വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പ്രതി പിടിയില്‍
മട്ടാഞ്ചേരി: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് മോഷണവും തട്ടിപ്പും നടത്തുന്നയാള്‍ തോപ്പുംപടി പൊലിസിന്റെ പിടിയിലായി.
പത്തനംതിട്ട മല്ലപ്പള്ളി ആലും മൂട്ടില്‍ വീട്ടില്‍ രാജേഷ് ജോര്‍ജ്ജ്(43)നെയാണ് പള്ളുരുത്തി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ ജി അനീഷ്, തോപ്പുംപടി എസ്.ഐ.സി ബിനു എന്നിവരുടെ നേതൃത്വത്തില്‍ മല്ലപ്പള്ളിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
തോപ്പുംപടി ബേബി മറൈന്‍ റോഡിലുള്ള തടി മില്ലില്‍ തടി വാങ്ങാനെന്ന വ്യാജേനയെത്തി മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപ മോഷ്ടിച്ച കേസില്‍ അന്വേഷണം നടത്തി വരവേയാണ് പ്രതി പിടിയിലായത്.
മോഷണത്തിന് പുറമേ വനിത ജീവനക്കാര്‍ മാത്രമുള്ള സ്ഥാപനങ്ങളില്‍ ഉടമയില്ലാത്ത സമയം നോക്കിയെത്തി ഉടമയുടെ വിശ്വസ്തനാണെന്ന് വരുത്തി തീര്‍ത്ത് ഉടമയുമായി ഫോണില്‍ സംസാരിക്കുന്നതായി ജീവനക്കാരിയെ വിശ്വസിപ്പിച്ച് പണം തട്ടുന്ന രീതിയും ഇയാള്‍ക്കുണ്ട്. ഇത്തരത്തില്‍ നിരവധി സ്ഥാപനങ്ങളില്‍ നിന്ന് പണം നഷ്ടപ്പെട്ടതായി വിവിധ സ്റ്റേഷനുകളില്‍ പരാതിയുണ്ട്.
ചില കടകളിലെ സിസി ടി.വി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്. പശ്ചിമകൊച്ചിയില്‍ പള്ളുരുത്തി, മട്ടാഞ്ചേരി, ഫോര്‍ട്ട്‌കൊച്ചി, തോപ്പുംപടി തുടങ്ങിയ ഭാഗങ്ങളില്‍ നിന്നുള്ള വ്യാപാര സ്ഥാപനങ്ങളില്‍ സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയതായി പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്. ഇതിന് പുറമേ ഇയാള്‍ പൊലീസ് പിടിയിലായതറിഞ്ഞ് വിവിധ ജില്ലകളില്‍ നിന്നും പരാതികള്‍ ലഭിക്കുന്നുണ്ട്.
രാവിലെ വീട്ടില്‍ നിന്ന് ജോലിക്കെന്ന് പറഞ്ഞ് സ്‌കൂട്ടറില്‍ ഇറങ്ങുന്ന രാജേഷ് ഇത്തരത്തില്‍ തട്ടിപ്പ് നടത്തി വൈകിട്ട് വീട്ടില്‍ തിരിച്ചെത്തുകയാണ് പതിവെന്ന് പൊലിസ് പറഞ്ഞു. മട്ടാഞ്ചേരി അസി.കമ്മിഷണര്‍ എസ് വിജയന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.
സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ രത്‌നകുമാര്‍,ആര്‍ അനില്‍കുമാര്‍,ജി അനില്‍കുമാര്‍,സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഫ്രാന്‍സിസ്,രതീഷ് ബാബു അനു കുമാര്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ഇത്തരത്തില്‍ തട്ടിപ്പിനിരയായവര്‍ തോപ്പുംപടി പൊലിസുമായി ബന്ധപ്പെടണമെന്നും പൊലീസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."