ടി.വിക്കും ഫ്രിഡ്ജിനും വില കൂടും
ന്യൂഡല്‍ഹി: ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് കസ്റ്റംസ് ഡ്യൂട്ടി വര്‍ധിപ്പിച്ചു. ഇതോടെ ടെലിവിഷന്‍, ഫ്രിഡ്ജ്, എ.സി, ഹോം തിയറ്റര്‍ ഉപകരണങ്ങള്‍, വിമാന ഇന്ധനം തുടങ്ങിയ 19 സാധനങ്ങള്‍ക്ക് വില വര്‍ധിക്കും. ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയാണ് കസ്റ്റംസ് ഡ്യൂട്ടി വര്‍ധിപ്പിച്ചത്.
ഇന്നലെ അര്‍ധരാത്രി മുതല്‍ കസ്റ്റംസ് ഡ്യൂട്ടി വര്‍ധനവ് പ്രാബല്യത്തില്‍ വന്നു. അത്യാവശ്യമല്ലാത്ത ഉല്‍പന്നങ്ങളുടെ ഇറക്കുമതി കുറയ്ക്കാനും നിലവിലെ അക്കൗണ്ട് കമ്മിയും മൂലധനമൊഴുക്കും തടയാനുമായാണ് കസ്റ്റംസ് ഡ്യൂട്ടി വര്‍ധിപ്പിച്ചത്.
2017-18 ല്‍ 86,000 കോടിയുടേതാണ് ഈ ഉല്‍പന്നങ്ങളുടെ ഇറക്കുമതിയെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു.
ഇറക്കുമതി ചെയ്യുന്ന എയര്‍ കണ്ടീഷനര്‍, ഫ്രിഡ്ജ്, വാഷിങ് മെഷീന്‍ (10 കിലോയില്‍ കുറഞ്ഞവ) എന്നിവക്ക് 20 ശതമാനമാണ് നികുതി ഏര്‍പ്പെടുത്തുന്നത്. നേരത്തെ 10 ശതമാനമായിരുന്നു ഇറക്കുമതി തീരുവ.
ഉച്ചഭാഷിണി, റേഡിയല്‍ കാര്‍ ടയര്‍, സ്യൂട്ട് കേസുകള്‍, ട്രാവല്‍ ബാഗുകള്‍, വീട്ടുപകരണങ്ങളായ ഷവര്‍ ബാത്ത്, സിങ്ക്, ഭക്ഷണം കഴിക്കാനുള്ള പാത്രങ്ങള്‍, അടുക്കളയില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിര്‍മിത പാത്രങ്ങള്‍ തുടങ്ങിയവക്കും 50 ശതമാനത്തിന്റെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്.
വിമാന ഇന്ധനത്തിനുള്ള അടിസ്ഥാന നികുതിയിലും വര്‍ധനവ് വരുത്തിയിട്ടുണ്ട്. നിലവിലുള്ളതില്‍ നിന്ന് അഞ്ച് ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയിരിക്കുന്നതെന്ന് ധനകാര്യ മന്ത്രാലയം പറഞ്ഞു. ക്രൂഡ് ഓയില്‍ വില വര്‍ധനവ്, രൂപയുടെ മൂല്യം ഇടിയല്‍ തുടങ്ങിയ പ്രതിസന്ധി തരണം ചെയ്യാനാണ് ഇറക്കുമതി ഉല്‍പന്നങ്ങള്‍ക്ക് നികുതി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."