ഇരു രാഷ്ട്രമാക്കി പരിഹാരമുണ്ടാക്കാമെന്ന ട്രംപിന്റെ നിര്‍ദേശം പൊള്ളയെന്ന് ഫലസ്തീന്
ന്യൂയോര്‍ക്ക്: ഫലസ്തീന്- ഇസ്റാഈല്‍ പ്രശ്നം പരിഹരിക്കാന്‍ 'രണ്ട് രാഷ്ട്രങ്ങള്‍' എന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശം വെറും പൊള്ളയെന്ന് ഫലസ്തീന്.
യു.എന്‍ പൊതുസമ്മേളനത്തിന്റെ ഭാഗമായി ഇസ്റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ട്രംപ് ഇരു രാഷ്ട്രമെന്ന നിര്‍ദേശം വച്ചത്. പതിറ്റാണ്ടുകളായി തുടരുന്ന പ്രശ്നം പരിഹരിക്കാന്‍ ഇതുമാത്രമാണ് വഴിയെന്നാണ് ട്രംപ് പറഞ്ഞത്.
ട്രംപ് ആദ്യമായാണ് ഇങ്ങനെ നിലപാടെടുത്തത്. എന്നാല്‍ ട്രംപിനെ നിലപാടിനെ തള്ളി ഫലസ്തീന് രംഗത്തെത്തി. പ്രവര്‍ത്തിക്കുന്നതിന് എതിരാണ് ട്രംപിന്റെ വാക്കെന്ന് അമേരിക്കയില്‍ പൂട്ടിച്ച പി.എല്‍.ഒയുടെ സ്ഥാനപതി ഹുസാം സൊംലോട്ട് പറഞ്ഞു. ഇരു രാഷ്ട്ര പരിഹാരത്തിന്റെ സാധ്യതകള്‍ തകര്‍ക്കുകയാണ് യു.എസ് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'നൂറ്റാണ്ടിന്റെ കരാര്‍ പണിപ്പുരയില്‍'
ഇസ്റാഈല്‍- ഫലസ്തീന് പ്രശ്നപരിഹാരത്തിന് നൂറ്റാണ്ടിലെ കരാര്‍ വരാന്‍ പോവുകയാണെന്ന് ട്രംപ്. അടുത്ത രണ്ടു- മൂന്നു മാസങ്ങള്‍ക്കുള്ളില്‍ ഇതേപ്പറ്റിയുടെ വിവരങ്ങള്‍ പുറത്തുവിടും.
അതേസമയം, കടുത്ത ഫലസ്തീന് വിരുദ്ധ കരാറാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. 50 ലക്ഷം ഫലസ്തീന് അഭയാര്‍ഥികള്‍ മടങ്ങുന്നതിനെ നിരോധിക്കുന്നതാണ് കരാറെന്നും റിപ്പോര്‍ട്ടുണ്ട്. ജറുസലേം പൂര്‍ണമായും ഇസ്റാഈലിന് വിട്ടുകൊടുക്കുന്നതു കൂടിയാവും ഇത്.
ട്രംപിന്റെ നിലപാടില്‍ പൂര്ണയോജിപ്പെന്ന നിലയിലാണ് നെതന്യാഹു കൂടിക്കാഴ്ചയ്ക്കു ശേഷം പ്രതികരിച്ചത്. ഇസ്റാഈലിന്റെ ആവശ്യങ്ങള്‍ മാത്രം പരിഗണിച്ചുള്ളതായിരിക്കും കരാറെന്ന് ഇതു സൂചന നല്കുന്നു.
കടുത്ത ഫലസ്തീന് വിരുദ്ധ തീരുമാനങ്ങള്‍ക്കു പിന്നാലെയാണ് ട്രംപിന്റെ പുതിയ 'സമവായ' നീക്കമെന്നതിനാലാണ് ഫലസ്തീന് സംശയിക്കുന്നത്. ഫലസ്തീന് പ്രശ്നപരിഹാരത്തിനായി അമേരിക്കയിലുള്ള പി.എല്‍.ഒയുടെ നയതന്ത്ര ഓഫിസ് കഴിഞ്ഞയാഴ്ച പൂട്ടിച്ചിരുന്നു.
കൂടാതെ, പ്രധാന തര്‍ക്കസ്ഥലമായ ജറൂസലമിനെ ഇസ്റാഈലിന്റെ തലസ്ഥാനമായി യു.എസ് അംഗീകരിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."