ഉത്തര്‍പ്രദേശില്‍ മതംമാറ്റ പ്രതിഷേധവുമായി ദലിതുകള്‍
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരില്‍ നിന്നുള്ള വിവേചനങ്ങള്‍ക്കും സവര്‍ണ അതിക്രമങ്ങള്‍ക്കുമെതിരേ മതംമാറ്റമെന്ന പ്രതിഷേധരൂപവുമായി ദലിതുകള്‍. പശ്ചിമ ഉത്തര്‍പ്രദേശില്‍ നിന്നാണ് മതംമാറ്റ പ്രഖ്യാപനമുണ്ടായിരിക്കുന്നത്. ഇവിടെ രണ്ടായിരത്തോളം ദലിതുകള്‍ ഇസ്‌ലാംമതം സ്വീകരിക്കുമെന്നു പ്രഖ്യാപിച്ചു. അലിഗഡ് ജില്ലയിലെ കിഷേപൂര്‍, ജാഫ്രി ഗ്രാമങ്ങളില്‍ നിന്നുള്ള കുടുംബങ്ങളാണു മതംമാറുമെന്നു പ്രഖ്യാപിച്ചത്. മതംമാറ്റത്തിന്റെ ഭാഗമായി ഇവരുടെ വീടുകളിലുള്ള ഹൈന്ദവദേവന്‍മാരുടെ ചിത്രങ്ങള്‍ പ്രദേശത്തെ കിണറ്റിലെറിഞ്ഞു. രണ്ടാഴ്ച മുന്‍പ് സഹാറന്‍പൂരില്‍ സവര്‍ണ സമുദായക്കാരായ താക്കൂര്‍ വിഭാഗവും ദലിതുകളും തമ്മിലുണ്ടായ സംഘര്‍ഷത്തോടെയാണ് ഒരിടവേളയ്ക്കു ശേഷം ഉത്തരേന്ത്യയില്‍ മതംമാറ്റമെന്ന ദലിതുകളുടെ പ്രതിഷേധരൂപം ഒരിക്കല്‍ കൂടി സജീവമായത്. നിരവധിപേര്‍ക്കു പരുക്കേറ്റ സംഘര്‍ഷത്തില്‍ ദലിത്പക്ഷത്താണ് കൂടുതല്‍ നഷ്ടം. താക്കൂര്‍ വിഭാഗക്കാര്‍ ദലിതരുടെ വീടുകളും വാഹനങ്ങളും തീയിടുകയുമുണ്ടായി.
സഹാറന്‍പൂര്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഇരുവിഭാഗത്തെയും 10 പേര്‍ക്കെതിരേ കേസെടുത്ത് ചിലരെ അറസ്റ്റ് ചെയ്‌തെങ്കിലും ആക്രമണങ്ങളുടെ സൂതധാരനായ താക്കൂര്‍ നേതാവിനെ പിടികൂടാതെ പൊലിസ് സംരക്ഷിക്കുകയാണെന്നു ദലിതുകള്‍ ആരോപിക്കുന്നു. താക്കൂര്‍ നേതാവിനെതിരേ ജില്ലാഭരണകൂടത്തിന് പരാതി നല്‍കിയെങ്കിലും ഇതുവരെ ഒരുനടപടിയും സ്വീകരിച്ചില്ലെന്നും ദലിത് വിഭാഗക്കാരനായ ചന്ദ്രവീര്‍ പറഞ്ഞു. ഞങ്ങളുടെ സ്ത്രീകളും കുഞ്ഞുങ്ങളും പുറത്തുപോകാന്‍ ഭയക്കുകയാണ്. ഐ.പി.സിയിലെ ചില വകുപ്പുകള്‍ അന്യായമായി പൊലിസ് ദലിതുകള്‍ക്കെതിരേ മാത്രം ചുമത്തുകയാണ്. ഈ അനീതിയും വിവേചനവും അവസാനിപ്പിച്ചില്ലെങ്കില്‍ വെള്ളിയാഴ്ച പരസ്യമായി ഇസ്‌ലാം മതം സ്വീകരിക്കും- അദ്ദേഹം വ്യക്തമാക്കി. ഉന്നതജാതി ഹിന്ദുക്കളില്‍ നിന്നുള്ള പീഡനത്തില്‍ നിന്നു രക്ഷനേടാന്‍ മതംമാറ്റമല്ലാതെ രക്ഷയില്ലെന്ന് ദലിത് നേതാവ് ബണ്ടിസിങ് പറഞ്ഞു. മേല്‍ജാതിക്കാര്‍ തങ്ങളെ ഹിന്ദുക്കളായിട്ടു പോലും കാണുന്നില്ല. മോശംപദപ്രയോഗങ്ങളാണ് അവര്‍ തങ്ങള്‍ക്കെതിരേ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."