'ഫലസ്തീന്‍ അധിനിവേശം ഒരു വര്‍ഷത്തിനകം ഇസ്‌റാഈല്‍ അവസാനിപ്പിക്കണം' യു.എന്‍ പ്രമേയം പാസായി, വോട്ടിങ്ങില്‍ നിന്ന് വിട്ടു നിന്ന് ഇന്ത്യ
ന്യൂഡല്‍ഹി: ഫലസ്തീനിലെ ഇസ്‌റാഈല്‍ അധിനിവേശത്തിനെതിരായ യു എന്‍ പ്രമേയം പാസായി. ഫലസ്തീന്‍ പ്രദേശങ്ങളിലെ അനധികൃത അധിനിവേശം ഒരു വര്‍ഷത്തിനകം ഇസ്‌റാഈല്‍ അവസാനിപ്പിക്കണമെന്ന പ്രമേയമാണ് ശക്തമായ പിന്തുണയോടെ ജനറല്‍ അസംബ്ലി പാസാക്കിയത്. 193 രാജ്യങ്ങളില്‍ 124 രാജ്യങ്ങള്‍ ഫലസ്തീനെ പിന്തുണച്ചു. അമേരിക്കയുള്‍പെടെ ഇസ്‌റാഈലിനെ പിന്തുണക്കുന്ന 14 രാജ്യങ്ങള്‍ മാത്രമാണ് പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തത്. ഗസ്സയിലെ ഇസ്‌റാഈല്‍ അധിവേശം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ഫലസ്തീനാണ് അവതരിപ്പിച്ചത്.
അതേസമയം ചരിത്രപരം എന്ന് ഫലസ്തീന്‍ വിശേഷിപ്പിക്കുന്ന പ്രമേയത്തില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നു. ചരിത്രപരമായി ഫലസ്തീനെ പിന്തുണച്ചിരുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയുള്‍പെടെ 43 രാജ്യങ്ങളാണ് വോട്ടിങില്‍ നിന്നും വിട്ടുനിന്നത്.
ഫലസ്തീന്‍ നിന്നും ഇസ്‌റാഈല്‍ സൈന്യം പൂര്‍ണമായും പിന്മാറണമെന്നാണ് പ്രമേയം ആവശ്യപ്പെടുന്നത്. അതും യാതൊരു താമസവുമില്ലാതെ. ഫലസ്തീനില്‍ അധിനിവേശം നടത്തിയവര്‍ പിന്മാറണമെന്ന നിര്‍ദ്ദേശവും പ്രമേയം മുന്നോട്ടു വെക്കുന്നുണ്ട്. ഫലസ്തീന്‍ പുനര്‍നിര്മാണത്തിന് ഇസ്‌റാഈല്‍ തയ്യാറാവണമെന്നും പ്രമേയത്തിലുണ്ട്. മാത്രമല്ല ഫലസ്തീനില്‍ ആക്രമണത്തിന് ഉപയോഗിക്കുന്നതിനായി ഇസ്‌റാഈലിന് ആയുധങ്ങള്‍ വിതരണം ചെയ്യുന്നത് ലോക രാജ്യങ്ങള്‍ അവസാനിപ്പിക്കണമെന്ന ആവശ്യവും പ്രമേയം മുന്നോട്ടുവെക്കുന്നു. ഫലസ്തീനില്‍ ഇസ്‌റാഈല്‍ തുടരാന്‍ കാരണക്കാരാവുന്നവര്‍ക്കു മേല്‍ ഉപരോധം ഏര്‍പെടുത്തണമെന്നും ആവശ്യമുണ്ട്.
ഒക്ടോബര്‍ ഏഴിന് ശേഷം ഇസ്‌റാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ പല പ്രമേയങ്ങള്‍ യു.എന്‍ പാസാക്കിയിരുന്നെങ്കിലും ഈ പുതിയ പ്രമേയം വളരെ സുപ്രധാനമായ ഒന്നാണ്. യു.എന്നിലെ ഏറ്റവു പ്രധാനപ്പെട്ട രാജ്യങ്ങളെല്ലാം ഫലസ്തീനെ പിന്തുണച്ചു എന്നതാണ് അതില്‍ ശ്രദ്ധേയം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."