വിവാദ സന്യാസി ചന്ദ്രസ്വാമി അന്തരിച്ചു
ന്യൂഡല്‍ഹി: മുന്‍പ്രധാനമന്ത്രി പി.വി നരസിംഹ റാവുവിന്റെ വിശ്വസ്തനായി അറിയപ്പെട്ട വിവാദ സന്യാസി ചന്ദ്ര സ്വാമി(66) അന്തരിച്ചു. കരള്‍ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അന്തരിച്ചത്. 1990കളില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സ്ഥിരം പേരുകാരനായിരുന്നു ആത്മീയ നേതാവെന്ന പരിവേഷത്തോടെയെത്തിയ ജഗതാചാര്യ ചന്ദ്രസ്വാമിയുടേത്. 1948ലാണ് നേമി ചന്ദ് എന്ന ചന്ദ്രസാമി ജനിച്ചത്. നരസിംഹ റാവുവിന്റെ ആധ്യാത്മിക ഉപദേശകനായി അറിയപ്പെട്ട അദ്ദേഹം എന്നും വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞു.
അധികാരകേന്ദ്രവുമായി അടുത്ത ബന്ധം പുലര്‍ത്തിയ ചന്ദ്രസാമി ബ്രൂണെ സുല്‍ത്താന്‍, നടി എലിസബത്ത് ടെയ്‌ലര്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചര്‍, ബഹറൈനിലെ ഖലീഫ ശൈഖ് ഇസാ ബിന്‍ സല്‍മാന്‍ അല്‍ ഖലിഫ, ആയുധ ഇടപാടുകാരന്‍ അദ്‌നാന്‍ ഖഷോഗി എന്നിവരുടെയെല്ലാം ഉപദേശകനായിരുന്നു. ചന്ദ്രസ്വാമിക്ക് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടായിരുന്നുവെന്നും വാര്‍ത്തയുണ്ടായിരുന്നു.
സെന്റ് കിറ്റ്‌സ് കേസില്‍ നരസിംഹ റാവു, കെ.കെ. തിവാരി, കെ.എന്‍. അഗര്‍വാള്‍ എന്നിവര്‍ക്കൊപ്പം ചന്ദ്രസ്വാമിയും കുറ്റാരോപിതനായിരുന്നു. കേസില്‍ സി.ബി.ഐ കുറ്റപത്രത്തില്‍ ചേര്‍ത്തിട്ടും ഒരുവര്‍ഷത്തിനകം തെളിവില്ലെന്ന് കണ്ട് കോടതി എല്ലാവരേയും വിട്ടയച്ചു. നിരവധി സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയ കേസുകളിലും ഉന്നത സ്വാധീനമുള്ള സ്വാമിയും ഉള്‍പ്പെട്ടിരുന്നു. രാജിവ് ഗാന്ധിയുടെ കൊലപാതക കേസില്‍ സ്വാമിക്ക് ബന്ധമുണ്ടെന്ന ആരോപണമുണ്ടായി.
സിനിമാ കഥയെ വെല്ലുന്ന ജീവിതമായിരുന്നു ചന്ദ്രസ്വാമിയുടേത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ നേരിട്ട് പങ്കാളിയായിരുന്ന ഇയാള്‍ക്കെതിരേ നിരവധി കേസുകളുമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."