കിണറ്റില്‍ കണ്ടെത്തിയ മൃതദേഹം ഒരുവര്‍ഷം മുന്‍പ് കാണാതായ യുവാവിന്റേത്
കണ്ണൂര്‍: താളിക്കാവിലെ അടച്ചിട്ട ഹോട്ടലിന്റെ കിണറ്റില്‍ കണ്ടെത്തിയ മൃതദേഹം ഒരുവര്‍ഷം മുന്‍പ് കാണാതായ പള്ളിക്കുന്ന് സ്വദേശിയായ യുവാവിന്റേതെന്നു പൊലിസ് തിരിച്ചറിഞ്ഞു. പൊടിക്കുണ്ട് ജയാ നിവാസില്‍ ക്ഷീര വികസന കോര്‍പറേഷന്‍ റിട്ട. ഉദ്യോഗസ്ഥന്‍ ജയചന്ദ്രന്റെയും ജില്ലാ സഹകരണബാങ്ക് റിട്ട. മാനേജര്‍ സുമയുടെയും മകന്‍ ജിതിന്റെ (24) മൃതദേഹമാണെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. അഴുകി തല വേര്‍പെട്ടുപോയ നിലയില്‍ താളിക്കാവിലെ പൂട്ടിയിട്ട പത്മ ഹോട്ടലിന്റെ കിണറ്റിലാണ് ഞായറാഴ്ച മൃതദേഹം കണ്ടത്.
കിണര്‍ വെള്ളം വറ്റിച്ചു തിങ്കളാഴ്ച നടത്തിയ പരിശോധനയിലാണു പിന്നീട് തലയോട്ടി കണ്ടെത്തിയത്. മൃതദേഹത്തിന് ഏകദേശം ഒരുവര്‍ഷത്തോളം പഴക്കമുണ്ടായിരുന്നു. പരിയാരം മെഡിക്കല്‍കോളജില്‍ സൂക്ഷിച്ച മൃതദേഹം ഇന്നലെ ഉച്ചയോടെ ബന്ധുക്കള്‍ എത്തിയാണ് ഒരുവര്‍ഷം മുന്‍പ് കാണാതായ ജിതിന്റേതാണെന്നു തിരിച്ചറിഞ്ഞത്. കഴിഞ്ഞവര്‍ഷം ജൂലൈ ഒന്‍പതിനു രാത്രിയാണു ജിതിനെ കാണാതായത്.
ടൗണിലേക്കെന്നു പറഞ്ഞു വീട്ടില്‍ നിന്നിറങ്ങിയ ജിതിനെ രാത്രി ബന്ധുക്കള്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. വരാന്‍ വൈകുമെന്നു പറഞ്ഞു ഫോണ്‍ വയ്ക്കുകയായിരുന്നു. പിന്നീട് വിവരമൊന്നും ലഭിക്കാതായതോടെ ബന്ധുക്കള്‍ പൊലിസില്‍ പരാതിപ്പെട്ടു. അന്വേഷണം ആരംഭിച്ചെങ്കിലും ജിതിനെ കണ്ടെത്താനായില്ല. മൃതദേഹത്തിലുണ്ടായിരുന്ന പാന്റിന്റെ പോക്കറ്റില്‍ നിന്ന് മൊബൈല്‍ ഫോണും ബൈക്കിന്റെ താക്കോലും കാലിയായ പഴ്‌സും കണ്ടെത്തിയിരുന്നു. ഇതു ജിതിന്റേതാണെന്നു ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. അതേസമയം മൃതദേഹം ജിതിന്റേതാണെന്നു ശാസ്ത്രീയമായി സ്ഥിരീകരിക്കാന്‍ ലഭിച്ച ശരീര ഭാഗങ്ങള്‍ ഡി.എന്‍.എ പരിശോധനയ്ക്കയച്ചു. ശരീരഭാഗം ദ്രവിച്ചതിനാല്‍ മരണ കാരണം സ്ഥിരീകരിക്കാന്‍ പൊലിസിനു കഴിഞ്ഞിട്ടില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നു പൊലിസ് അറിയിച്ചു.
മൊബൈല്‍ ഫോണ്‍ വിദഗ്ധ പരിശോധനയ്ക്കയച്ചപ്പോള്‍ അതിന്റെ ഐ.എം.ഇ നമ്പര്‍ ജിതിന്‍ നേരത്തെ ഉപയോഗിച്ച ഫോണിന്റേതു തന്നെയെന്നു വ്യക്തമായി. തലയോട്ടിയുടെ പരിശോധനയില്‍ മുന്‍വരിയിലെ പല്ലിന്റെ ആകൃതിയും ആളെ തിരിച്ചറിയാന്‍ സഹായിച്ചു. കിണറില്‍ മാലിന്യം നിക്ഷേപിക്കുന്നതു തടയാനായി വലയിടാന്‍ എത്തിയ അന്യസംസ്ഥാന തൊഴിലാളികളാണു കിണറ്റില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടത്. ടൗണ്‍ എസ്.ഐ ബാബുമോന്റെ നേതൃത്വത്തിലാണ് അന്വേഷണം. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."