സി.എ.ജി റിപ്പോര്‍ട്ട് കിഫ്ബിക്ക് നല്‍കിയ സംഭവം; ധനകാര്യ അഡിഷണല്‍ ചീഫ് സെക്രട്ടറിക്കെതിരേ അവകാശലംഘനത്തിന് നോട്ടിസ്
തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ട് കിഫ്ബിക്ക് നല്‍കിയ സംഭവത്തില്‍ ധനകാര്യ അഡിഷണല്‍ ചീഫ് സെക്രട്ടറി രാജേഷ്‌കുമാര്‍ സിങ്ങിനെതിരേ കെ.എസ് ശബരീനാഥന്‍ എം.എല്‍.എ അവകാശലംഘനത്തിന് നോട്ടിസ് നല്‍കി. കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിര്‍വഹണവും സംബന്ധിച്ച ചട്ടം 154 പ്രകാരമാണ് നോട്ടിസ് നല്‍കിയത്.
റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് അയച്ച് ഗവര്‍ണറുടെ അനുമതിയോടുകൂടി സഭയുടെ മേശപ്പുറത്ത് വയ്ക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. അതിനുപകരം റിപ്പോര്‍ട്ടിലെ കിഫ്ബിയെ സംബന്ധിക്കുന്ന ഭാഗത്തിന്റെ പകര്‍പ്പെടുത്ത് ധനകാര്യ അഡിഷണല്‍ ചീഫ് സെക്രട്ടറി കിഫ്ബി സി.ഇ.ഒക്ക് അയച്ചുകൊടുത്തതായി ധനമന്ത്രി തോമസ് ഐസക് തന്നെ വെളിപ്പെടുത്തിയിരുന്നു. സി.എ.ജി റിപ്പോര്‍ട്ടുകള്‍ സഭയില്‍ വയ്ക്കുന്നതുവരെ അതീവ രഹസ്യമായി സൂക്ഷിക്കേണ്ട രേഖയാണ്. അതിനാല്‍ സി.എ.ജിയുടെ റിപ്പോര്‍ട്ടിലെ കിഫ്ബിയുമായി ബന്ധപ്പെട്ട പരാമര്‍ശത്തിന്റെ പകര്‍പ്പ് കിഫ്ബി സി.ഇ.ഒക്ക് ധനകാര്യ അഡിഷണല്‍ ചീഫ് സെക്രട്ടറി അയച്ചുകൊടുത്തുവെന്ന മന്ത്രിയുടെ വെളിപ്പെടുത്തല്‍ അതീവ ഗൗരവമുള്ള വിഷയമാണ്.
ഇതിലൂടെ ഈ ഉദ്യോഗസ്ഥന്‍ നിയമസഭാംഗങ്ങളുടെയും നിയമസഭയുടെയും പ്രത്യേക അവകാശങ്ങളുടെ കടുത്ത ലംഘനമാണ് നടത്തിയിട്ടുള്ളത്.
അതിനാല്‍ രാജേഷ് കുമാര്‍ സിങ്ങിനെതിരേ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ശബരീനാഥന്‍ നോട്ടിസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."