വന്യമൃഗശല്യ നഷ്ട്ടപരിഹാരം: വടക്കെ വയനാട് വനം ഡിവിഷനില്‍ മാത്രം കുടിശ്ശിക ഒന്നര കോടി രൂപ
മാനന്തവാടി: വന്യമൃഗശല്യം മൂലമുണ്ടാകുന്ന ആള്‍നാശം, പരുക്ക്, കൃഷി നാശം എന്നിവക്കുള്ള നഷ്ട്ടപരിഹാര തുക വടക്കെ വയനാട് വനം ഡിവിഷനില്‍ കൊടുത്ത് തീര്‍ക്കാനുള്ളത് ഒരു കോടി നാല്‍പ്പത് ലക്ഷം രൂപ.
കഴിഞ്ഞ ഒന്നര വര്‍ഷമായി നല്‍കാനുള്ള തുകയാണിത്. ജില്ലയില്‍ തന്നെ വന്യമൃഗശല്യത്തെ തുടര്‍ന്ന് ഏറ്റവും നാശനഷ്ട്ടങ്ങള്‍ ഉണ്ടായിട്ടുള്ളത് വടക്കെ വയനാട് വനം ഡിവിഷനിലെ തിരുനെല്ലി പഞ്ചായത്തിലാണ്. 35 വര്‍ഷത്തിനുള്ളില്‍ വന്യമൃഗ ആക്രമണത്തില്‍ തിരുനെല്ലി പഞ്ചായത്തില്‍ മാത്രം 80 ഓളം പേര്‍ കൊല്ലപ്പെടുകയും 282 പേര്‍ക്ക് സാരമായി പരുക്കേല്‍ക്കുകയും കോടികണക്കിന് രൂപയുടെ കൃഷിനാശം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
വടക്കെ വയനാട് വനം ഡിവിഷനില്‍ 2018 ജനുവരി വരെ മാത്രം പരിഗണനയിലെടുത്ത 665 അപേക്ഷകളില്‍ മാത്രം 4065161 രൂപ നല്‍കാനുണ്ട്. ഈ കാലയളവില്‍ തിരുനെല്ലി പഞ്ചായത്ത് ഉള്‍പ്പെടുന്ന ബേഗൂര്‍ റെയ്ഞ്ചില്‍ ലഭിച്ച 359 അപേക്ഷകളില്‍ 2493292 രൂപയും പേര്യ റെയ്ഞ്ചില്‍ 173 അപേക്ഷകളില്‍ 834 240 രൂപയും മാനന്തവാടി റെയ്ഞ്ചില്‍ 133 അപേക്ഷകളില്‍ 737629 രൂപയും നല്‍കാനുണ്ട്.ഇതിന് പുറമെയാണ് ജനുവരിക്ക് ശേഷം ഓണ്‍ലൈനില്‍ ഉള്‍പ്പെടെ 500 ഓളം അപേക്ഷകള്‍ പരിഗണനക്കായി എത്തിയിട്ടുള്ളത്.ഈ നഷ്ട്ടപരിഹാര തുക ഒരു കോടിയോളം വരുമെന്നാണ് ലഭിക്കുന്ന വിവരം. മരണം സംഭവിച്ചാല്‍ 10 ലക്ഷവും പരിക്ക് പറ്റിയാല്‍ 2 ലക്ഷവും ഒരു തെങ്ങിന് 770 രൂപയും, കവുങ്ങിന് 160 രൂപയും വാഴക്ക് 90 രൂപയും രണ്ടര ഏക്കര്‍ നെല്‍കൃഷിക്ക് 11,000 രൂപയുമാണ് നഷ്ടപരിഹാരമായി നല്‍കുന്നത് ഈ തുക വളരെ കുറവാണെന്നാണ് കര്‍ഷകരുടെ ആരോപണം. ഒരു ഹെക്ടര്‍ വയലില്‍ കൃഷി ചെയ്യാന്‍ 77,000 രൂപ ചിലവ് വരുമെന്നിരിക്കെ തുച്ചമായ തുക മാത്രമാണ് നഷ്ട്ടപരിഹാരമായി നല്‍കുന്നത്. പൂര്‍ണ വളര്‍ച്ചെയെത്തിയ തെങ്ങിന് 10,000 രൂപയെങ്കിലും നല്‍കണമെന്ന് വര്‍ഷങ്ങളായി ആവശ്യപ്പെട്ട് വരുന്നതാണ്.
ഈ കാര്യത്തിലും ഇനിയും തീരുമാനമായിട്ടില്ല ഈ തുക നല്‍കുന്നത് പോലും വൈകിക്കുന്നതാണ് കര്‍ഷകരെ ദുരിതത്തിലാക്കുന്നത്. 2014 ന് ശേഷം തുക വര്‍ധിപ്പിക്കാന്‍ നടപടികളുണ്ടായിട്ടില്ല. വന്യമൃഗശല്യമുണ്ടാകുമ്പോള്‍ ജന രോഷം പലപ്പോഴും തണുപ്പിച്ചിരുന്നത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നഷ്ട്ടപരിഹാരം പ്രഖ്യാപിക്കുകയും ഈ തുക പെട്ടെന്ന് കൈമാറുകയും ചെയ്ത് കൊണ്ടായിരുന്നു നിലവിലെ സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമലര്‍ത്തുകയല്ലാതെ വെറെ മാര്‍ഗങ്ങളില്ല.ഫണ്ടില്ലാത്തതാണ് നഷ്ട്ടപരിഹാര തുക വിതരണം ചെയ്യാന്‍ കാലതാമസം നേരിടുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. കാലവര്‍ഷ കെടുതിയെ തുടര്‍ന്ന് സാമ്പത്തികഞ്ഞെരുക്കം കൂടി ബാധിച്ചതൊടെ തുക വിതരണം കൂടുതല്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. നഷ്ട്ടപരിഹാര തുക അടിയന്തരമായി വിതരണം ചെയ്യണമെന്നും തുക വര്‍ധിപ്പിക്കണമെന്നും തിരുനെല്ലി വന്യമൃഗശല്യ പ്രതിരോധ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ടി.സി ജോസ് ആവശ്യപ്പെട്ടു. നഷ്ട്ടപരിഹാരം നല്‍കുന്നനതിന് നിലവില്‍ ഒരു രൂപ പോലും ഫണ്ടില്ലാത്തതിനാല്‍ അപേക്ഷകള്‍ സ്വീകരിക്കാന്‍ പോലും ജീവനക്കാര്‍ മടിക്കുകയാണ്. ജില്ലയിലെ മറ്റ് വനം ഡിവിഷനുകളിലെയും സ്ഥിതി വിഭിന്നമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."