എട്ട് ലക്ഷം രൂപ പിഴ ഈടാക്കി
തിരുവനന്തപുരം: അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡ് കൈവശംവച്ച് റേഷന്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കെതിരേ ഭക്ഷ്യവകുപ്പ് നടപടി ശക്തമാക്കി. ഇതുവരെ 8,01,382 രൂപ പിഴ ഈടാക്കി. സിവില്‍ സപ്ലൈസ് വകുപ്പിലെ ജീവനക്കാര്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് പിഴ ഈടാക്കിയത്. മുന്‍ഗണനാകാര്‍ഡുകള്‍ അനധികൃതമായി കൈവശംവച്ച കാലയളവില്‍ വാങ്ങിയ സാധനങ്ങളുടെ കമ്പോളവില ഈടാക്കുകയായിരുന്നു.
ദേശീയ ഭക്ഷ്യ ഭദ്രതാ നിയമപ്രകാരം സംസ്ഥാനത്തിന് മുന്‍ഗണനാപ്പട്ടികയില്‍ ഉള്‍പ്പെടുത്താവുന്നവരുടെ പരിധി 1,54,80,040 ആണ്. അന്തിമപട്ടികയില്‍ കടന്നുകൂടിയ അനര്‍ഹരെ ഒഴിവാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പിഴ ഈടാക്കിയത്. മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായ റേഷന്‍ കാര്‍ഡുകള്‍ വകുപ്പുതല അന്വേഷണത്തിലൂടെ പൊതുവിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. വിവിധ വകുപ്പുകളില്‍ നിന്ന് ലഭ്യമായ ഡാറ്റാ മാപ്പിങ് നടത്തി അനര്‍ഹരായ കുടുംബങ്ങളെ കണ്ടെത്തി പൊതുവിഭാഗത്തിലേക്ക് മാറ്റുന്നത് തുടരുകയാണ്. ഇതുവരെ 3,16,960 കുടുംബങ്ങളെ ഈ രീതിയില്‍ ഒഴിവാക്കുകയും പകരം കുടുംബങ്ങളെ മുന്‍ഗണനാപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.
കൂടുതല്‍ അനര്‍ഹരെ കണ്ടെത്തുന്നതിന് മൂന്നുമാസമായി റേഷന്‍ സാധനങ്ങള്‍ വാങ്ങാത്തവരുടെ പട്ടികയെടുത്ത് ഫീല്‍ഡ്തല പരിശോധന നടത്തുന്നുണ്ട്. ഇതുവഴി 26,389 കുടുംബങ്ങള്‍ അനര്‍ഹരാണെന്ന് കണ്ടെത്തി. വസ്തുതകള്‍ മറച്ചുവച്ച് മുന്‍ഗണനാപ്പട്ടികയില്‍ കടന്നുകൂടിയ അനര്‍ഹര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുന്നതിനും അനര്‍ഹമായി ഉള്‍പ്പെട്ട കാലയളവിലെ റേഷന്‍ വിഹിതത്തിന്റെ കമ്പോളവില ഈടാക്കുന്നതിനും നടപടികള്‍ സ്വീകരിച്ചുവരികയാണ്. പരിശോധനകള്‍ ഊര്‍ജിതമായി തുടരുന്നതിനും അനര്‍ഹമായി ഉള്‍പ്പെട്ട കാലയളവിലെ റേഷന്‍ വിഹിതത്തിന്റെ കമ്പോളവില ഈടാക്കുന്നതിനും ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സിവില്‍ സപ്ലൈസ് ഡയരക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."