കേരള ബാങ്ക്: ശമ്പളം ഏകീകരിക്കുന്നതിനുള്ള പ്രവര്‍ത്തനം തുടങ്ങി
തിരുവനന്തപുരം: കേരള ബാങ്ക് രൂപീകരണത്തിന്റെ ഭാഗമായി ജീവനക്കാരുടെ ശമ്പളം ഏകീകരിക്കുന്നതിനുള്ള കമ്മിഷന്റെ പ്രവര്‍ത്തനം തുടങ്ങി.
റിട്ട. ജസ്റ്റിസ് ഗുണവന്ധന് അധ്യക്ഷനായ നാലംഗ കമ്മിഷനാണ് കേരള ബാങ്കുമായി ബന്ധപ്പെട്ട ശമ്പളം ഏകീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. ജില്ലാ സഹകരണ ബാങ്കുകളിലെ ജീവനക്കാരുമായും യൂനിയന്‍ നേതാക്കളുമായും കമ്മിഷന് ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. കേരള ബാങ്ക് രൂപീകരിക്കുന്നതിന് റിസര്‍വ് ബാങ്കിന്റെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. ഉടന്‍തന്നെ റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയാണ് സര്‍ക്കാരിനുള്ളത്.
റിസര്‍വ് ബാങ്കില്‍ നിന്ന് പുതിയ നിര്‍ദേശങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ അതിനനുസരിച്ചുള്ള മാറ്റങ്ങള്ക്കുശേഷമേ കേരള ബാങ്കിന്റെ രൂപീകരണവുമായി മുന്നോട്ടുപോകാനാകൂ. അതിനിടെ, സര്‍ക്കാരിന് വഴങ്ങാതെ മാറിനില്‍ക്കുന്ന മലപ്പുറം ജില്ലാ ബാങ്കിനെക്കൂടി കേരള ബാങ്ക് രൂപീകരണത്തില്‍ ഒപ്പംകൂട്ടാന്‍ ശ്രമം ആരംഭിച്ചു.
ഇതിനായുള്ള സമവായ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. മലപ്പുറം ജില്ലാ ബാങ്കിനെ മാറ്റിനിര്‍ത്തി കേരള ബാങ്ക് രൂപീകരണം സാധ്യമാകില്ലെന്ന നബാര്‍ഡിന്റെ നിലപാടിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ നീക്കം ആരംഭിച്ചിരിക്കുന്നത്. മലപ്പുറം ജില്ലാ ബാങ്കിനെ ഒപ്പംനിര്‍ത്താന്‍ ജൂലൈ 18ന് യോഗം ചേരാന്‍ സഹകരണ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."