കായിക അവാര്‍ഡുകള്‍ സമ്മാനിച്ചു
ന്യൂഡല്‍ഹി: മികച്ച കായിക താരങ്ങള്‍ക്ക് നല്‍കുന്ന ഖേല്‍രത്‌ന, അര്‍ജുന അവാര്‍ഡുകള്‍ സമ്മാനിച്ചു. ഇന്നലെ രാഷ്ടപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ഭാരോദ്വഹന താരം മീരാ ഭായ് ചാനുവും ഖേല്‍ രത്‌ന സ്വീകരിച്ചു.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (1997-1998), മഹേന്ദ്ര സിങ് ധോണി (2007) എന്നിവര്‍ക്ക് ശേഷം ഖേല്‍ രത്‌ന നേടുന്ന മൂന്നാമത്തെ ക്രിക്കറ്റ് താരമെന്ന നേട്ടം കോഹ് ലി സ്വന്തമാക്കി. ക്രിക്കറ്റിലെ മികച്ച സംഭാവനക്കാണ് 29കാരനായ കോഹ് ലിക്ക് അവാര്‍ഡ് നല്‍കിയത്. കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ് എന്നീ വേദികളില്‍ ഭാരോദ്വഹനത്തില്‍ ഇന്ത്യാക്കായി സ്വര്‍ണം സ്വന്തമാക്കിയതിനാണ് ചാനുവിന് ഖേല്‍രത്‌ന നല്‍കിയത്. പുറം വേദനയെ തുടര്‍ന്ന് ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ചാനു പങ്കെടുത്തിരുന്നില്ല. അടുത്ത വര്‍ഷം ഏപ്രിലില്‍ നടക്കുന്ന ലോക ഭാരോദ്വഹന ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കത്തിലാണ് ചാനു. ഇന്ത്യന്‍ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര, സ്പ്രിന്റ് റാണി ഹിമാ ദാസ്, മലയാളി താരം ജിന്‍സണ്‍ ജോണ്‍സന്‍ അടങ്ങുന്ന താരങ്ങള്‍ രാഷ്ട്രപതിയില്‍ നിന്ന് അര്‍ജുന അവാര്‍ഡും ഏറ്റുവാങ്ങി. മുന്‍ മലയാളി അത്‌ലറ്റ് ബോബി അലോഷ്യസ് ദ്യാന്‍ ചന്ദ് അവാര്‍ഡും ഏറ്റുവാങ്ങി.
ഇന്ത്യന്‍ ഹോക്കി ഇതിഹാസമായിരുന്ന ധ്യാന്‍ ചന്ദിന്റെ ജന്‍മദിനവും ദേശീയ സ്‌പോര്‍ട്‌സ് ദിനവുമായി ഓഗസ്റ്റ് 29നാണ് സാധാരണ അവാര്‍ഡുകള്‍ നല്‍കാറുള്ളത്. എന്നാല്‍ ഈ വര്‍ഷം ഓഗസ്റ്റില്‍ ഏഷ്യന്‍ ഗെയിംസ് നടന്നതിനെ തുടര്‍ന്നാണ് ചടങ്ങ് സെപ്റ്റംബറിലേക്ക് മാറ്റിയത്. ഖേല്‍രത്‌ന അവാര്‍ഡ് ജേതാക്കള്‍ക്ക് 7.5 ലക്ഷം രൂപയും പ്രശസ്തി പത്രവും ലഭിച്ചു. അര്‍ജുന അവാര്‍ഡ് നേടിവര്‍ക്ക് അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് ലഭിച്ചത്.
ഖേല്‍രത്‌ന
വിരാട് കോഹ്‌ലി, മീരാഭായ് ചാനു.
അര്‍ജുന അവാര്‍ഡ്
നീരജ് ചോപ്ര (ജാവലിന്‍), ജിന്‍സണ്‍ ജോണ്‍സന്‍ (അത്‌ലറ്റിക്‌സ്), ഹിമാദാസ് (അത്‌ലറ്റിക്‌സ്), സിക്കി റെഡ്ഢി (ബാഡ്മിന്റണ്‍), സതിഷ് കുമാര്‍ (ബോക്‌സിങ്), സ്മൃതി മന്ദാന (ക്രിക്കറ്റ്), ശുഭാങ്കര്‍ ശര്‍മ (ഗോള്‍ഫ്), മന്‍പ്രീത് സിങ്, സവിത (ഹോക്കി), രവി റാത്തോഡ് (പോളോ), രാഹി സര്‍ണോബത്, അംഗുല്‍ മിത്തല്‍, ശ്രേയസി സിങ് (ഷൂട്ടിങ്), മനിക ബത്ര, ജി സത്യന്‍ (ടേബിള്‍ ടെന്നീസ്), രോഹന്‍ ബൊപ്പണ്ണ (ടെന്നീസ്), സുമിത് (ഗുസ്തി), പുജാ കദിയന്‍ (വുഷു), അങ്കുര്‍ ദമ (പാരാ-അത്‌ലറ്റിക്‌സ്), മനോജ് സര്‍ക്കാര്‍ (പാരാ-ബാഡ്മിന്റണ്‍).
ദ്രോണാചാര്യ അവാര്‍ഡ്
സി. എ കുട്ടപ്പ (ബോക്‌സിങ്), വിജയ് ശര്‍മ (ഭാരോദ്വഹനം), ശ്രീനിവാസ റാവു( ടേബിള്‍ ടെന്നീസ്), സുഖ്‌ദേവ് സിങ് പന്നു (അത്‌ലറ്റിക്‌സ്), ക്ലാരന്‍സ് ലോബോ ( ഹോക്കി), താരക് സിന്‍ഹ (ക്രിക്കറ്റ്), ജിവാന്‍ കുമാര്‍ ശര്‍മ (ജുഡോ), വി. ആര്‍ ബീഡു (അത്‌ലറ്റിക്‌സ്).
ദ്യാന്‍ ചന്ദ് അവാര്‍ഡ്
സത്യദേവ് പ്രസാദ് (അമ്പെയ്ത്), ഭരത് കുമാര്‍ (ഹോക്കി), ബോബി അലോഷ്യസ് (അത്‌ലറ്റിക്‌സ്), ദാതു ദട്ടാത്തരി(ഗുസ്തി).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."