പ്രളയ ദുരിതബാധിതരോട് വിവേചനം അവസാനിപ്പിച്ചില്ലെങ്കില്‍ പ്രക്ഷോഭം: യു.ഡി.എഫ്
കോഴിക്കോട്: പ്രളയ ദുരിതബാധിതരോട് വിവേചനവും അനീതിയും അവസാനിപ്പിക്കണമെന്നും കരിഞ്ചോമല ദുരന്തബാധിതരോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഒക്ടോബര്‍ 15ന് യു.ഡി.എഫ് ജനപ്രതിനിധികള്‍ കലക്ടറേറ്റ് ധര്‍ണ നടത്തും. യു.ഡി.എഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
മൂന്നു മാസം മുന്‍പ് കരിഞ്ചോലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ 14 പേര്‍ മരിച്ച ദുരന്തം ജില്ലയില്‍ സമാനതകളില്ലാത്തതാണ്. ദുരന്തത്തില്‍പെട്ടവരെ അവഗണിക്കുന്ന മനുഷ്യത്വരഹിതമായ സമീപനമാണു സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കണ്ണപ്പന്‍കുണ്ടിലും കരിഞ്ചോലയിലും ഉള്‍പ്പെടെ ഹെക്ടര്‍കണക്കിനു കൃഷിഭൂമി നഷ്ടപ്പെട്ട കര്‍ഷകരുടെ കണ്ണീരൊപ്പാന്‍ ഇതുവരെ സര്‍ക്കാര്‍ തയാറായിട്ടില്ല. ഒരു രൂപ പോലും അവര്‍ക്കു നല്‍കിയിട്ടില്ല. 60 ഏക്കറോളം ഭൂമി നഷ്ടപ്പെട്ട, വീടുള്‍പ്പെടെ എല്ലാം ഇല്ലാതായവര്‍ക്ക് നൂറു ദിവസത്തിനു ശേഷവും അനിശ്ചതത്വമാണു ബാക്കി. ദുരിതാശ്വാസ ക്യാംപ് അവസാനിപ്പിച്ചപ്പോള്‍ മാറ്റിത്താമസിപ്പിച്ചവരുടെ വീട്ടു വാടകപോലും നല്‍കാതെ സര്‍ക്കാര്‍ വാഗ്ദാന ലംഘനമാണു നടത്തുന്നത്. തെരുവിലേക്ക് തള്ളപ്പെടുന്ന ഭീകരതയാണ് അവര്‍ക്ക് സര്‍ക്കാര്‍ സൃഷ്ടിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.
യു.ഡി.എഫ് പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷനുകള്‍ 29നു സംഘടിപ്പിക്കും. രാവിലെ 10നു വടകര ലോക്‌സഭാ മണ്ഡലം കണ്‍വന്‍ഷന്‍ വടകര ടൗണ്‍ ഹാളിലും വൈകിട്ട് മൂന്നിനു കോഴിക്കോട് ലോക്‌സഭാ മണ്ഡലം കണ്‍വന്‍ഷന്‍ കോഴിക്കോട് ബീച്ച് ഗുജറാത്തി ഹാളിലും നടക്കും. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി, മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉള്‍പ്പെടെ നേതാക്കള്‍ സംബന്ധിക്കും.
ജില്ലകളിലെ ക്യാംപസുകളില്‍നിന്ന് എസ്.എഫ്.ഐയെ വിദ്യാര്‍ഥികള്‍ കൈയൊഴിയുമ്പോള്‍ അക്രമത്തിലൂടെ പിടിച്ചുനില്‍ക്കാന്‍ നടത്തുന്ന ശ്രമം അവസാനിപ്പിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. മടപ്പള്ളി കോളജില്‍ വിദ്യാര്‍ഥിനികളെ ഉള്‍പ്പെടെ അക്രമിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ കനത്ത വിലനല്‍കേണ്ടി വരും. പൊലിസ് നിഷ്പക്ഷമായ സമീപനം കൈകൊള്ളണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. പി. ശങ്കരന്‍, ജില്ലാ കണ്‍വീനര്‍ എം.എ റസാഖ് മാസ്റ്റര്‍, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, സി. ബീരാന്‍കുട്ടി (കേരള കോണ്‍ഗ്രസ്), നാരായണന്‍ കുട്ടി മാസ്റ്റര്‍, ബേബി രവീന്ദ്രന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."