനത്തിന്റെ പൊന്‍തൂവലായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."