ഭരിക്കുന്നത് ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ നേതൃത്വം നോക്കുകുത്തി
കോഴിക്കോട്: പ്രധാന തീരുമാനങ്ങളുടെ തുടക്കം എ.കെ.ജി സെന്ററില്‍ നിന്നുണ്ടാകുന്ന പതിവ് ഇടതു ഭരണരീതി മാറി സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് സംസ്ഥാന ഭരണ നേതൃത്വത്തിനു സൃഷ്ടിക്കുന്നത് കടുത്ത പ്രതിസന്ധി.
രാഷ്ട്രീയ നേതൃതലത്തില്‍ വേണ്ടത്ര ചര്‍ച്ചകളില്ലാതെ എടുക്കുന്ന തീരുമാനങ്ങളും നടപ്പാക്കുന്ന പദ്ധതികളും തുടര്‍ച്ചയായി വന്‍ വിവാദങ്ങളാകുന്നതും സുപ്രധാന തീരുമാനങ്ങളില്‍നിന്ന് സര്‍ക്കാരിനു പിന്മാറേണ്ടിവരുന്നതുമൊക്കെ ഭരണമുന്നണിക്ക് വന്‍ തിരിച്ചടികളാണ് സമ്മാനിക്കുന്നത്.
വിവാദങ്ങള്‍ക്കു തിരികൊളുത്തിയ തീരുമാനങ്ങളുടെ പരമ്പരയില്‍ ഏറ്റവും ഒടുവിലത്തേതും സര്‍ക്കാരിന് ഏറ്റവും വലിയ തിരിച്ചടി നല്‍കിയതുമാണ് പൊലിസ് നിയമത്തില്‍ വരുത്തിയ ഭേദഗതി. ഭരണം നിയന്ത്രിക്കുന്ന സി.പി.എമ്മില്‍ നിന്നടക്കം ശക്തമായ പ്രതിഷേധമുയര്‍ന്നതിനെത്തുടര്‍ന്ന് അതില്‍നിന്ന് പിന്മാറേണ്ടിവന്നതിന്റെ ജാള്യതയിലാണ് സര്‍ക്കാര്‍. പൊലിസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയുടെ മേല്‍നോട്ടത്തില്‍ പൊലിസ് സേനയിലെ ചില ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് നിയമഭേദഗതി തയാറാക്കിയതെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.
സി.പി.എമ്മോ ഇടതുമുന്നണിയോ അറിയാതെ രൂപംകൊണ്ട നിയമഭേദഗതിക്ക് കണ്ണടച്ച് അംഗീകാരം നല്‍കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നിയന്ത്രിക്കുന്ന ആഭ്യന്തര വകുപ്പും മുതിര്‍ന്ന പാര്‍ട്ടി നേതാവ് എ.കെ ബാലന്റെ നിയന്ത്രണത്തിലുള്ള നിയമ വകുപ്പും.
ഇടതുകക്ഷികളുടെ ദേശീയതലത്തില്‍ തന്നെയുള്ള നയത്തിനു വിരുദ്ധമായ ഈ നിയമ ഭേദഗതി കടന്നുപോയ വഴികളിലെ രാഷ്ട്രീയ ജാഗ്രതയില്ലായ്മ സി.പി.എം നേതൃത്വത്തെ തന്നെ ഞെട്ടിച്ചിട്ടുണ്ട്. ഭരണകാര്യങ്ങളിലെ പാര്‍ട്ടിയുടെ നിസ്സഹായതയാണ് പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി വഴി പുറത്തുവന്നത്.
സ്പ്രിംഗ്ലര്‍ ഇടപാട്, ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഇടപാടുകള്‍, കിഫ്ബി വഴിയുള്ള കടമെടുപ്പ്, ദുരൂഹ ഏറ്റുമുട്ടലുകളില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവങ്ങള്‍, യു.എ.പി.എ പോലുള്ള കരിനിയമങ്ങളുടെ പ്രയോഗം തുടങ്ങി വിവാദങ്ങള്‍ സൃഷ്ടിച്ചതും ഇടതു നയങ്ങള്‍ക്കു വിരുദ്ധവുമായ തീരുമാനങ്ങളും നടപടികളുമൊക്കെയുണ്ടായത് ഉദ്യോഗസ്ഥരില്‍ നിന്നാണ്. ഭ
വിഷ്യത്തുകള്‍ പരിശോധിക്കാതെ ഫയലുകളില്‍ ഒപ്പിട്ടുകൊടുക്കുകയെന്ന റോള്‍ മാത്രമാണ് മന്ത്രിമാര്‍ നിര്‍വഹിച്ചത്. ഇവയൊന്നും തന്നെ സി.പി.എം നേതൃത്വത്തിലോ ഇടതുമുന്നണിയിലോ വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടിരുന്നില്ല.
ഒരു പങ്കുമില്ലാത്ത തീരുമാനങ്ങള്‍ വിവാദമാകുമ്പോള്‍ അതിനെയൊക്കെ പ്രതിരോധിക്കാന്‍ പാടുപെടുകയായിരുന്നു ഭരണപക്ഷത്തെ പാര്‍ട്ടികളും മുന്നണിയും.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ തന്നെ ഭരണത്തില്‍ പാര്‍ട്ടി ഇടപെടുന്ന രീതിയില്‍ മാറ്റം വന്നുതുടങ്ങിയിരുന്നു. പിന്നീട് പാര്‍ട്ടി നിലപാടുകള്‍പോലും മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ചുണ്ടാകുന്ന നിലയിലെത്തി കാര്യങ്ങള്‍.
മുഖ്യമന്ത്രിയുടെ തീരുമാനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന പ്രവര്‍ത്തനശൈലിയാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ സ്വീകരിച്ചത്. ഏറെ ആരോപണങ്ങള്‍ നേരിട്ട് കോടിയേരി അവധിയില്‍ പോയതിനു ശേഷം സെക്രട്ടറിയുടെ ചുമതലയേറ്റ എ. വിജയരാഘവന്‍ നാമമാത്ര സെക്രട്ടറിയായി മാറിയിരിക്കുകയാണെന്ന വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ തന്നെയുണ്ട്.
ഒരു പ്രസ്താവന നടത്താന്‍പോലും മുഖ്യമന്ത്രി പറയുന്നതിനു വേണ്ടി സെക്രട്ടറി കാത്തിരിക്കുന്ന അവസ്ഥയാണുള്ളത്. മുമ്പെങ്ങുമില്ലാത്ത ഈ നേതൃത്വ പ്രതിസന്ധി മാസങ്ങള്‍ക്കിടയില്‍ രണ്ടു തെരഞ്ഞെടുപ്പുകളെ നേരിടുന്ന സി.പി.എമ്മിനെയും ഇടതുമുന്നണിയെയും എത്തിച്ചിരിക്കുന്നത് വലിയ വെല്ലുവിളികളിലേക്കാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."