വിധിയോട് പൊരുതി വിരിയുന്ന കുടകള്‍
കോഴിക്കോട്: വിധിയോട് പൊരുതാന്‍ കുട ആയുധമാക്കുകയാണിവര്‍. ജന്മനാ ശരീരം തളര്‍ന്നവരും അപകടങ്ങള്‍ തളര്‍ത്തിയവരുമായ കോഴിക്കോട്ടെ 16 ജീവിതങ്ങളാണ് കുട നിര്‍മാണത്തിലൂടെ ജീവിതത്തിലെ സുവര്‍ണ നിമിഷങ്ങളെ തിരിച്ചുപിടിക്കുന്നത്. കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങളോ കുടകള്‍ക്കൊപ്പം സമ്മാനങ്ങളോ നല്‍കാന്‍ ഇവര്‍ക്ക് കഴിയില്ല. പക്ഷേ പ്രമുഖ കമ്പനികളോട് കരുത്തിലും ഗുണമേന്മയിലും കിടപിടിക്കുന്ന കുടകള്‍ തന്നെയാണ് ഇവരുടേത്.
ടു ഫോള്‍ഡ്, ത്രീ ഫോള്‍ഡ്, കറുപ്പ്, ബഹുവര്‍ണം, ഫാന്‍സി, കാലന്‍ കുടകള്‍ തുടങ്ങി റസ്റ്റോറന്റുകളിലും തെരുവുകളിലുമൊക്കെ വയ്ക്കുന്ന വലിയ കുടകള്‍ വരെ ഇവര്‍ നിര്‍മിക്കുന്നുണ്ട്. 250 മുതല്‍ 300 രൂപ വരെയാണ് ഇവയുടെ വില.
കുട നിര്‍മാണത്തിനാവശ്യമായ വസ്തുക്കള്‍ കോഴിക്കോട്ട് നിന്നു തന്നെയാണ് വാങ്ങുന്നത്. 10 മുതല്‍ 20 വരെ കുടകള്‍ ദിവസവും നിര്‍മിക്കും. ഒരു കുടയിലൂടെ 40 രൂപയാണ് ഇവര്‍ക്ക് ലഭിക്കുന്നത്. ഭിന്നശേഷിക്കാര്‍ക്ക് മറ്റുള്ളവരെ ആശ്രയിക്കാതെ സ്വയം സാമ്പത്തിക സുരക്ഷ കൈവരിക്കാനാകുമെന്നാണ് ഇതുവഴി ഇവര്‍ സമൂഹത്തിന് നല്‍കുന്ന പാഠം. പ്രദേശവാസികള്‍ക്കിടയിലും മടവൂരിലെ രാംപൊയിലിലുള്ള അഷ്‌റഫിന്റെ കടയിലുമാണ് കുടകളുടെ വിപണനം നടക്കുന്നത്.
തെങ്ങുകയറ്റത്തിനിടെ വീണ്് അരയ്ക്കുതാഴെ തളര്‍ന്നു കിടപ്പിലായ അഷ്‌റഫ് മടവൂര്‍, പാലിയം എന്ന പേരില്‍ കുട നിര്‍മാണം 2004-ല്‍ ആണ് തുടങ്ങിയത്. പിന്നീട് തന്നെപ്പോലെ വൈകല്യങ്ങളാല്‍ പ്രയാസപ്പെടുന്ന 15 പേരെ കൂടി ചേര്‍ത്ത് അദ്ദേഹം ഇതൊരു കൂട്ടായ്മയായി വളര്‍ത്തുകയായിരുന്നു. കോഴിക്കോട് നഗരത്തില്‍ മാത്രമല്ല കേരളത്തില്‍ എല്ലായിടത്തും ഇവരുടെ കുടകള്‍ക്ക് ആവശ്യക്കാരുണ്ട്. പാര്‍സല്‍ വഴിയാണ് കുടകള്‍ എല്ലായിടത്തും എത്തിക്കുന്നത്. വിവിധ സന്നദ്ധ സംഘടനകള്‍ സഹായമെന്ന നിലയില്‍ കുടകള്‍ മൊത്തമായി വാങ്ങാറുമുണ്ട്.
സ്‌കൂള്‍ കുട്ടികള്‍ക്കായി ചാരിറ്റി പ്രവര്‍ത്തകര്‍ നല്‍കുന്ന പഠനോപകരണ വിതരണത്തില്‍ കുടകള്‍ ഉള്‍പ്പെടുത്തുമ്പോള്‍ മിക്കവരും ഇവരെയാണ് സമീപിക്കാറ്. സമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം വ്യാപകമായതോടെ വിദേശത്തു നിന്നടക്കം കുട ആവശ്യപ്പെട്ട് ആളുകള്‍ എത്താറുണ്ടെന്ന് ഇവര്‍ പറയുന്നു.
കുട നിര്‍മാണത്തെക്കുറിച്ച് ഇവരുള്‍പ്പെടുന്ന ഫേസ്ബുക്ക് ഗ്രൂപ്പായ ഹാന്‍ഡിക്രോപ്‌സില്‍ വന്ന പോസ്റ്റ് 40000 പേരാണ് ഒരാഴ്ചയ്ക്കകം ഷെയര്‍ ചെയ്തത്. കുടകളുടെ വിപണനവും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയും എളുപ്പമാക്കിക്കൊണ്ട് ഫേസ്ബുക്ക് ഗ്രൂപ്പ് ഇവര്‍ക്ക് തുണയാവുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."