എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണ ബോര്‍ഡില്‍ ഫിറോസ് കുന്നംപറമ്പില്‍; വിവാദം
മലപ്പുറം: സ്ഥാനാര്‍ഥിയുടെ പ്രചാരണ ബോര്‍ഡില്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെ ഉള്‍പ്പെടുത്തി എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. മുഖ്യമന്ത്രി പിണറായി വിജയന്‍ കെ.ടി ജലീല്‍ എന്നിവര്‍ക്കൊപ്പമാണ് ഫിറോസ് കുന്നംപറമ്പിലിനെ പ്രചാരണ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഒതുക്കുങ്ങല്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയുടെപ്രചാരണ ബോര്‍ഡിലാണ് ഫിറോസ് കുന്നംപറമ്പിലിന്റെ ചിത്രവുമുള്ളത്. ഫിറോസിനെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ പേരില്‍ സാമൂഹ്യ മാധ്യമങ്ങളിലടക്കം രാഷ്ട്രീയമായി വേട്ടയാടിയ ഇടത് പക്ഷത്തിന്റെ പ്രചാരണ ബോര്‍ഡുകളില്‍ പ്രത്യക്ഷപ്പെട്ടത് ഏറെ വിവാദമായിരിക്കുകയാണ്. ആശ്രയമറ്റവര്‍ക്ക് പ്രതീക്ഷയായി എന്ന തലക്കെട്ടോടെയുള്ള ബോര്‍ഡിലാണ് മുഖ്യമന്ത്രിയും കെ.ടി ജലീലിനുമൊപ്പം ഫിറോസിനെയും സുശാന്ത് നിലമ്പൂരിനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മന്ത്രി കെ.ടി ജലീലിനെതിരേ ഫിറോസ് കുന്നംപറമ്പില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയാകുമെന്ന് സോഷ്യല്‍ മീഡിയകളില്‍ പ്രചാരണമുണ്ടായിരുന്നു. ഫിറോസ് ഇക്കാര്യം നിഷേധിക്കുകയും ചെയ്തു. ആ വിഷയം അവിടെ അവസാനിച്ചെങ്കിലും ഇപ്പോള്‍ ഇരുവരും ഒരു സ്ഥാനാര്‍ഥിയുടെ ബോര്‍ഡില്‍ പ്രത്യക്ഷപ്പെട്ടത് സാമൂഹ്യമാധ്യമങ്ങളിലടക്കം ഏറെ ചര്‍ച്ചയായിരിക്കുകയാണ്.
ചാരിറ്റി പ്രവര്‍ത്തനത്തിന്റെ പേരില്‍ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി കുരുണിയന്‍ ഹസീനയാണ് മത്സരിക്കുന്നത്. അതേസമയം യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പേരും കുരുണിയന്‍ ഹസീന തന്നെയാണെന്നും കൗതുകകരമാണ്. ഒരേ പേരുള്ള സ്ഥാനാര്‍ഥി മത്സരിക്കുന്ന വാര്‍ഡ് നേരെത്തെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."