സി.എ.ജി കണ്ടെത്തല്‍ കോണ്‍ഗ്രസില്‍ പോര്‍മുഖം തുറക്കുന്നു: വിഴിഞ്ഞം ആയുധമാക്കി സുധീരന്‍
തിരുവനന്തപുരം: വിഴിഞ്ഞം കരാറിലെ സി.എ.ജി റിപ്പോര്‍ട്ട് ആയുധമാക്കി കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം സുധീരന്‍ കോണ്‍ഗ്രസില്‍ പുതിയ പോര്‍മുഖം തുറക്കുന്നു.
ലാവ്‌ലിന്‍ കരാറിലെ സി.എ.ജി റിപ്പോര്‍ട്ട് പിണറായി വിജയനെതിരേ ആയുധമാക്കിയ പ്രതിപക്ഷത്തിന് നേരെ വിഴിഞ്ഞം തിരിച്ചുവിടാതെ ഭരണപക്ഷം നിശബ്ദത പാലിക്കുമ്പോഴാണ് സുധീരന്‍ രംഗത്തെത്തിയത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും മുന്‍ തുറമുഖ മന്ത്രി കെ. ബാബുവിനെയും ലക്ഷ്യമിട്ടാണ് സുധീരന്റെ നീക്കം.
കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പിനുള്ള നടപടികള്‍ പുരോഗമിക്കവേ വീണു കിട്ടിയ ആയുധം എ ഗ്രൂപ്പിനും ഉമ്മന്‍ചാണ്ടിക്കുമെതിരേ പ്രയോഗിക്കാനുള്ള ഒരുക്കത്തിലാണ് സുധീരനും അനുയായികളും. കേരളം പ്രതീക്ഷയോടെ നോക്കിക്കാണുന്ന വിഴിഞ്ഞം പദ്ധതിയുടെ വ്യവസ്ഥകള്‍ സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമാണെന്ന സി.എ.ജി റിപ്പോര്‍ട്ട് അതീവ ഗൗരവമുള്ളതാണെന്നും ഇതേക്കുറിച്ച് സമഗ്രമായ പരിശോധന നടത്തുന്നത് ഉചിതമായിരിക്കുമെന്നും വി.എം സുധീരന്‍ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് പുറത്തുവന്നതിന് തൊട്ടുപിന്നാലെ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അന്വേഷണ ആവശ്യം സുധീരന്‍ ഉയര്‍ത്തിയത്.
അതിനിടെ, വിഴിഞ്ഞം കരാര്‍ സംബന്ധിച്ച് തര്‍ക്കമുണ്ടെങ്കില്‍ അതേക്കുറിച്ച് അന്വേഷിക്കണമെന്ന് ഉമ്മന്‍ചാണ്ടി നിലപാട് വ്യക്തമാക്കി.
നിലവിലെ കരാറും വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്തെ കരാറും അന്വേഷിക്കണമെന്നും ഏതാണ് മെച്ചമെന്ന് ഈ സര്‍ക്കാരിന് തീരുമാനിക്കാമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. കരാറില്‍ മാറ്റം വരുത്തുന്നതില്‍ എതിര്‍പ്പില്ല. ഇപ്പോഴത്തെ സാഹചര്യങ്ങള്‍ മാത്രമാകാം സി.എ.ജി പരിശോധിച്ചിട്ടുണ്ടാവുക. സംസ്ഥാനത്തിന് ദീര്‍ഘകാല അടിസ്ഥാനത്തില്‍ നേട്ടം ലഭിക്കുന്നതാണ് പദ്ധതി. ഇതേക്കുറിച്ച് സി.എ.ജി വിശദ പരിശോധന നടത്തിയിട്ടുണ്ടാവില്ല. അല്ലെങ്കില്‍ സി.എ.ജിക്ക് റിപ്പോര്‍ട്ട് നല്‍കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയിരിക്കാമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
അദാനിക്കു നേട്ടമുണ്ടാക്കാന്‍ പറ്റുന്ന തരത്തിലാണു വിഴിഞ്ഞം കരാര്‍ ഉണ്ടാക്കിയിട്ടുള്ളതെന്ന് കഴിഞ്ഞ ദിവസം വി.എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സി.എ.ജി റിപ്പോര്‍ട്ട് പുറത്തുവന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ്‍ മാത്രമാണ് ഇക്കാര്യത്തില്‍ പ്രതികരിച്ചത്.
വിഴിഞ്ഞം കരാറിന് പിന്നില്‍ നിക്ഷിപ്ത താല്‍പര്യം ഉണ്ടോയെന്ന് സര്‍ക്കാര്‍ പരിശോധിക്കണമെന്ന് കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടു. എല്‍.ഡി.എഫ് മുന്‍പ് ഉന്നയിച്ച ആരോപണങ്ങള്‍ സാധൂകരിക്കപ്പെട്ടതായും കോടിയേരി പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ വിവാദങ്ങളിലൂടെ സഞ്ചരിക്കുന്നതിനിടെ വീണുകിട്ടിയ ആയുധം പ്രതിപക്ഷത്തിനെതിരേ നിയമസഭയില്‍ പ്രയോഗിക്കാന്‍ ഭരണപക്ഷം താല്‍പര്യം പ്രകടിപ്പിക്കാനിടയില്ല. നിയമസഭാ സമ്മേളനം നാളെ അവസാനിക്കുമെന്നത് പ്രതിരോധത്തിലായ പ്രതിപക്ഷത്തിന് ആശ്വാസമാണ്.
സംഘടനാ തെരഞ്ഞെടുപ്പിനിടെ പാര്‍ട്ടിയിലെ എതിരാളികള്‍ക്കെതിരേ പ്രയോഗിക്കാന്‍ കിട്ടിയ ആയുധം സുധീരന്‍ നന്നായി ഉപയോഗിക്കാനുള്ള ഒരുക്കത്തിലാണ്.
വി.എം സുധീരന്‍ അന്വേഷണ ആവശ്യം ഉയര്‍ത്തിയത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ അതൃപ്തിക്ക് വഴിയൊരുക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുപ്പക്കാരനായ ഗൗതം അദാനിയുടെ വിഴിഞ്ഞം തുറമുഖത്തിനെതിരേ സി.എ.ജി നല്‍കിയ റിപ്പോര്‍ട്ടില്‍ ഭരണപക്ഷം മൗനം പാലിക്കാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."