സി.എസ്.ഐ സഭയില്‍ പൊട്ടിത്തെറി
ബിഷപ്പിനെതിരേ പുതിയ ഭരണസമിതി
തിരുവനന്തപുരം: കാരക്കോണം മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് കൈപ്പറ്റിയ പണം ബിഷപ്പ് ധര്‍മരാജം റസാലത്തിന്റെ നേതൃത്വത്തില്‍ മുക്കിയെന്ന് പുതിയ ഭരണസമിതി.
തലവരിപ്പണമായി ലഭിച്ച കോടികള്‍ അക്കൗണ്ടില്‍ കാണുന്നില്ലെന്നും ബിഷപ്പിനെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പുതിയ ഭരണസമിതി സഭാ സിനഡിന് പരാതി നല്‍കി.
ഇതോടെ മെഡിക്കല്‍കോഴയുമായി ബന്ധപ്പെട്ട് സി.എസ്.ഐ ദക്ഷിണ കേരള ഇടവകയില്‍ ഭിന്നത രൂക്ഷമായിരിക്കുകയാണ്. മെഡിക്കല്‍ പ്രവേശനത്തിന് കോഴ വാങ്ങിയിട്ടുണ്ടെന്ന് ഒരുമാസം മുന്‍പാണ് ബിഷപ്പ് ധര്‍മരാജം റസാലം ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മിഷന് സത്യവാങ്മൂലം നല്‍കിയത്. ഈ പണം തിരിച്ചുനല്‍കാന്‍ തയാറാണെന്നും ബിഷപ്പ് കമ്മിഷനെ അറിയിച്ചിരുന്നു. ഇക്കാര്യം വൈദിക സമിതി യോഗത്തില്‍ ദക്ഷിണ കേരള മഹാ ഇടവക വൈസ് ചെയര്‍മാന്‍ ഡോ. ആര്‍. ജ്ഞാനദാസ് വ്യക്തമാക്കിയതോടെയാണ് കോഴയിടപാടിന്റെയും അതിനെ തുടര്‍ന്ന് സഭക്കുള്ളിലുണ്ടായ ഭിന്നതയുടെയും വിവരങ്ങള്‍ പുറത്തായത്.
വൈദിക സമിതി യോഗത്തില്‍ രൂക്ഷ വിമര്‍ശനമാണ് ബിഷപ്പിനെതിരേ ഉയര്‍ന്നത്. കള്ളപ്പണ ഇടപാട് സമ്മതിച്ചത് സഭക്ക് കളങ്കമുണ്ടാക്കിയെന്നും പുതിയ ഭരണസമിതി ആരോപിക്കുന്നു.
കാരക്കോണം മെഡിക്കല്‍ കോളജില്‍ സീറ്റുകള്‍ കിട്ടാതിരുന്ന വിദ്യാര്‍ഥികള്‍ മുന്‍കൂര്‍ കൊടുത്ത പണം തിരികെ ആവശ്യപ്പെട്ട് കമ്മിഷന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കമ്മിഷന്‍ കോളജ് മാനേജ്‌മെന്റില്‍ നിന്ന് വിശദീകരണം തേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."