മാഞ്ചസ്റ്ററില്‍ സംഗീത പരിപാടിക്കിടെ വന്‍ സ്ഫോടനം; 22 പേര് കൊല്ലപ്പെട്ടു I video
മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ സംഗീത പരിപാടിക്കിടെ വേദിക്കു പുറത്തു നടന്ന വന്‍ ചാവേര്‍ സ്ഫോടനത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 22 പേര് കൊല്ലപ്പെട്ടു. 59 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഭീകരാക്രമണമാണെന്നാണ് പൊലിസ് സംശയിക്കുന്നത്. കഴിഞ്ഞ ദിവസം പ്രദേശിക സമയം രാത്രി 10.40 നായിരുന്നു സംഭവം.
അമേരിക്കന്‍ പോപ്പ് ഗായിക ആരിയാന ഗ്രാന്റെയുടെ സംഗീത പരിപാടിക്കിടെയാണ് സ്ഫോടനം നടന്നത്. രണ്ടു തവണ സ്ഫോടന ശബ്ദം കേട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ശബ്ദം കേട്ടുകാണികള് നാലുപാടും ചിതറിയോടി. 21000 ല്‍ അധികം പേര് സംഗീത പരപാടി കേള്‍ക്കാന്‍ എത്തിച്ചേര്‍ന്നിരുന്നു. അതുകൊണ്ടു തന്നെ മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
മാഞ്ചസ്റ്റര്‍ പൊലിസ് സംഭവസ്ഥലത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പ്രദേശത്തുനിന്നു ആളുകളെ ഒഴിപ്പിച്ചു. സംഗീത പരിപാടി കഴിഞ്ഞതിനു ശേഷമാണ് സ്ഫോടനം നടന്നതെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് ഗാഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
നഗരത്തിലേക്കുള്ള ബസ് സര്‍വിസുകളും ട്രെയിന്‍ സര്‍വിസുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. പ്രധാന റെയില്‍ വേസ്റ്റേഷനായ വിക്ടോറിയ സ്റ്റേഷന് അടച്ചിട്ടിരിക്കുകയാണ്. സംഭവത്തില്‍ പ്രധാനമന്ത്രി തെരേസാ മേ അനുശോചനം രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."