ഫണ്ടിന്റെ വിനിയോഗത്തിന് കണക്കില്ല; നഗരസഭയ്ക്ക് മന്ത്രിയുടെ രൂക്ഷ വിമര്‍ശനം
ചെങ്ങന്നൂര്‍: മുന്‍വര്‍ഷത്തെ ഫണ്ടിന്റെ വനിയോഗം സംബന്ധിച്ച കണക്കുകള്‍ നല്‍കാതെ ശബരിമല തീര്‍ഥാടന മുന്നോരുക്കങ്ങള്‍ക്കായി നഗരസഭയ്ക്ക് ഇനി പണം അനുവദിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇന്നലെ ചെങ്ങന്നൂര്‍ നഗരസഭാ ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
എല്ലാ വര്‍ഷവും സര്‍ക്കാര്‍ 25 ലക്ഷം രൂപ നഗരസഭയ്ക്ക് തീര്‍ഥാടനത്തിന്റെ നടത്തിപ്പിനായി നല്‍കുന്നതാണ്. എന്നാല്‍ ചെലവഴിച്ച കണക്ക് നഗരസഭ നല്‍കിയിട്ടില്ല. കണക്ക് കാണിക്കാതെ ഒരു പൈസ പോലും ഇനി നല്‍കില്ല. നല്‍കിയാല്‍ തന്നെ പ്രത്യേക മാനദണ്ഡങ്ങള്‍ വച്ചേ അനുവദിക്കൂ. കണക്ക് കാണിക്കാനുള്ള ബാധ്യത ഉദ്യോഗസ്ഥര്‍ക്കുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാത്തത്തിന് നഗരസഭയെയും മന്ത്രി വിമര്‍ശിച്ചു. നവംബര്‍ 17ന് ശബരിമല തീര്‍ഥാടനം ആരംഭിക്കാനിരിക്കേ ഫണ്ട് ലഭ്യമാകാന്‍ കാലതാമസം നേരിട്ടാന്‍ ശബരിമലയുടെ പ്രവേശന കവാടവും പ്രധാന ഇടത്താവളമായ ചെങ്ങന്നൂരില്‍ മുന്നൊരുക്കങ്ങള്‍ അവതാളത്തിലാകും. കണക്ക് ഹാജരാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ മണ്ഡല കാലത്തും നഗരസഭയ്ക്ക് ഫണ്ട് ലഭിക്കാന്‍ കാലതാമസം നേരിട്ടിരുന്നു.
തീര്‍ഥാടനം ഉള്‍പ്പെടെയുളള വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് നഗരസഭ നടത്തിയ നിര്‍മാണ, ശുചീകരണ, വ്യക്തിഗത ആനുകൂല്യങ്ങളില്‍ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ ലോക്കല്‍ ഫണ്ട് ഓഡിറ്റിങില്‍ കണ്ടെത്തിയിരുന്നു. അയ്യപ്പന്മാര്‍ക്ക് കുപ്പിവെള്ളം സൗജന്യ നിരക്കില്‍ നല്‍കുന്നതില്‍പോലും വ്യാപക ക്രമക്കേട് നടന്നിട്ടുള്ളതായിരുന്നെന്ന് കണ്ടെത്തി. അന്യസംസ്ഥാനങ്ങളില്‍ നിന്ന് ട്രെയിന്‍ മാര്‍ഗവും മറ്റു വാഹനങ്ങളിലും ചെങ്ങന്നൂരിലെത്തി ശബരിമല തീര്‍ഥാടനത്തിന് പോകുന്നവര്‍ ഏറെയാണ്. തീര്‍ഥാടന കാലം ആരംഭിക്കുന്നതിന് മുന്‍പ് നഗരസഭയ്ക്ക് തുക ലഭ്യമായില്ലെങ്കില്‍ ചെങ്ങന്നൂര്‍ ഇടത്താവളത്തിലെത്തിയുള്ള അയ്യപ്പന്മാരുടെ യാത്ര കഠിനമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."