സിദ്ദീഖ് വധം: പ്രതിക്ക് ഏഴുവര്‍ഷം കഠിന തടവും അരലക്ഷം രൂപ പിഴയും
മഞ്ചേരി: കുറ്റിപ്പുറം പഴയ റയില്‍വേ ഗേറ്റിന് സമീപം വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പാലക്കളത്തില്‍ സൈതലവിയുടെ മകന്‍ മുഹമ്മദ് സിദ്ദീഖി (50) നെ മരത്തായ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിക്ക് ഏഴു വര്‍ഷം കഠിന തടവിനും അര ലക്ഷം രൂപ പിഴയടക്കാനും മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) ശിക്ഷ വിധിച്ചു. തമിഴ്‌നാട് കടലൂര്‍ കാട്ടുമുന്നാര്‍കുടി കതിരുമേട് വടക്കുമാന്‍കുടി ചിന്നയ്യന്റെ മകന്‍ സി. ദേവദാസ് (52) നെയാണ് ജഡ്ജി എ.വി നാരായണന്‍ ശിക്ഷിച്ചത്.
ഇന്ത്യന്‍ ശിക്ഷാ നിയമം 304 പ്രകാരം മനപ്പൂര്‍വമല്ലാത്ത നരഹത്യ എന്ന വകുപ്പിലാണ് കോടതി ശിക്ഷ വിധിച്ചത്. 41 സാക്ഷികളില്‍ 24 പേരെ അഡീഷണല്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ പി പി.ബാലകൃഷ്ണന്‍ കോടതി മുമ്പാകെ വിസ്തരിച്ചു. 20 രേഖകളും നാല് തൊണ്ടി മുതലുകളും ഹാജരാക്കി. കോടതി വിധിച്ച പിഴ സംഖ്യ അടക്കുന്നപക്ഷം കൊല്ലപ്പെട്ടയാളുടെ മകന് നല്‍കാനും അടക്കാത്തപക്ഷം ആറു മാസത്തെ അധിക തടവ് അനുഭവിക്കാനും കോടതി വിധിച്ചു.2016 ഓഗസ്റ്റ് ഒമ്പതിന് രാത്രി 8.30നാണ് കേസിനാസ്പദമായ സംഭവം. സുഹൃത്തുക്കളും കൂലിപ്പണിക്കാരുമായ ഇരുവരും ഒരേ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചു വരികയായിരുന്നു. മുറിയുടെ വാടക സംബന്ധിച്ചും പ്രതി ഉച്ചത്തില്‍ ഫോണ്‍ വിളിച്ചത് സംബന്ധിച്ചുമുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വളാഞ്ചേരി സി.ഐ കെ എം സുലൈമാനാണ് 2016 ഓഗസ്റ്റ് 22ന് പ്രതിയെ അറസ്റ്റ് ചെയ്തതും കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."