ശബരിമലയിലെ സ്ത്രീപ്രവേശനം: വിധി ഇന്ന്
ന്യൂഡല്‍ഹി: ശബരിമലയില്‍ ഏതു പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണോ വേണ്ടയോയെന്ന കാര്യത്തില്‍ സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് ഇന്നു വിധിപറയും. എട്ടുദിവസം നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ മാസമാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് കേസ് വിധി പറയാനായി മാറ്റിയിരുന്നത്.
പത്തിനും അന്‍പതിനുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കു ശബരിമലയില്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ 2006ല്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഇന്നു വിധിപറയുക. കേസില്‍ സ്ത്രീപ്രവേശനത്തിന് അനുകൂല നിലപാടായിരുന്നു സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. ജഡ്ജിമാരായ ആര്‍.എഫ് നരിമാന്‍, എ.എം ഖാന്‍വില്‍കര്‍, ഡി.വൈ ചന്ദചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍.
വ്യക്തികളുടെ ജൈവിക ഘടനയുടെ അടിസ്ഥാനത്തില്‍ സ്ത്രീകളെ അകറ്റിനിര്‍ത്തുന്നതു ലിംഗവിവേചനത്തിന്റെ പരിധിയില്‍ വരുമോ, അങ്ങനെയാണെങ്കില്‍ ഇതു മൗലികാവകാശങ്ങള്‍ സംബന്ധിച്ച ഭരണഘടനയുടെ 14, 15, 17 വകുപ്പുകളുടെ ലംഘനമാകില്ലേ, വിശ്വാസ സ്വാതന്ത്ര്യം ഉറപ്പാക്കുന്ന ഭരണഘടനയുടെ 25ാംവകുപ്പിനാല്‍ സ്ത്രീകള്‍ക്കുള്ള വിലക്ക് സംരക്ഷിതമാണോ, ഭരണഘടനയുടെ 25ാം വകുപ്പിനാല്‍ സംരക്ഷിതമാകുന്ന വിധത്തില്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കുള്ള വിലക്ക് വിശ്വാസത്തിലെ അവിഭാജ്യ ഭാഗമാണോ, കേരളത്തിലെ ഹിന്ദു ക്ഷേത്രപ്രവേശന നിയമം ഭരണഘടനയുടെ മൗലികാവകാശ തത്വങ്ങള്‍ക്കു വിരുദ്ധമാണോ, കേരളാ ഹിന്ദു ക്ഷേത്രപ്രവേശന നിയമത്തില്‍ പത്തിനും 50നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കു വിലക്കുള്ളതു സംബന്ധിച്ചു പരാമര്‍ശമുണ്ടോ, ഉണ്ടെങ്കില്‍ അതു ഭരണഘടനയുടെ മൗലികാവകാശ-തുല്യാവകാശത്തിനു വിരുദ്ധമാകുമോ, അയ്യപ്പക്ഷേത്രങ്ങള്‍ക്കു സവിശേഷ സ്വഭാവമുണ്ടോ, അങ്ങനെയാണെങ്കില്‍ അതിനു ഭരണഘടനയുടെ പിന്‍ബലമുണ്ടോ എന്നീ കാര്യങ്ങളാണ് കോടതി പരിശോധിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."