പാകിസ്താന് ഇന്ന് അത്ഭുതങ്ങള്‍ കാണിക്കണം
ലോര്‍ഡ്‌സ്: ലോര്‍ഡ്‌സിലെ മൈതാനത്ത് ഇന്ന് ബംഗ്ലാദേശിനെ നേരിടുന്ന പാകിസ്താന് സെമിയില്‍ എത്തണമെങ്കില്‍ അത്ഭുതങ്ങള്‍ കാണിക്കേണ്ടി വരും.
ന്യൂസിലന്‍ഡ് ഇംഗ്ലണ്ടിനു മുന്നില്‍ വീണതോടുകൂടി പാക് സെമി മോഹങ്ങള്‍ക്ക് അറുതിയായിരിക്കുകയാണ്. ഇന്ത്യയോടോ ന്യൂസിലന്‍ഡിനോടോ ഇംഗ്ലണ്ട് തോല്‍ക്കുകയും ഇന്നത്തെ മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിക്കുകയോ ചെയ്താല്‍ പാകിസ്താന് സെമിയില്‍ കയറാമെന്നിരിക്കേ അവരുടെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായാണ് മത്സരഫലങ്ങള്‍ സംഭവിച്ചത്.
നേരത്തേ പാകിസ്താന്റെ സെമി സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി സഹായിക്കണമെന്ന മുന്‍ പാക് താരം അക്തറിന്റെ വിഡിയോ വൈറലായിരുന്നു. എജ്ബാസ്റ്റണില്‍ ഇന്ത്യ ഇംഗ്ലണ്ടിനോടു തോറ്റതോടെ അവരുടെ പ്രതീക്ഷ മുഴുവനും ന്യൂസിലന്‍ഡ് -ഇംഗ്ലണ്ട് മത്സരത്തിലായി.
എന്നാല്‍ ഈ ലോകകപ്പില്‍ അവരുടെ ഏറ്റവും വലിയ മാര്‍ജിനിലുള്ള തോല്‍വികളിലൊന്നാണ് കിവികള്‍ ഇംഗ്ലണ്ടിനോട് ഏറ്റുവാങ്ങിയത്. ഇതോടുകൂടി പാകിസ്താന്റെ സെമിപ്രവേശനം ചോദ്യചിഹ്നമായി വീണ്ടും തുടര്‍ന്നു. നിലവില്‍ നാലാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡിന് 11 പോയിന്റും അഞ്ചാംസ്ഥാനത്തുള്ള പാകിസ്താന് ഒന്‍പതു പോയിന്റുമാണുള്ളത്. ബംഗ്ലാദേശിനെതിരേയുള്ള മത്സരത്തില്‍ ജയിക്കുകയാണെങ്കില്‍ പോയിന്റ് നിലയില്‍ കിവികള്‍ക്കൊപ്പം എത്തുമെങ്കിലും നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ കിവീസ് സെമിയില്‍ പ്രവേശിക്കും.
പാക് സാധ്യതകള്‍
ബംഗ്ലാദേശിനെ വലിയ മാര്‍ജിനില്‍ തോല്‍പിക്കാന്‍ കഴിഞ്ഞാലേ പാകിസ്താന് ഇനി സെമി സാധ്യതയുള്ളൂ. ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ കൂറ്റന്‍ സ്‌കോര്‍ നേടുകയും 308 റണ്‍സിന് വിജയിക്കുകയും ചെയ്‌തെങ്കില്‍ മാത്രം സെമി സാധ്യത. ഇനി രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ ബംഗ്ലാദേശ് ഉയര്‍ത്തുന്ന ഏതു സ്‌കോറും പൂജ്യം പന്തിനുള്ളില്‍ മറികടക്കണം.അത് അസാധ്യമായതുകൊണ്ട് സര്‍ഫറാസിന്റെയും കൂട്ടരുടെയും സെമി പ്രവേശനം ദിവാസ്വപ്നമാകാനാണ് സാധ്യത. ഈ ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും സെമിയില്‍ എത്താത പോയ ബംഗ്ലാ കടുവകള്‍ പാകിസ്താന് മുന്നില്‍ വഴിമുടക്കികളാകുമെന്നതുറപ്പാണ്. ഷാക്കിബും കൂട്ടരും ജയത്തോടെ ലോകകപ്പില്‍നിന്ന് മടങ്ങാനായിരിക്കും കച്ചകെട്ടി ഇറങ്ങുക. വൈകിട്ട് മൂന്നിനാണ് മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."