പീഡനക്കേസില്‍ ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം
മുംബൈ: ബിഹാര്‍ സ്വദേശിനിയായ യുവതി നല്‍കിയ പീഡന പരാതയില്‍ ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം.
മുംബൈ ദിന്‍ഡോഷി കോടതിയാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഇതിനായി ഒരു ആള്‍ ജാമ്യവും 25000 രൂപ തുകയും കെട്ടിവെക്കണം. അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ എല്ലാ തിങ്കളാഴ്ചയും ഒരു മാസം വരെ ഹാജരാകണം. പൊലിസ് ആവശ്യപ്പെട്ടാല്‍ ഡി.എന്‍.എ പരിശോധനക്ക് തയാറാകണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവധിച്ചത്.
തെളിവു നശിപ്പിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.
യുവതിയുമായി വിവാഹം നടന്നുവെന്നതിന് പ്രോസിക്യൂഷന്‍ ഹാജരാക്കിയ മുംബൈയിലെ നോട്ടറി അഭിഭാഷകന്‍ സാക്ഷ്യപ്പെടുത്തിയ രേഖ വ്യാജമാണെന്നും യുവതിയുടെ അഭിഭാഷകന്‍ നല്‍കിയ രേഖകളിലുള്ള ഒപ്പ് ബിനോയിയുടേതല്ലെന്നും ബിനോയിയുടെ അഭിഭാഷകന്റെ നേരത്തേ വാദിച്ചിരുന്നു. അറസ്റ്റിന് മുന്‍പ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ഡി.എന്‍.എ പരിശോധനയെന്ന ആവശ്യത്തിലേക്ക് കോടതി കടക്കേണ്ടതില്ലെന്നറിയിച്ച പ്രതിഭാഗം ഡി.എന്‍.എ പരിശോധനയെ എതിര്‍ത്തു.
യുവതിക്ക് വിവാഹവാഗ്ദാനം നല്‍കിയ ബിനോയ് ആദ്യ വിവാഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവച്ചുവെന്നതായിരുന്നു പരാതിക്കാരിയുടെ അഭിഭാഷകന്‍ പ്രധാനമായും ഉയര്‍ത്തിയ വാദം. ബിനോയ് അയച്ച് നല്‍കിയ വിസയും ടിക്കറ്റും ഉപയോഗിച്ച് യുവതിയും കുട്ടിയും ദുബൈയിലേക്ക് യാത്ര ചെയ്തതിന്റെ പാസ്‌പോര്‍ട്ട് രേഖയും പരാതിക്കാരിയുടെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കി.
ബിഹാറി സ്വദേശിയായ യുവതി ജൂണ്‍ 13നാണ് മുംബൈ ഓഷിവാര പൊലിസ് സ്റ്റേഷനില്‍ ബിനോയ്‌ക്കെതിരേ പീഡന പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുക്കാന്‍ മുംബൈ പൊലിസ് കേരളത്തിലെത്തിയപ്പോഴേക്കും ബിനോയ് ഒളിവില്‍ പോയിരുന്നു. കളിഞ്ഞ വെള്ളിയാഴ്ചയാണ് ബിനോയ് ജാമ്യാപേക്ഷ നല്‍കിയത്. ഭീഷണിപ്പെടുത്തി പണം തട്ടാലാണ് പരാതിക്കാരിയുടെ ലക്ഷ്യമെന്ന് വാദിച്ച ബിനോയുടെ അഭിഭാഷകന്‍ പരാതിക്കാരിയുടെ മൊഴിയിലെ വൈരുധ്യം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."