ആര്‍.എസ്.എസുമായി രഹസ്യചര്‍ച്ച നടത്തുന്ന എ.ഡി.ജി.പി ഇടതുപക്ഷത്തിനും ഭരണത്തിനും കളങ്കം, മാറ്റിനിര്‍ത്തണമെന്ന് സി.പി.ഐ
തിരുവനന്തപുരം: എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിനെതിരേ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ. ഒരു ഫാസിസ്റ്റ് സംഘടനയുടെ ഭാരവാഹികളുമായി രഹസ്യ ചര്‍ച്ചകള്‍ നടത്തുന്ന പൊലീസ് മേധാവി ഇടതുപക്ഷ രാഷ്ട്രീയ ധാരണകള്‍ക്കും ഭരണസംവിധാനത്തിനും കളങ്കമാണെന്നും എ.ഡി.ജി.പിയെ മാറ്റിനിര്‍ത്തണമെന്നും സി.പി.ഐ. ദേശീയ എക്‌സിക്യുട്ടീവ് അംഗം അഡ്വ.കെ.പ്രകാശ്ബാബു ആവശ്യപ്പെട്ടു. പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
''ഒരു ജനകീയ സര്‍ക്കാരിന്റെ ജനപക്ഷ നിലപാട് ബോധ്യപ്പെടാത്ത ഉദ്യോഗസ്ഥന്‍ സര്‍ക്കാരിനെ പലപ്പോഴും പ്രതിസന്ധിയില്‍ കൊണ്ടുചെന്നെത്തിക്കും. അത്തരമൊരവസ്ഥയാണ് കേരളത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ആര്‍എസ്എസ് നേതാക്കളുമായുള്ള സന്ദര്‍ശനം വരുത്തിവച്ചിരിക്കുന്നത്.
വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകാതിരിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വര്‍ഗീയ സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്താറുണ്ട്. പക്ഷെ ആര്‍എസ്എസ് എന്ന ഹൈന്ദവ തീവ്രവാദ സംഘടനയുടെ രണ്ടു ദേശീയ നേതാക്കളെ തികച്ചും മെച്ചപ്പെട്ട ക്രമസമാധാനം നിലനില്‍ക്കുന്ന കേരളത്തില്‍ പ്രത്യേകിച്ച് വര്‍ഗീയ സംഘര്‍ഷങ്ങളൊന്നും ഇല്ലാത്ത ഒരു സന്ദര്‍ഭത്തില്‍ സംസ്ഥാനത്തെ ഉന്നത പൊലീസുദ്യോഗസ്ഥന്‍ എന്തിനാണ് രഹസ്യമായി സന്ദര്‍ശിച്ചത് എന്നറിയാന്‍ ഏവര്‍ക്കും താല്പര്യമുണ്ട്. ഔദ്യോഗികമോ വ്യക്തിപരമോ ആയ എന്താവശ്യത്തിനാണ് അവരെ താന്‍ സന്ദര്‍ശിച്ചതെന്ന് പറയാനുള്ള ബാധ്യത ആ ഉദ്യോഗസ്ഥനുണ്ട്. കുറഞ്ഞപക്ഷം പൊലീസ് മേധാവിയെയോ ആഭ്യന്തര വകുപ്പിനെയോ രേഖാമൂലമെങ്കിലും അറിയിക്കേണ്ടതാണ്. അതിന് ഉദ്യോഗസ്ഥന്‍ തയ്യാറാകുന്നില്ലെങ്കില്‍ നിലവിലെ ചുമതലയില്‍ നിന്നും മാറ്റിനിര്‍ത്തണം.''- ലേഖനത്തില്‍ പ്രകാശ് ബാബു അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."