ഒരുവര്‍ഷത്തെ ഇടതു ഭരണം പൂര്‍ണ പരാജയം: മുസ്‌ലിം ലീഗ്
കോഴിക്കോട്: ഇടതുസര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ഭരണം പൂര്‍ണ പരാജയമാണന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയോഗം വിലയിരുത്തി. വിലക്കയറ്റവും റേഷന്‍ വിതരണം താറുമാറാക്കിയതും ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്.
കൊലപാതകങ്ങളും അക്രമങ്ങളും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും ക്രമാതീതമായി വര്‍ധിച്ചു. യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ സാമൂഹ്യ സുരക്ഷാപദ്ധതികള്‍ പൂര്‍ണമായും തകിടം മറിച്ചു. ഭരണയന്ത്രം ചലിപ്പിക്കേണ്ട ഉദ്യോഗസ്ഥരെ നിഷ്‌ക്രിയരാക്കി.
ആരോഗ്യ വിദ്യാഭ്യാസ മേഖലയും പാടെ തകര്‍ത്തു. കേരളത്തില്‍ എല്ലാ മേഖലകളിലും വികസന മുരടിപ്പ് പ്രകടമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
സമാധാനവും സൈ്വര്യ ജീവിതവും തകര്‍ത്ത സംസ്ഥാന സര്‍ക്കാര്‍ വീഴ്ചകളുടെ മഹോല്‍സവമായാണ് ഒന്നാം വാര്‍ഷിക മാഘോഷിക്കുന്നത്. സ്വശ്രയ ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിന പരിപാടികള്‍ എല്ലാ നിയോജക മണ്ഡലങ്ങളിലും സംഘടിപ്പിക്കും. റമദാന്‍ റിലീഫ് വ്യാപകമായി നടത്താന്‍ യോഗം ആഹ്വാനം ചെയ്തു.
ജില്ലാ കമ്മിറ്റികള്‍ ജൂലൈ 31 ന് മുന്‍പും ആഗസ്റ്റില്‍ പുതിയ സംസ്ഥാന കമ്മിറ്റിയും രൂപീകരിക്കും.
സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, സെക്രട്ടറി എം.പി അബ്ദുസമദ് സമദാനി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, നിയമസഭ പാര്‍ട്ടി ലീഡര്‍ ഡോ.എം.കെ മുനീര്‍, പി.കെ.കെ ബാവ, എം.ഐ തങ്ങള്‍, സി.ടി അഹമ്മദലി, കുട്ടി അഹമ്മദ്കുട്ടി, പി.എച്ച് അബ്ദുല്‍ സലാം ഹാജി, വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, സി മോയിന്‍കുട്ടി, എം.സി മായിന്‍ ഹാജി, അഡ്വ. പി.എം.എ സലാം, ടി.പി.എം സാഹിര്‍, കെ.എസ് ഹംസ, അബ്ദുറഹിമാന്‍ കല്ലായി, ഡോ. സി.പി ബാവ ഹാജി, അഡ്വ.യു.എ ലത്തീഫ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."