കെ.എസ്.യു സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം
തിരുവനന്തപുരം: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. സെക്രട്ടേറിയറ്റിനു മുന്നില്‍ കെ.എസ്.യു പ്രവര്‍ത്തകരും പൊലിസും ഏറ്റുമുട്ടി. ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ പൊലിസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. കല്ലെറിഞ്ഞ പ്രവര്‍ത്തകര്‍ക്കു നേരെ പൊലിസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെ പത്തു പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.
ഇന്നലെ ഉച്ചയ്ക്ക് 12.30 നു പാളയം രക്തസാക്ഷിമണ്ഡപത്തില്‍ നിന്നാണ് പ്രകടനമായി കെ.എസ്.യു പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനു മുന്നിലേക്ക് എത്തിയത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലിസിനെ വിന്യസിച്ചിരുന്നു. പ്രകടനം സെക്രട്ടേറിയറ്റിനു മുന്നില്‍ എത്തിയതിനു പിന്നാലെ മുദ്രാവാക്യം വിളികളുമായി ബാരിക്കേഡിന് മുന്നില്‍ പ്രവര്‍ത്തകര്‍ തടിച്ചു കൂടി. ചിലര്‍ ബാരിക്കേഡില്‍ പിടിമുറുക്കി. ഇതിന് പിന്നാലെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനത്തിന് എത്തി.
ഉദ്ഘാടകനെ കൂടാതെ എം.എല്‍.എമാരായ റോജി.എം. ജോണ്‍, ഷാഫി പറമ്പില്‍, മുന്‍ എം.എല്‍.എ പി.സി. വിഷ്ണുനാഥ് എന്നിവര്‍ പ്രസംഗിച്ചു. പിന്നാലെ മുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാനും തള്ളികയറാനും ശ്രമിച്ചു. ഇതോടെ പൊലിസ് ജലപീരങ്കിയും , മൂന്നു തവണ കണ്ണീര്‍വാതകവും പ്രയോഗിച്ചു. ഇതില്‍ ക്ഷുഭിതരായ പ്രവര്‍ത്തകര്‍ കൊടികെട്ടിയ കമ്പുകളും ചെരുപ്പുകളും കല്ലുകളും പൊലിസിന് നേര്‍ക്ക് വലിച്ചെറിഞ്ഞു. ഉന്തും തള്ളുമുണ്ടായി.
സംഘര്‍ഷത്തിന് അയവു വരാതായതോടെ പൊലിസ് ലാത്തി വീശി. ഇതിലാണ് പത്തു പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റത്. തുടര്‍ന്ന് റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു നീക്കി. ഇതോടെയാണ് ഒരു മണിക്കൂറോളം നീണ്ട സംഘര്‍ഷത്തിന് അയവുണ്ടായത്.
സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്, നേതാക്കളായ റിങ്കു പടിപ്പുരയില്‍, ജസീര്‍ പള്ളിവേല്‍, എം.അരുണ്‍രാജ്, ശ്രീലാല്‍, യദുകൃഷ്ണ തുടങ്ങിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരെ അറസ്റ്റ് ചെയ്യാനായി പൊലിസ് എത്തിയത് ആശുപത്രിയിലും നേരിയ സംഘര്‍ഷത്തിന് കാരണമായി. മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടാണ് പരിഹാരമുണ്ടാക്കിയത്. ദേശീയ ജനറല്‍ സെക്രട്ടറി നാഗേഷ് കരിയപ്പ, നേതാക്കളായ വി.പി അബ്ദുള്‍ റഷീദ്, നബീല്‍ കല്ലമ്പലം, രാഹുല്‍ മാങ്കൂട്ടം, ശില്‍പ, സ്‌നേഹ, സുബിന്‍ മാത്യു നേതൃത്വം നല്‍കി.
പൊലിസുകാര്‍ക്കെതിരേ
നടപടി വേണമെന്ന്
മുല്ലപ്പള്ളി
തിരുവനന്തപുരം: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് തലസ്ഥാനത്ത് കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനിടെ പ്രവര്‍ത്തകര്‍ക്കുനേരെ ക്രൂരമര്‍ദനം അഴിച്ചുവിട്ട പൊലിസ് ഉദ്യോഗസ്ഥര്‍ക്കുനേരെ നടപടി വേണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ എത്തിയ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ഇക്കാര്യത്തില്‍ മറുപടി പറയണം. കെ.എസ്.യു മാര്‍ച്ചിന് നേരെയുള്ള പൊലിസ് അതിക്രമം ക്രൂരവും മൃഗീയവുമായിരുന്നെന്നും ഇത് സര്‍ക്കാരിന് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ മേഖലയെ കച്ചവടവല്‍കരിക്കുന്ന ഇടതുസര്‍ക്കാര്‍ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ തുഗ്ലക്ക് പരിഷ്‌കാരമാണ് നടത്തുന്നത്. കൃത്യമായി ആലോചനയില്ലാതെ നടപ്പാക്കുന്ന ഈ റിപ്പോര്‍ട്ട് വിദ്യാഭ്യാസ മേഖലയെ പുറകോട്ട് വലിക്കുന്നതാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഇന്ന് കെ.എസ്.യു
വിദ്യാഭ്യാസ ബന്ദ്
തിരുവനന്തപുരം: ഖാദര്‍കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ കെ.എസ്.യു നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ച പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ.എം അഭിജിത്ത് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."