എസ്.ആര്‍ മെഡി.കോളജില്‍ രോഗികളെന്ന വ്യാജേന പണം കൊടുത്ത് ആളുകളെ എത്തിക്കുന്നു: വീഡിയോ ദൃശ്യങ്ങളുമായി വിദ്യാര്‍ഥികള്‍: കോളജ് പൂട്ടിക്കാനുള്ള ശ്രമമെന്ന് അധികൃതര്‍
തിരുവനന്തപുരം: വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ കൗണ്‍സില്‍ പരിശോധനയ്ക്കായി രോഗികളെന്ന വ്യാജേന പണം കൊടുത്ത് ആളുകളെ എത്തിക്കുന്നതായി പരാതി. ഇതു സംബന്ധിച്ചുള്ള വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടത് കോളജിലെ ഒരുപറ്റം വിദ്യാര്‍ഥികളാണ്. പരിശോധന കഴിഞ്ഞതോടെ പണം നല്‍കാതെ ഇവരെ പറ്റിച്ചെന്നും വിദ്യാര്‍ഥികള്‍ ഫേസ്ബുക്ക് ലൈവില്‍ പരാതിപ്പെടുന്നു.
ബുധനാഴ്ചയായിരുന്നു കോളേജില്‍ മെഡിക്കല്‍ കൗണ്‍സില്‍ പരിശോധന നടത്തിയത്. അതേ സമയം വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കോളേജ് എം.ഡി എസ്.ആര്‍ ഷാജി പ്രതികരിച്ചു. കോളേജ് പൂട്ടിക്കാനാണ് ഒരു വിഭാഗം വിദ്യാര്‍ഥികളുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. കാരുണ്യ പദ്ധതിയിലുള്‍പ്പെട്ട രോഗികളെയാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും ആര്‍ക്കും പണം നല്‍കിയിട്ടില്ലെന്നുമാണ് കോളേജ് പ്രിന്‍സിപ്പല്‍ കെ.ഇ രാജന്‍ പ്രതികരിച്ചത്.
എന്നാല്‍ സ്റ്റാന്‍ഡ് വിത്ത് സ്റ്റുഡന്റ്‌സ് ഓഫ് എസ്.ആര്‍ മെഡിക്കല്‍ കോളേജ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ദൃശ്യങ്ങള്‍ വിദ്യാര്‍ഥികള്‍ പുറത്തുവിട്ടത്. ക്യാംപിന്റെ പേരില്‍ എത്തിച്ചവരെ രോഗികളായി ചിത്രീകരിച്ച് മെഡിക്കല്‍ കൗണ്‍സിലിന്റെ കണ്ണില്‍ പൊടിയിട്ടെന്നാണ് ഇവരുന്നയിക്കുന്നത്. പ്രത്യേകവാഹനങ്ങളില്‍ ഗ്രാമപ്രദേശങ്ങളില്‍ നിന്ന് ആളുകളെ എത്തിച്ച് പരിശോധനകഴിഞ്ഞാല്‍ തിരിച്ചുകൊണ്ടുപോകുകയാണ് പതിവെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. ഏജന്റ് വഴി 100 മുതല്‍ 300 രൂപ വരെ നല്‍കിയാണ് ഇവരെ കൊണ്ടുവരുന്നതെന്നാണ് വെളിപ്പെടുത്തല്‍.
പരിശോധന കഴിഞ്ഞതോടെ ആശുപത്രിയില്‍ രോഗികള്‍ ആരുമില്ലെന്ന് വിദ്യാര്‍ഥികള്‍ ഫേസ്ബുക്കില്‍ ലൈവില്‍ പറയുന്നുണ്ട്. പറഞ്ഞ പണം നല്‍കാത്തതിനാല്‍ രോഗികളായി എത്തിച്ചവര്‍ ആശുപത്രിയില്‍ പ്രതിഷേധിക്കുന്നതും ലൈവിലുണ്ട്. കോളേജില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലെന്ന വിദ്യാര്‍ഥികളുടെ പരാതിയെ തുടര്‍ന്നാണ് പരിശോധനയ്ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.
അതേസമയം, എസ്.ആര്‍. മെഡിക്കല്‍ കോളേജിലെ പ്രശ്‌നം ശ്രദ്ധയില്‍ പെട്ടതായി ആരോഗ്യ സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ.എ.നളിനാക്ഷന്‍ പറഞ്ഞു. ഇത്തരം മെഡിക്കല്‍ കോളേജുകള്‍ക്ക് അനുമതി നല്‍കേണ്ടെന്ന് സര്‍വകലാശാല നേരത്തെ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. അന്തിമ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരും മെഡിക്കല്‍ കൗണ്‍സിലുമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."