കടലില്‍ മത്സ്യകൃഷിക്കൊരുങ്ങി നാലുജില്ലകള്‍; നടപ്പിലാക്കുന്നത് 14 കോടിയുടെ പദ്ധതി
കണ്ണൂര്‍: നീലവിപ്ലവം പദ്ധതിയിലുള്‍പ്പെടുത്തി കടലില്‍ കൂട്ടുമത്സ്യകൃഷിക്ക് നാലുജില്ലകളൊരുങ്ങുന്നു. തിരുവനന്തപുരം, കണ്ണൂര്‍, കൊല്ലം, എറണാകുളം ജില്ലകളാണ് കടലില്‍ മത്സ്യകൃഷിക്ക് തയ്യാറെടുക്കുന്നത്. മത്സ്യസമ്പത്ത് കുറയുന്ന സാഹചര്യത്തിലാണ് നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ മത്സ്യതൊഴിലാളികള്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്നതാണ് പദ്ധതി. കൂട്ടുമത്സ്യകൃഷിക്ക് 13 കോടി 98 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചുകഴിഞ്ഞു. 4 കോടി രൂപ കേന്ദ്രവിഹിതവും 8.66 കോടി സംസ്ഥാന വിഹിതവും 1.32 കോടി ഗുണഭോക്തൃവിഹിതവുമാണ്. നാലു ജില്ലകളിലായി 10 കൂടുകളടങ്ങുന്ന 16 യൂനിറ്റുകള്‍ കടലില്‍ നിക്ഷേപിക്കും.
സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ഫുക്കോസ് തുടങ്ങിയവയുടെ സഹകരണത്തോടെ ആഡാക്കിന്റെ മേല്‍നോട്ടത്തിലാണ് പദ്ധതി. ജില്ലാ ഫിഷറീസ് ഓഫിസ് വഴിയാണ് പദ്ധതി നടപ്പിലാക്കുക. കടലില്‍ തിരഞ്ഞെടുക്കുന്ന 12 ഫാതം(36 അടി) ആഴമുള്ള പ്രദേശത്ത് കൃത്രിമ കൂടുകളില്‍ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കും.
ചൂര, അയല, പാര, കലവ, കൊഞ്ച്, ഈല്‍, തുടങ്ങിയവയാണ് നിക്ഷേപിക്കുക. ഇതോടെ മത്സ്യങ്ങളുടെ കൃത്രിമ ആവാസ വ്യവസ്ഥ രൂപപ്പെടും. ഒന്‍പത് മത്സ്യതൊഴിലാളികളില്‍ കുറയാത്ത ഗ്രൂപ്പുകള്‍ തിരിച്ചാണ് ഓരോ ജില്ലകളിലും പദ്ധതി നടപ്പിലാക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."