കാര്‍ഷിക നിയമങ്ങളെ ന്യായീകരിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കര്‍ഷക പ്രക്ഷോഭം ശക്തിപ്പെട്ടിരിക്കെ നിയമങ്ങളെ ഇന്നലെ നടത്തിയ മന്‍കി ബാത്തില്‍ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് അവരുടെ അധികാരം ലഭ്യമാക്കുകയും പുതിയ അവസരങ്ങള്‍ നല്‍കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വര്‍ഷങ്ങളായുള്ള കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയും ചെവിക്കൊണ്ടിരുന്നില്ല. പക്ഷെ ഇപ്പോഴത് സാക്ഷാത്ക്കരിക്കപ്പെട്ടിരിക്കുകയാണ്. പുതിയ നിയമങ്ങള്‍ കുറഞ്ഞ സമയം കൊണ്ട് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കുറച്ചിട്ടുണ്ട്. വിള വാങ്ങി മൂന്നു ദിവസത്തിനുള്ളില്‍ കര്‍ഷകന് മുഴുവന്‍ പണവും നല്‍കണമെന്നും പണമടച്ചില്ലെങ്കില്‍ കര്‍ഷകന് പരാതി നല്‍കാമെന്നും പുതിയ നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഈ നിയമപ്രകാരം പ്രദേശത്തെ എസ്.ഡി.എം കര്‍ഷകന്റെ പരാതി ഒരു മാസത്തിനുള്ളില്‍ തീര്‍പ്പാക്കേണ്ടതാണ്. നേരത്തെ കര്‍ഷകരില്‍നിന്നു വിളവ് വാങ്ങി മാസം കഴിഞ്ഞാലും പലരും പണം കൊടുക്കില്ല. കിംവദന്തികളില്‍നിന്ന് അകന്ന്, ശരിയായ വിവരങ്ങള്‍ മനസിലാക്കണമെന്നും നരേന്ദ്ര മോദി കര്‍ഷകരെ ഉപദേശിച്ചു. കഴിഞ്ഞ കാലത്തെ കൃഷി നവീകരണ പ്രവര്‍ത്തനങ്ങള്‍ കാര്‍ഷിക മേഖലയ്ക്ക് വലിയ മുതല്‍ക്കൂട്ടായെന്ന് മോദി അവകാശപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."