ബഷീറിന്റെ ഓര്‍മ വൈലാലില്‍ ഒതുങ്ങുന്നു
കോഴിക്കോട്: മലയാള സാഹിത്യത്തില്‍ ഒരേ ഒരു സുല്‍ത്താനേ ഉള്ളൂ. അടുക്കും ചിട്ടയോടും കൂടി വളരെക്കുറച്ച് എഴുതാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. അലക്കിത്തേച്ച വടിവൊത്ത ഭാഷയ്ക്കു പകരം സാധാരണക്കാരന്റെ നാട്ടുഭാഷയില്‍ അദ്ദേഹം എഴുതി. തന്റേതുമാത്രമായ ശൈലികളും വാക്കുകളും മലയാളത്തിനു നല്‍കി.
പക്ഷേ അദ്ദേഹത്തിനായി മലയാളനാട് ഒന്നും തിരിച്ചു നല്‍കിയില്ല. വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മയായിട്ട് കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും അര്‍ഹിക്കുന്ന ഒരു സ്മാരകം കോഴിക്കോട് നിര്‍മിക്കാന്‍ അധികൃതര്‍ക്ക് ഇതുവരേയും കഴിഞ്ഞിട്ടില്ല എന്നത് ആ കലാകാരനോടുള്ള അവഗണനയുടെ ബാക്കിപത്രമാണ്.
ബഷീറിന്റെ പേരില്‍ സാംസ്‌കാരിക സമുച്ചയം നിര്‍മിക്കുമെന്ന ബജറ്റ് പ്രഖ്യാപനം ഏറെ പ്രതീക്ഷയോടെയായിരുന്നു ആരാധകരും ബന്ധുക്കളും വരവേറ്റത്. എന്നാല്‍ പ്രഖ്യാപനങ്ങള്‍ വെറും കടലാസിലൊതുങ്ങി.
2008ല്‍ ബഷീര്‍ സ്മാരക ഉപദേശക സമിതി രൂപീകരിക്കുമ്പോള്‍ അന്നത്തെ സാംസ്‌കാരിക മന്ത്രി എം.എ ബേബി ചെയര്‍മാനും എം.ടി വാസുദേവന്‍ നായര്‍ വൈസ് ചെയര്‍മാനും കെ.ജെ തോമസ് സെക്രട്ടറിയുമായിരുന്നു. ജില്ലാ കലക്ടര്‍ ആയിരുന്നു ട്രഷറര്‍. ബഷീര്‍ കുടുംബത്തിലെ അംഗം എന്ന നിലയില്‍ മകന്‍ അനീസ് ബഷീറും കമ്മിറ്റിയില്‍ ഉണ്ടായിരുന്നു. സ്മാരകം നിര്‍മിക്കാന്‍ ബജറ്റില്‍ 50 ലക്ഷം നീക്കിവച്ചിരുന്നു.
ആദ്യം ബേപ്പൂരിലും പിന്നീട് സരോവരം ബയോപാര്‍ക്കിനു സമീപവും സ്മാരകം നിര്‍മിക്കാന്‍ ശ്രമം നടന്നെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളാല്‍ ഇതു നടപ്പായില്ല. സ്മാരക നിര്‍മാണത്തിന് സര്‍ക്കാര്‍ അനുവദിച്ച പണം ട്രഷറിയില്‍ കിടക്കുകയായിരുന്നു ഇതുവരെ. എന്നാല്‍ ഈയടുത്ത് തുക സാംസ്‌കാരിക വകുപ്പ് തിരിച്ചെടുത്തു. അതേസമയം, സ്മാരകത്തിനായുള്ള സ്ഥലവും മറ്റും കണ്ടെത്തിയാല്‍ പണം എപ്പോള്‍ വേണമെങ്കിലും ലഭിക്കുമെന്ന് അനീസ് ബഷീര്‍ പറയുന്നു.
സാംസ്‌കാരിക വകുപ്പില്‍നിന്ന് തനിക്ക് ഇതുസംബന്ധിച്ച് അറിയിപ്പ് കിട്ടിയതായും അദ്ദേഹം പറയുന്നു. 2016ല്‍ പുതിയ സര്‍ക്കാര്‍ വന്നശേഷം ബഷീര്‍ സ്മാരക ഉപദേശക സമിതി പുനഃസംഘടിപ്പിച്ചിട്ടില്ല. എത്രയും പെട്ടന്ന് സമിതി പുനഃസ്ഥാപിക്കണം. എങ്കില്‍ മാത്രമേ ബഷീര്‍ സ്മാരകം യാഥാര്‍ഥ്യമാകുകയുള്ളൂ എന്നും അദ്ദേഹം പറയുന്നു. കോഴിക്കോട് മാനാഞ്ചിറയ്ക്കു സമീപം ബാങ്ക് റോഡിനടുത്ത് ബഷീറിന്റെ പുസ്തകം തിന്നുന്ന ആടിന്റെ ശില്‍പവും സെന്‍ട്രല്‍ ലൈബ്രറിയില്‍നിന്ന് രണ്ടാംഗേറ്റിനു സമീപത്തേക്ക് പോവുന്ന റോഡിന് അദ്ദേഹത്തിന്റെ പേര് നല്‍കിയെന്നതുമല്ലാതെ മറ്റൊന്നും അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി പ്രിയ നഗരത്തില്‍ ഇല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."