ഡ്രൈവര്‍മാരുടെ കുറവ് കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ പ്രതിസന്ധിയില്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഡ്രൈവര്‍മാരുടെ കുറവ് കാരണം തെക്കന്‍ കേരളത്തില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ പ്രതിസന്ധിയിലാകുന്നു. കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് വീടിനു സമീപത്തെ ഡിപ്പോകളിലേക്ക് ഡ്രൈവര്‍മാരെ മാറ്റി നിയമിച്ചതിനു പിന്നാലെയാണ് പ്രതിസന്ധി ഉടലെടുത്തത്. ലോക്ക് ഡൗണ്‍ കഴിഞ്ഞ് സര്‍വീസുകള്‍ പഴയ സ്ഥിതിയിലേക്കെത്തിയപ്പോള്‍ തെക്കന്‍ കേരളത്തില്‍ നിലവിലുള്ള ഷെഡ്യൂളുകള്‍ പോലും ഓപറേറ്റ് ചെയ്യാന്‍ ആവശ്യത്തിന് ഡ്രൈവര്‍മാരില്ലാത്ത സ്ഥിതിയാണെന്ന് അധികൃതര്‍ പറയുന്നു. ഓരോ ഡിപ്പോയിലും ആവശ്യത്തിലധികമായുള്ള ഡ്രൈവര്‍മാരെ, സര്‍വീസുകള്‍ പ്രതിസന്ധിയിലായ ഡിപ്പോകളിലേക്ക് അയക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
അയ്യായിരത്തിലധികം ഷെഡ്യൂളുകള്‍ ഓപറേറ്റ് ചെയ്തിരുന്ന കെ.എസ്.ആര്‍.ടി.സി നിലവില്‍ രണ്ടായിരത്തോളം ഷെഡ്യൂളുകള്‍ മാത്രമാണ് ഓപറേറ്റ് ചെയ്യുന്നത്. ഡിപ്പോകളില്‍ അധികമുള്ളവരെ ഉചിതമായ ഇടങ്ങളില്‍ മാറ്റി നിയമിച്ച് സര്‍വീസുകള്‍ കാര്യക്ഷമമാക്കിയില്ലെങ്കില്‍ കെ.എസ്.ആര്‍.ടി.സി നിലവില്‍ നേരിടുന്ന പ്രതിസന്ധി ഇരട്ടിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തിരക്കുള്ള ഡിപ്പോകളില്‍ ജോലി ചെയ്യാന്‍ സന്നദ്ധരായ ഡ്രൈവര്‍മാരുടെ സഹായം മാനേജ്‌മെന്റ് അഭ്യര്‍ഥിച്ചിട്ടുണ്ട്. കൊവിഡ് സാഹചര്യത്തില്‍ തിരക്കുള്ളയിടങ്ങളിലേക്ക് ഡ്രൈവര്‍മാരെ നിര്‍ബന്ധിച്ച് മാറ്റുന്നതിനോട് മാനേജ്‌മെന്റിന് താല്‍പര്യമില്ല. നയപരമായി ഡ്രൈവര്‍മാരുടെ സഹായം തേടി പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിലാണ് മാനേജ്‌മെന്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."